| Sunday, 28th April 2019, 5:50 pm

പാവാട ധരിച്ച് ആൺകുട്ടികളുടെ പ്രതിഷേധം: ഷോർട്ട്സ് ധരിക്കാൻ അനുവദിച്ച് ഇംഗ്ലണ്ടിലെ സ്കൂൾ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡെവോൺ: തങ്ങളെ ഷോർട്ട്സ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാവാട ധരിച്ച് പ്രകടനം നടത്തിയ വിദ്യാർത്ഥികളെ അതിനനുവദിച്ച് ഇംഗ്ലണ്ടിലെ സ്കൂൾ. ഇംഗ്ലണ്ടിലെ ഗ്രേറ്റ് ടോറിങ്ടൻ സ്കൂളാണ് ഇത്തരത്തിൽ സ്കൂളിലെ ആൺകുട്ടികൾ നടത്തിയ രസകരമായ സമരത്തെ അംഗീകരിച്ചുകൊണ്ട് അവർക്ക് വേണ്ട സൗകര്യങ്ങൾ അനുവദിച്ചത്. ഡെവോണിലെ കടുത്ത ചൂട് മൂലമാണ് സ്കൂളിനെ തങ്ങളുടെ ബുദ്ധിമുട്ടിനെക്കുറിച്ച് ബോധ്യപ്പെടുത്താൻ കുട്ടികൾ ഇങ്ങനെ ഒരു മാർഗം സ്വീകരിച്ചത്.

സ്കൂളിലെ വേനൽക്കാല ക്ലാസ്സുകളിൽ ഇനി മുതൽ ഷോർട്ട്സും ധരിക്കാവുന്നതാണെന്ന് സ്കൂൾ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അറിയിച്ചിട്ടുണ്ട്. ‘ഒരു മികച്ച വേനൽക്കാലത്തേക്കായുള്ള പ്രതീക്ഷ ഇതാ’ എന്നാണ് ടോറിങ്ടോൺ സ്കൂൾ തങ്ങളുടെ സൈറ്റിൽ കുറിച്ചിരിക്കുന്നത്. ആൺകുട്ടികളുടെ ചെയ്‌തിക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് സ്കൂളിലെ പെൺകുട്ടികൾ ട്രൗസറുകൾ ധരിച്ച് സ്കൂളിൽ എത്തിയിരുന്നു.

‘ഞങ്ങളോട് സഹകരിച്ചതിനു സ്കൂളിനോടുള്ള നന്ദി അറിയിക്കട്ടെ. കുട്ടികൾക്ക് പറയാനുള്ളത് കേൾക്കാൻ തയാറായതിനും അവരുടെ അഭിപ്രായങ്ങൾ സ്വീകരിക്കാൻ തയാറായതിനും നന്ദി.’ കുട്ടികളുടെ ഈ ആവശ്യവുമായി ബന്ധപ്പെട്ട് 600ഓളം പേരുടെ ഒപ്പുകൾ ശേഖരിച്ച സ്കൂളിലെ വിദ്യാർത്ഥിയായ പ്രചാരണ പ്രവർത്തകൻ ബ്രാഡ്‌ലി സ്മാർട്ട് പറഞ്ഞു.

എന്നാൽ ഈ കാരണം കൊണ്ട് കൃത്യമായി യൂണിഫോം ധരിക്കാതെ സ്കൂളിൽ വരാമെന്ന് ആരെങ്കിലും വിചാരിച്ചാൽ അതിനു അനുവദിക്കുന്നതെല്ലെന്നും ഗ്രേറ്റ് റ്റോറിങ്ടൻ സ്കൂൾ അറിയിച്ചിട്ടുണ്ട്. ഇങ്ങനെ ഷോർട്ട്സ് ധരിച്ച് സ്കൂളിൽ എത്തുന്ന കുട്ടികൾ കൃത്യമായി കറുപ്പ്, അല്ലെങ്കിൽ ചാര നിറത്തിലുള്ള സോക്സുകൾ ധരിക്കേണ്ടതാണെന്നും സ്കൂൾ വെബ്സൈറ്റിലൂടെ നിഷ്കർഷിക്കുന്നു.

We use cookies to give you the best possible experience. Learn more