കോളേജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ പുറത്താക്കി
കോഴിക്കോട്: കോളേജ് ഹോസ്റ്റലിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം ചോദ്യം ചെയ്ത വിദ്യാര്‍ഥിനിയെ ഹോസ്റ്റലില്‍ നിന്നു പുറത്താക്കി. ചേളന്നൂര്‍ എസ്.എന്‍ കോളജ് രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥി ഫഹീമ ഷിറിനെയാണ് പുറത്താക്കിയത്. ഇതിനെതിരെ ഫഹീമ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു.
‘പ്രിന്‍സിപ്പല്‍ ഇന്നലെ വിളിച്ചാണ് ഹോസ്റ്റലില്‍ നിന്നും ഒഴിയാന്‍ ആവശ്യപ്പെട്ടത്, ഞാന്‍ ഒഴിഞ്ഞു’- ഫഹീമ പറയുന്നു.
വൈകിട്ട് ആറ് മണി മുതല്‍ രാത്രി പത്ത് വരെ ഹോസ്റ്റലില്‍ മൊബൈല്‍ ഉപയോഗിക്കരുതെന്നാണ് ചേളന്നൂര്‍ എസ്.എന്‍ കോളേജ് മാനേജ്മെന്റ് തീരുമാനം.
എന്നാല്‍ പഠനത്തിന് ഇന്റര്‍നെറ്റ് ഉപയോഗം അനിവാര്യമാണെന്നും സുരക്ഷയുടെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഉപയോഗിക്കാമെന്ന യു.ജി.സി നിര്‍ദേശവും ഫഹീമ ചൂണ്ടിക്കാണിച്ചിരുന്നു.
‘യൂണിവേഴ്സിറ്റി പോലും നോട്ട്സ് പി.ഡി.എഫ് ആയി തരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ടെക്സ്റ്റ് ബുക്കില്‍ ക്യു.ആര്‍ കോഡ് വച്ച് പഠിക്കുന്ന രീതിയുണ്ട്. അത്തരം സംവിധാനം നിലനില്‍ക്കുന്ന കാലത്ത് 18 വയസുകഴിഞ്ഞ വിദ്യാര്‍ഥികളോട് ഇത്തരം നിയന്ത്രണങ്ങള്‍ ശരിയല്ലെന്നും ഫഹീമ പറഞ്ഞു.
‘പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മാത്രമാണ് ഇത്തരം നിയമങ്ങളുള്ളത്. സ്പോര്‍ട്സ് ക്വാട്ടയില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഹോസ്റ്റല്‍ ഉണ്ട്. എന്നാല്‍ അവിടെയും പെണ്‍കുട്ടികള്‍ക്ക് മാത്രമാണ് നിയന്ത്രണങ്ങള്‍. ഈ വിവേചനം അനീതിയാണ് എന്ന് തോന്നിയതുകൊണ്ടാണ് ഇതിനെതിരെ പ്രതികരിക്കാന്‍ തീരുമാനിച്ചത്’- ഫഹീമ പറയുന്നു.
അധ്യാപകരുടെ ഭാഗത്തു നിന്ന് പ്രത്യേകിച്ച് പ്രശ്നം ഒന്നും ഇല്ലെന്നും പ്രിന്‍സിപ്പല്‍ ഡിപ്പാര്‍ട്ട്മെന്റില്‍ കയറി എന്റെ അറ്റന്‍ഡന്‍സും ഇന്റേണല്‍ മാര്‍ക്കും ചോദിച്ചിട്ടുണ്ടെന്നാണ് അറിഞ്ഞതെന്നും ഫഹീമ പറഞ്ഞു.