തിരുവനന്തപുരം: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് വ്യാഴാഴ്ച അവധി നല്‍കി. ആലപ്പുഴ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ എല്‍.പി-യു.പി വിഭാഗങ്ങള്‍ക്ക് മാത്രമാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
ആലപ്പുഴ ജില്ലയിലെ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നിടത്ത് ഹെസ്‌കൂള്‍ മുതലുള്ള ക്ലാസുകള്‍ നടത്തുന്നതിന് ക്രമീകരണം ഏര്‍പ്പെടുക്കാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ നിലവില്‍ 44 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.
കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും പത്തനംതിട്ട ജില്ലയിലെ സ്‌കൂളുകള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍ ദിവ്യ എസ്. അയ്യരാണ് പത്തനംതിട്ടയിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
വ്യാഴാഴ്ച സംസ്ഥാനത്തെ ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിലും കണ്ണൂരിലും കാസര്‍ഗോഡും മറ്റന്നാളും മഴ മുന്നറിയിപ്പുണ്ട്.
അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിലാണ് ഈ മാസം 14 വരെ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.