തട്ടമിട്ട് സ്‌കൂളില്‍ പോയതിന് വിദ്യാര്‍ഥിനിയെ പുറത്താക്കി, ടി.സി അപേക്ഷയിലെ കാരണവും സ്‌കൂള്‍ തിരുത്തി ; തിരുവനന്തപുരം ജ്യോതി നിലയം സ്‌കൂളിനെതിരെ രക്ഷിതാക്കള്‍
Education
തട്ടമിട്ട് സ്‌കൂളില്‍ പോയതിന് വിദ്യാര്‍ഥിനിയെ പുറത്താക്കി, ടി.സി അപേക്ഷയിലെ കാരണവും സ്‌കൂള്‍ തിരുത്തി ; തിരുവനന്തപുരം ജ്യോതി നിലയം സ്‌കൂളിനെതിരെ രക്ഷിതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th June 2019, 4:50 pm

 

തിരുവനന്തപുരം: തട്ടിമിട്ട് സ്‌കൂളില്‍ പോയതിന്റെ പേരില്‍ വിദ്യാര്‍ഥിനിയെ ടി.സി നല്‍കി സ്‌കൂള്‍ അധികൃതര്‍ പുറത്താക്കിയതായി ആരോപണം. തിരുവനന്തപുരം ജ്യോതി നിലയം പബ്ലിക് സ്‌കൂളിനെതിരെയാണ് വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്.

ജ്യോതി നിലയം പബ്ലിക് സ്‌കൂളില്‍ എട്ടാം ക്ലാസില്‍ പുതുതായി ചേര്‍ന്ന ഷംഹാന ഷാജഹാന്‍ എന്ന വിദ്യാര്‍ഥിനിയെയാണ് പുറത്താക്കിയത്. തട്ടമിട്ട് ഈ കോമ്പൗണ്ടില്‍ പ്രവേശിക്കാന്‍ തങ്ങള്‍ അനുവദിക്കില്ലയെന്നു പറഞ്ഞാണ് ഷംഹാനയെ പുറത്താക്കിയതെന്ന് ഷംഹാനയുടെ മാതാവ് ഷാമില ഡൂള്‍ന്യൂസിനോടു പറഞ്ഞു.

ഷാമില പറയുന്നതിങ്ങനെ:

‘തിരുവനന്തപുരം കവടിയാറിലെ നിര്‍മ്മലാ ഭവന്‍ സ്‌കൂളിലായിരുന്നു ഏഴാം ക്ലാസുവരെ ഷംഹാന പഠിച്ചത്. ഈ വര്‍ഷം ഞങ്ങള്‍ കണിയാപുരത്തിനടുത്തുള്ള കഠിനംകുളത്തേക്ക് വീട് മാറിയതുകൊണ്ടാണ് ജ്യോതി നിലയം സ്‌കൂളില്‍ ചേര്‍ന്നത്. സ്‌കൂളിലേക്ക് അഡ്മിഷന് പോയസമയത്ത് അവിടെ പരീക്ഷ നടത്തിയിരുന്നു. ഇന്റര്‍വ്യൂവും ഉണ്ടായിരുന്നു. അഞ്ചാം തരം മുതല്‍ ഷംഹാന തലയില്‍ തട്ടിമിട്ടുകൊണ്ടായിരുന്നു സ്‌കൂളില്‍ പോയിരുന്നത്. അഡ്മിഷന് പോയ സമയത്തും ഇന്റര്‍വ്യൂവിന് പോയ സമയത്തും തലയില്‍ ഷാള്‍ ധരിച്ചിരുന്നു. അപ്പോഴൊന്നും അവര്‍ ഈ സ്‌കൂളില്‍ തട്ടമിടാന്‍ പറ്റില്ലെന്നൊന്നും പറഞ്ഞിട്ടില്ല.

സ്‌കൂള്‍ തുറന്ന വ്യാഴാഴ്ച ക്ലാസിലെത്തിയപ്പോള്‍ മകളോട് തട്ടം മാറ്റാന്‍ പറഞ്ഞു. എന്താണ് സംഭവമെന്ന് മോള്‍ക്ക് മനസിലായില്ല. കാരണം ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാവുന്നത്. എല്ലാ സ്‌കൂളിലും അവര്‍ തട്ടം അനുവദിക്കുന്നുണ്ട്.

