ആലപ്പുഴ: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ദീപ നിശാന്തിനെ വിധികര്‍ത്താവാക്കിയത് വിവാദമായ സാഹചര്യത്തില്‍ ദീപ ഉള്‍പ്പടെയുള്ളവര്‍ നടത്തിയ മൂല്യ നിര്‍ണ്ണയം റദ്ദാക്കി. പകരം ഭാഷാസാഹിത്യ വിഭാഗം വിദഗ്ധനും അപ്പീല്‍ ജൂറി അംഗവുമായ കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പുനര്‍മൂല്യനിര്‍ണയം നടത്തി.
സംസ്ഥാന അപ്പീല്‍ കമ്മിറ്റിയുടേതാണ് നടപടി. പുലര്‍ച്ചെ ഒരു മണിവരെ നീണ്ട യോഗത്തിലാണ് പുനര്‍മൂല്യനിര്‍ണയം നടത്താന്‍ അപ്പീല്‍ കമ്മിറ്റി തീരുമാനിച്ചത്.
ദീപയെ വിധികര്‍ത്താവാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ദീപ നിശാന്തിനെതിരെ ഇന്നലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിനു ചുള്ളിയില്‍ ഡി.പി.ഐക്ക് നല്‍കിയ പരാതി ഹയര്‍ അപ്പീല്‍ കമ്മിറ്റിക്ക് കൈമാറിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ കലോത്സവ അപ്പീല്‍ കമ്മിറ്റി തീരുമാനിച്ചത്.
കലോല്‍സവ മാനുവല്‍ പ്രകാരം യോഗ്യത ഉളളതുകൊണ്ടാണ് വിധികര്‍ത്താവായതെന്ന് ദീപ നിശാന്ത് പ്രതികരിച്ചിരുന്നു. തനിക്കെതിരെ നിന്ന ആളുകള്‍ ഇപ്പോഴത്തെ സാഹചര്യം ഉപയോഗിക്കുകയാണ്. കവിതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഖേദം പ്രകടിപ്പിച്ചതാണെന്നും ഇനിയും അത് വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും ദീപ നിശാന്ത് പ്രതികരിച്ചിരുന്നു.
കലോത്സവ മാന്വല്‍ പ്രകാരം ദീപയ്ക്ക് യോഗ്യതയുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥും പ്രതികരിച്ചിരുന്നു.