ഫലസ്തീൻ അനുകൂല നിലപാടിൽ മുംബൈയിൽ സ്കൂൾ പ്രിൻസിപ്പലിനെ പുറത്താക്കി അധികൃതർ
India
ഫലസ്തീൻ അനുകൂല നിലപാടിൽ മുംബൈയിൽ സ്കൂൾ പ്രിൻസിപ്പലിനെ പുറത്താക്കി അധികൃതർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd May 2024, 6:06 pm

മുംബൈ: മഹാരാഷ്ട്രയിൽ ഫലസ്തീൻ അനുകൂല നിലപാട് സ്വീകരിച്ചതിൽ പ്രധാന അധ്യാപികയെ പിരിച്ചുവിട്ടതായി പരാതി. മുംബൈയിലെ സൊമയ്യ സ്കൂൾ അധികൃതരാണ് പറവിൻ ശൈഖ്നെ പിരിച്ചുവിട്ടത്. എക്‌സിലൂടെ ഇവർ ഫലസ്തീനിൽ ഇസ്രഈൽ നടത്തുന്ന അധിനിവേശത്തെ ചൂണ്ടിക്കാട്ടി പോസ്റ്റുകൾ ഷെയർ ചെയ്തിനു പിന്നാലെയാണ് നടപടി.

’12 വർഷമായി ഞാൻ ഈ സ്ഥാപനത്തിന് വേണ്ടി പ്രവർത്തിക്കുന്നു കഴിഞ്ഞ ഏഴ് വർഷമായി പ്രധാനാധ്യാപികയായിരുന്നു. എന്റെ നൂറു ശതമാനവും ഈ വിദ്യാലയത്തിന് നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ ഒരിക്കലും രാജിവെക്കില്ല’ പറവിൻ ശൈഖ്‌ വ്യക്തമാക്കി.
ഫലസ്തീനെ അനുകൂലിച്ചുള്ള പറവീനിന്റെ പോസ്റ്റും അതിൽ വന്ന കമന്റുകളും സംഘപരിവാർ അനുകൂല മാധ്യമമായ ഓപ് ഇന്ത്യ വിവാദമാക്കിയിരുന്നു.

ഏപ്രിൽ 26 ന് ഒരു യോഗം നടക്കുകയും അതിൽ അധികൃതർ തന്നോട് രാജി വെക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നും പറവിൻ പറഞ്ഞു. എന്നാൽ താൻ പിന്നീടുള്ള ദിവസങ്ങളിലും സ്കൂളിൽ പോയിരുന്നെന്നും പക്ഷെ അധികൃതരുടെ പെരുമാറ്റം അസ്സഹനീയമായിരുന്നു എന്നും പറവിൻ വ്യക്തമാക്കി.

‘ഞാൻ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ് ജീവിക്കുന്നത്, സംസാര സ്വാതന്ത്ര്യം എന്നത് മൗലികാവകാശമാണ്. എന്നിട്ടും ഞാൻ ഇത് നേരിടേണ്ടി വരുന്നത് പരിതാപകരമാണെന്ന്,’ പറവിൻ പറഞ്ഞു.

താൻ പങ്കുവെച്ച പോസ്റ്റും അതിലെ കമന്റുകളും വെബ് പോർട്ടലിൽ അറിഞ്ഞിരുന്നില്ല എന്നും ഒരു സാധാരണ സ്കൂൾ പ്രിൻസിപ്പലിന്റെ പോസ്റ്റിനോടുള്ള അവരുടെ താത്പര്യം എന്താണെന്ന് തനിക്ക് മനസിലാക്കാനാവുന്നില്ലെന്ന് അവർ പ്രതികരിച്ചു.
അതോടൊപ്പം വിദ്യാലയത്തിന് പ്രത്യേക നിയമങ്ങൾ ഒന്നും തന്നെ ഇല്ലെന്നും ഇഷ്ടാനുസരണം നമ്മുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നും പറവിൻ പറഞ്ഞു.

എന്നാൽ പറവീനിനോട് രാജിവെക്കാൻ തങ്ങൾ ആവശ്യപ്പട്ടില്ലെന്നും അവർ പ്രതികരിച്ചപ്പോളാണ് തങ്ങൾ ഈ വിവരം അറിഞ്ഞത്‌ എന്നുള്ള വാദവുമായി സൊമയ്യ ട്രസ്റ്റ് രംഗത്തെത്തി.
എന്നാൽ സ്കൂളിലെ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പറവീനു ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ട് വന്നിട്ടുമുണ്ട്.

Content Highlight: school principal told to quit over her post on Israel Palestine conflict