ബെഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ സ്‌കൂളില്‍ നാടകം അവതരിപ്പിച്ച വിദ്യാര്‍ത്ഥികളെ കര്‍ണാടക പൊലീസ് ചോദ്യം ചെയ്യാനെത്തിയത് മൂന്നുതവണ. സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്കും ഒരു വിദ്യാര്‍ത്ഥിയുടെ മാതാവിനുമെതിരെ പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.
സ്‌കൂള്‍ മാനേജ്‌മെന്റിലെ അഞ്ചുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒമ്പതിനും പന്ത്രണ്ടിനുമിടയില്‍ പ്രായമുള്ള കുട്ടികളെയാണ് പൊലീസുകാര്‍ വിവിധ സമയങ്ങളിലായി ചോദ്യം ചെയ്തതെന്ന് സ്‌കൂളിന്റെ ചുമതലയുള്ള തൗസീഫ് മടിക്കേരി ദ ന്യൂസ് മിനുട്ടിനോട് പറഞ്ഞു. ‘ഡി.വൈ.എസ്.പി ബസവേശ്വര ഹീരയും മറ്റ് രണ്ട് പൊലീസുകാരും കൂടിയാണ് കുട്ടികളെ ചോദ്യം ചെയ്തത്. 12 മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ നാലുമണിയോടെ മാത്രമാണ് അവര്‍ അവസാനിപ്പിച്ചത്’ തൗസീഫ് മടിക്കേരി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസ്താവനകള്‍ നടത്താന്‍ സ്‌കൂളില്‍നിന്നും പഠിപ്പിക്കുന്നുണ്ടോ, സി.എ.എ, എന്‍.ആര്‍.സി വിഷയങ്ങളില്‍ തെറ്റായ വിവരങ്ങളാണോ സ്‌കൂള്‍ നല്‍കാറുള്ളത് എന്നതടക്കമുള്ള ചോദ്യങ്ങളാണ് പൊലീസുകാര്‍ വിദ്യാര്‍ത്ഥികളോട് ചോദിച്ചതെന്നും തൗസീഫ് ന്യൂസ് മിനുട്ടിനോട് പറഞ്ഞു.
എ.ബി.വി.പി പ്രവര്‍ത്തകന്‍ നിലേഷ് രക്ഷാലയുടെ പരാതിയിന്‍മേലാണ് പൊലീസ് സ്‌കൂളിനെതിരെ ജനുവരി 26ന് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ജനുവരി 30ന് പൊലീസ് പ്രധാനാധ്യാപികയെയും വിദ്യാര്‍ത്ഥിയുടെ മാതാവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രധാനാധ്യാപിക ഫരീദാ ബീഗം വിദ്യാര്‍ത്ഥിയുടെ ഉമ്മ നജമുന്നീസ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കുറ്റപത്രം തയ്യാരാക്കിയിരിക്കുന്നത്. ഇതിന്റെ കൂടെ മനപ്പൂര്‍വ്വമായ അപമാനിക്കല്‍, മനപ്പൂര്‍വ്വം സമാധാനം നശിപ്പിക്കാന്‍ ശ്രമിക്കല്‍, വിരോധമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
അറസ്റ്റിലായവരെ എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി ജയിലിലെത്തി സന്ദര്‍ശിച്ചിരുന്നു. ഫരീദാ ബീഗത്തിനും നജമുന്നീസയ്ക്കും എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് ഒവൈസി പറഞ്ഞു. ഇരുവരേയും അറസ്റ്റ് ചെയ്ത നടപടി അപലപനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