| Monday, 24th July 2023, 9:01 pm

ചൊവ്വാഴ്ച മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കനത്ത മഴ തുടരുന്നതിനാല്‍ മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യപിച്ചു. ഏറ്റവുമൊടുവില്‍ കോഴിക്കോട് ജില്ലയിലാണ് ജില്ലാ കളക്ടര്‍ അവധി നല്‍കിയത്.

ജില്ലയില്‍ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റും നദീതീരങ്ങളില്‍ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യവും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും നാളെയും അവധിയാണ്.

നേരത്തെ വയനാട്, കണ്ണൂര്‍ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ അവധി പ്രഖ്യപിച്ചിരുന്നു. അതേസമയം മൂന്ന് ജില്ലകളിലും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമാകില്ല.

വയനാട് ജില്ലയില്‍ അംഗന്‍വാടികള്‍ക്കും നാളെ അവധിയാണ്. അവധി ദിവസങ്ങളില്‍ കുട്ടികള്‍ വെള്ളക്കെട്ടുകളും ജലാശയങ്ങളും കാണാന്‍ പോകുന്നത് നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് വയനാട് ജില്ലാ കളക്ടര്‍ രേണുരാജ് പറഞ്ഞു.

അവധി മൂലം നഷ്ടപ്പെട്ട പഠന സമയം ക്രമീകരിക്കുന്നതിന് ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും വിദ്യാര്‍ത്ഥികളെ മഴക്കെടുതിയില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും കണ്ണൂര്‍ ജില്ലാ കളക്ടര്‍ പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നിലവില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല.

Content Highlights: school holidays in 3 districts, calicut collector announce

Latest Stories

We use cookies to give you the best possible experience. Learn more