തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് ചൊവ്വാഴ്ച നാല് ജില്ലകളില്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. ഏറ്റവുമൊടുവില്‍ മലപ്പുറം ജില്ലയിലാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പകലും ശക്തമായ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് അവധി നല്‍കുന്നതെന്ന് കളക്ടര്‍ അറിയിച്ചു.
മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. അങ്കണവാടികള്‍ , ട്യൂഷന്‍ സെന്ററുകള്‍, മദ്രസകള്‍ എന്നിവക്കും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. പി.എസ്.സി, യൂണിവേഴ്‌സിറ്റി പരീക്ഷകള്‍, കൂടിക്കാഴ്ചകള്‍ മുന്‍നിശ്ചയ പ്രകാരം നടക്കും. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് അതത് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണെന്നും കളക്ടര്‍ അറിയിച്ചു.
നേരത്തെ വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ അവധി പ്രഖ്യപിച്ചിരുന്നു. നാല്് ജില്ലകളിലും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പി.എസ്.സി പരീക്ഷകള്‍ക്കും അവധി ബാധകമാകില്ല.
കോഴിക്കോട് ജില്ലയില്‍ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റും നദീതീരങ്ങളില്‍ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യവും നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ക്കും നാളെയും അവധിയാണ്.
വയനാട് ജില്ലയില്‍ അംഗന്‍വാടികള്‍ക്കും നാളെ അവധിയാണ്. അവധി ദിവസങ്ങളില്‍ കുട്ടികള്‍ വെള്ളക്കെട്ടുകളും ജലാശയങ്ങളും കാണാന്‍ പോകുന്നത് നിയന്ത്രിക്കാന്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് വയനാട് ജില്ലാ കളക്ടര്‍ രേണുരാജ് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കണ്ണൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.