കോഴിക്കോട്: ജില്ലയില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ 12 വരെ നീട്ടി. നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിനുശേഷം ജില്ലാ കളക്ടര്‍ യു.വി ജോസാണ് ഇക്കാര്യം അറിയിച്ചത്.
പൊതുപരിപാടികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. പി.എസ്.സി വിദ്യാഭ്യാസ വകുപ്പിലെ വിവിധ തസ്തികളില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂകളും മാറ്റിവെച്ചു. മലപ്പുറം ജില്ല വിദ്യാഭ്യാസ വകുപ്പിലെ എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് തസ്തിക ഉള്‍പ്പെടെ എല്ലാ തസ്തികകളിലേക്കുള്ള ഇന്റര്‍വ്യൂവാണ് ജൂലൈ മാസത്തിലേക്ക് മാറ്റിയത്.
ഈ മാസം 6,7,8,10,12,13 തിയതികളിലായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂവാണ് മാറ്റിയത്. ജൂണ്‍ ആറ്, ഏഴ്, എട്ട് തീയതികളിലായി കോഴിക്കോട് മേഖല ഓഫീസില്‍ നടത്താനിരുന്ന ലീഗല്‍ മെട്രോളജി വകുപ്പിലെ ഇന്‍സ്പെക്ടര്‍ തസ്തികയുടെ ഇന്റര്‍വ്യൂവും ജൂലൈ മാസത്തിലേക്ക് മാറ്റി.
ഈ തീയതികളില്‍ കോഴിക്കോട് ജില്ലാ ഓഫീസിലും ജൂണ്‍ 12, 13 തീയതികളില്‍ കോഴിക്കോട് മേഖല ഓഫീസിലും നടത്താനിരുന്ന കാസര്‍ഗോഡ് ജില്ലാ എല്‍.പി. സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികയുടെ ഇന്റര്‍വ്യൂ അതേ തീയതികളില്‍ കാസര്‍ഗോഡ് ജില്ലാ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ഓഫീസില്‍ വെച്ച് നടത്തും.
അതേസമയം മലപ്പുറത്തും കോഴിക്കോട്ടും ജനങ്ങള്‍ ജാഗ്രത പാലിക്കുന്നത് തുടരണമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണ്. കാര്യങ്ങള്‍ വിലയിരുത്താന്‍ മറ്റന്നാള്‍ തിരുവനന്തപുരത്ത് സര്‍വ്വകക്ഷിയോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിപാ വൈറസ് കൂടുതല്‍ ആളുകളിലേക്ക് പടരുന്നത് തടയാന്‍ സാധിച്ചിട്ടുണ്ടെന്നും ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ഇതുവരെ പരിശോധന നടത്തിയതില്‍ 18 പോസിറ്റീവ് കേസാണ് ഉള്ളത്. ഇതില്‍ 16 പേര്‍ മരണപ്പെട്ടിട്ടുണ്ട്. രണ്ടുപേര്‍ സുഖം പ്രാപിച്ചുവരുന്നതായും ആരോഗ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം, നിപാ വൈറസ് പ്രതിരോധിക്കാന്‍ കഴിയുമെന്ന് കരുതുന്ന മരുന്ന് ഓസ്ട്രേലിയയില്‍ നിന്നെത്തിച്ചിട്ടുണ്ട്. രാവിലെ നെടുമ്പാശ്ശേരിയിലാണ് മരുന്ന് എത്തിയത്. മരുന്ന് ആര്‍ക്കൊക്കെ നല്കണമെന്ന് മറ്റന്നാള്‍ എത്തുന്ന ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനിക്കുമെന്ന് ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ അറിയിച്ചു.
WATCH THIS VIDEO: