| Wednesday, 6th October 2021, 10:40 am

കുട്ടികളെ ബാച്ചുകളായി തിരിക്കും, ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല; സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ പൊതുവിദ്യാഭ്യാസ-ആരോഗ്യ വകുപ്പ് മന്ത്രിമാര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറി. അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും പാലിക്കേണ്ട മാനദണ്ഡങ്ങളുടെ സംക്ഷിപ്ത രൂപമാണ് മാര്‍ഗരേഖ.

സ്‌കൂളുകള്‍ വൃത്തിയാക്കുന്നതിനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമായി സ്‌കൂളുകള്‍ സജ്ജമാക്കുന്നത് സംബന്ധിച്ചും വിവിധ തലങ്ങളില്‍ ചേരേണ്ട യോഗങ്ങളുടെയും ആസൂത്രണ പ്രവര്‍ത്തനങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ചും മാര്‍ഗരേഖയില്‍ വിശദമാക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ ക്ളാസുകള്‍ രാവിലെ ക്രമീകരിക്കുന്നതാണ്. കുട്ടികളുടെ എണ്ണം ക്രമീകരിച്ച് നിയന്ത്രിക്കുന്നതിനായി ഓരോ ക്ലാസിലെയും കുട്ടികളെ ബാച്ചുകളായി തിരിക്കുന്നതാണ്. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളില്‍ ഇത്തരം ബാച്ച് ക്രമീകരണം നിര്‍ബന്ധമല്ല.

ഭിന്നശേഷിക്കാരായ കുട്ടികള്‍ ആദ്യഘട്ടത്തില്‍ വരേണ്ടതില്ല എന്നതാണ് തീരുമാനം. എല്ലാ അധ്യാപകരും അനധ്യാപകരും ജീവനക്കാരും രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ എടുത്തിരിക്കണം. സ്‌കൂള്‍തല ഹെല്‍പ്പ്ലൈന്‍ ഏര്‍പ്പെടുത്തും.

അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിശദമായ മാര്‍ഗരേഖ പിന്നീട് ഇറക്കും. സ്‌കൂള്‍ തലത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം, പി.ടി.എ. യോഗം, ജനപ്രതിനിധികളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും യോഗം, വിദ്യാഭ്യാസ ജില്ല, ഉപജില്ലാ, പഞ്ചായത്ത് തലങ്ങളില്‍ മുന്നൊരുക്ക യോഗങ്ങള്‍ എന്നിവ ചേരും. ജില്ലാതലത്തില്‍ ജില്ലാ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റേയും നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ച് യോഗങ്ങള്‍ നടത്തും.

ക്ലാസുകള്‍ക്ക് നല്‍കുന്ന ഇന്റര്‍വെല്‍, സ്‌കൂള്‍ ആരംഭിക്കുന്ന സമയം, സ്‌കൂള്‍ വിടുന്ന സമയം, എന്നിവയില്‍ വ്യത്യാസങ്ങള്‍ വരുത്തി കൂട്ടം ചേരല്‍ ഒഴിവാക്കുന്നതാണ്. പ്രവൃത്തിദിനങ്ങളില്‍ എല്ലാ അധ്യാപകരും സ്‌കൂളില്‍ ഹാജരാകേണ്ടതാണ്.

സ്‌കൂളില്‍ നേരിട്ട് എത്തിച്ചേരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് നിലവിലുള്ള ഡിജിറ്റല്‍ പഠനരീതി തുടരുന്നതാണ്. സ്‌കൂളുകളില്‍ രോഗലക്ഷണ പരിശോധന രജിസ്റ്റര്‍ സൂക്ഷിക്കുകയും രോഗലക്ഷണമുള്ളവര്‍ക്ക് സിക്ക് റൂമുകള്‍ ഒരുക്കുകയും ചെയ്യും.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more