മേപ്പാടിയില്‍ മിഠായി കഴിച്ചതിന് പിന്നാലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
Kerala News
മേപ്പാടിയില്‍ മിഠായി കഴിച്ചതിന് പിന്നാലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 31st December 2024, 11:00 am

മേപ്പാടി: വയനാട്ടില്‍ മിഠായി കഴിച്ചതിന് പിന്നാലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. മേപ്പാടി മദ്രസയില്‍ നിന്ന് മിഠായി കഴിച്ച കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 16 വിദ്യാര്‍ത്ഥികളെ സമീപത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

മിഠായി കഴിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് വയറുവേദന ഉണ്ടാകുകയായിരുന്നു. പിറന്നാള്‍ ദിനത്തില്‍ മദ്രസയുടെ അടുത്തുള്ള ഒരു ബേക്കറിയില്‍ നിന്ന് വിദ്യാര്‍ത്ഥി വാങ്ങി നല്‍കിയ മിഠായി കഴിച്ചതിന് പിന്നാലെയാണ് കുട്ടികളില്‍ വയറുവേദന ഉണ്ടായത്.

ഒരു വിദ്യാര്‍ത്ഥിയെ മേപ്പാടി വിംസിലേക്ക് മാറ്റിയിട്ടുണ്ട്. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാലാണ് കുട്ടിയെ വിംസിലേക്ക് മാറ്റിയത്. മിഠായി കഴിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.

ബേക്കറിയില്‍ ആരോഗ്യവിഭാഗം പരിശോധന നടത്തുന്നുണ്ട്. 16 കുട്ടികളില്‍ പത്തില്‍ താഴെ കുട്ടികള്‍ക്ക് മാത്രമേ വയറുവേദന ഉള്ളുവെന്നും മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Content Highlight: School students get food poisoning after eating sweets in Meppadi