കൊച്ചി: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി. ജില്ലയില്‍ ചൊവ്വാഴ്ച അതിതീവ്ര മഴയ്ക്കുള്ള സാധ്യത മുന്നില്‍കണ്ട് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും ശക്തമായ മഴയ്ക്കുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നു കണ്ടാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.സ്.ഇ തുടങ്ങിയ എല്ലാ സിലബസുകളിലുമുള്ള സ്കൂളുകള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും.
പരീക്ഷകള്‍ സംബന്ധിച്ച് സര്‍വകലാശാലകളും പി.എസ്.സിയും അടക്കം പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ളവരുടെ അറിയിപ്പുകളാണ് പാലിക്കേണ്ടതെന്നും കലക്ടര്‍ അറിയിച്ചുണ്ട്.
അവധി ആഘോഷമാക്കാന്‍ കുളത്തിലേക്കും, പുഴയിലേക്കും കുട്ടികള്‍ പോകാതിരിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
IMD നല്കുന്ന അറിയിപ്പുകള് അനുസരിച്ചുള്ള മുന്‍കരുതല്‍ നടപടിമാത്രമാണ് അവധി. നിലവില്‍ പരിഭ്രാന്തരാകേണ്ട യാതൊരു സാഹചര്യവുമില്ല. മുന്നൊരുക്കങ്ങള്‍ ജനങ്ങളുടെ സുരക്ഷക്കുവേണ്ടിയാണെന്നും അദ്ദേഹം അറിയിച്ചു.