| Monday, 20th September 2021, 3:28 pm

ഉചിതമായ തീരുമാനം സര്‍ക്കാരുകള്‍ക്കെടുക്കാം; സ്‌കൂള്‍ തുറക്കലില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് പശ്ചാത്തലത്തില്‍ ഒന്നര വര്‍ഷമായി അടച്ചിട്ടിരിക്കുന്ന സ്‌കൂളുകളില്‍ അധ്യയനം പുനരാരംഭിക്കുന്നതില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഢും ബി.വി. നാഗരത്‌നയും അടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം.

സ്‌കൂള്‍ തുറക്കാനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്നാണ് കോടതി പറഞ്ഞത്.

‘എല്ലാ കുട്ടികളും സ്‌കൂളില്‍ പോകണമെന്ന് കോടതിയ്ക്ക് എങ്ങനെ പറയാനാകും? ഉചിതമായ തീരുമാനം സര്‍ക്കാരുകള്‍ എടുക്കട്ടെ,’ കോടതി പറഞ്ഞു.

സ്‌കൂള്‍ തുറക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സ്‌കൂള്‍ തുറക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്.

എന്നാല്‍ മതിയായ ഡാറ്റകളും വിവരശേഖരണവും നടത്താതെ പൊതുതാല്‍പര്യ ഹരജിയുമായി വരരുതെന്നും പഠനത്തില്‍ ശ്രദ്ധിക്കണമെന്നും കോടതി വിദ്യാര്‍ത്ഥികളോട് നിര്‍ദേശിച്ചു.

‘കൊവിഡ് -19 സംബന്ധിച്ച് പല സംസ്ഥാനങ്ങളിലും പല സാഹചര്യമാണ്. സംസ്ഥാനത്തിന്റെ വലുപ്പം മുതല്‍ ജനസാന്ദ്രത വരെയുള്ള ഘടകങ്ങള്‍ അനുസരിച്ച് സ്ഥിതി വ്യത്യാസപ്പെടാം. കേസുകള്‍ വര്‍ധിക്കുന്ന പ്രദേശങ്ങള്‍ നിരീക്ഷിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനുമാണ് ഓരോ സംസ്ഥാനത്തിന്റെയും തീരുമാനം. ആത്യന്തികമായി, തീരുമാനം സര്‍ക്കാരുകള്‍ക്ക് വിടുകയാണ് ഉചിതം, ഞങ്ങള്‍ക്ക് ഭരണം ഏറ്റെടുക്കാന്‍ കഴിയില്ല,’ കോടതി പറഞ്ഞു.

കുട്ടികളുടെ കാര്യത്തില്‍ തീരുമാനം എടുക്കുമ്പോള്‍ ജാഗ്രത വേണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ സ്‌കൂള്‍ തുറക്കലിനുള്ള ഒരുക്കത്തിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: School Re-Open Supreme Court

We use cookies to give you the best possible experience. Learn more