തൃശൂര്‍: സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥി നല്‍കിയ പീഡന പരാതിയില്‍ അധ്യാപകനായ ഡോ. സുനില്‍ കുമാര്‍ അറസ്റ്റില്‍. കണ്ണൂരില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം സുനില്‍ കുമാറിനെ സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പഠിപ്പ് മുടക്കല്‍ സമരവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തത്.
ക്യാമ്പസിലെ രണ്ട് അധ്യാപകര്‍ക്കെതിരെയാണ് പെണ്‍കുട്ടി ആരോപണമുന്നയിച്ചത്. കേരള സര്‍വകലാശാലയില്‍ നിന്ന് വിസിറ്റിങ് പ്രഫ. ആയി വന്ന അധ്യാപകന്‍ ഓറിയന്റേഷന്‍ ക്ലാസിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിരുന്നു.
ഈ വിവരം കോളേജ് ഡീനിനെയും വകുപ്പ് മേധാവിയെയും അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ല. ഇതിന് പിന്നാലെ പെണ്‍കുട്ടിക്ക് പിന്തുണയുമായി സ്‌കൂള്‍ ഓഫ് ഡ്രാമയിലെ ഡീന്‍ സുനില്‍കുമാറെത്തി.
എന്നാല്‍ ഇയാള്‍ സൗഹൃദം മുതലെടുത്ത് തന്നെ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. മാനസിക സമ്മര്‍ദ്ദം സഹിക്കാനാവാതെ ഫെബ്രുവരി 13 ന് പെണ്‍കുട്ടി ജീവനൊടുക്കാനും ശ്രമിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് വിഷയം മറ്റുള്ളവര്‍ അറിയുന്നതും പെണ്‍കുട്ടിക്ക് നീതി നേടി സമരമുഖത്തിറങ്ങുന്നതും. സമരത്തിന്റെ ഭാഗമായി അധ്യാപകരെ സമരക്കാര്‍ കഴിഞ്ഞ ദിവസം കോളേജിനുള്ളില്‍ പൂട്ടിയിട്ടിരുന്നു.
വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു തൃശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ വിദ്യാര്‍ത്ഥികള്‍ അധ്യാപകരെ കോളേജിനുള്ളില്‍ പൂട്ടിയിട്ട് സമരം നടത്തിയത്.