വെള്ളിയാഴ്ച വീണ്ടും സ്‌കൂളില്‍ പോയപ്പോള്‍ തട്ടമിട്ട് കോമ്പൗണ്ടില്‍ കയറ്റാന്‍ പറ്റില്ലെന്ന് അവര്‍ കര്‍ശനമായി പറഞ്ഞു. മകളെ വിളിക്കാനായി ഭര്‍ത്താവ് പോയ സമയത്ത് സ്‌കൂള്‍ അധികൃതരുമായി സംസാരിച്ചിരുന്നു. തട്ടമിട്ട് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ പ്രവേശിക്കുന്നത് അനുവദിക്കാന്‍ പറ്റില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. ‘പ്ലസ് ടു വരെ പഠിക്കുന്ന കുട്ടികളെ തട്ടമിട്ട് സ്‌കൂളില്‍ വരാന്‍ അനുവദിക്കാറില്ല, പിന്നെ എന്തുകൊണ്ട് എട്ടാം ക്ലാസില്‍ പഠിക്കുന്ന നിങ്ങളുടെ കൊച്ചിന് തട്ടമിടാതെ വന്നുകൂടാ’ എന്നാണ് പ്രിന്‍സിപ്പല്‍ ഭര്‍ത്താവിനോട് ചോദിച്ചത്.

തിങ്കളാഴ്ച ഞാനും ഭര്‍ത്താവിനൊപ്പം സ്‌കൂള്‍ അധികൃതരെ കാണാന്‍ പോയിരുന്നു. ‘നിങ്ങളോട് കാര്യം പറഞ്ഞതല്ലേ, തട്ടം ഇവിടെ അനുവദിക്കാനാവില്ല, പുറത്തു നില്‍ക്കൂ’വെന്ന് ഭര്‍ത്താവിന്റെയടുത്ത് അവര്‍ പറഞ്ഞു. കൂടുതലായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഓഫീസുമായി സംസാരിച്ചോളൂവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. ഫീസ് തിരിച്ചുമേടിച്ച് പോകാനാണ് അവര്‍ പറഞ്ഞത്.

മോള്‍ക്ക് വേറെ സ്‌കൂളില്‍ അഡ്മിഷനൊന്നും ആയിട്ടില്ല, നാളെ വന്ന് ടി.സി വാങ്ങിച്ചോളാം എന്നു പറഞ്ഞപ്പോള്‍, അവര് കാത്തുനില്‍ക്കാന്‍ പറഞ്ഞിട്ട് ടി.സി നല്‍കിയാണ് തിരിച്ചയച്ചത്.

ടി.സിയ്ക്ക് അവര്‍ ആവശ്യപ്പെട്ടതു പ്രകാരം അപേക്ഷ നല്‍കിയപ്പോള്‍ കാരണം എഴുതേണ്ട കോളത്തില്‍ എഴുതിയത് തട്ടമിട്ട് ക്ലാസില്‍ വരാന്‍ അനുവദിക്കാത്തതുകൊണ്ട് ഞങ്ങള്‍ പോകുന്നുവെന്നാണ്. പക്ഷേ ടി.സിയില്‍ അവര്‍ ‘ബെറ്റര്‍ ഫെസിലിറ്റീസ്’ എന്ന് തിരുത്തുകയാണുണ്ടായത്.’

ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഡൂള്‍ന്യൂസ് സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടിരുന്നു.

‘അങ്ങനത്തെ കാര്യങ്ങളൊന്നും ഉണ്ടായില്ലല്ലോ.’ എന്നായിരുന്നു ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രിന്‍സിപ്പല്‍ അര്‍ച്ചന പോള്‍ ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. സ്‌കൂളില്‍ നിന്നും ഷംഹാനയെന്ന കുട്ടിയെ ടി.സി കൊടുത്തുവിട്ടിട്ടില്ലേയെന്ന് ചോദിച്ചപ്പോള്‍ ‘കാരണങ്ങളിതല്ലല്ലോ. അവര്‍ക്ക് വേണ്ടാന്ന് പറഞ്ഞു, അവര് പോയി’ എന്നായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം.

ടി.സിയ്ക്കായി നല്‍കിയ അപേക്ഷയില്‍ എന്താണ് സ്‌കൂള്‍ വിട്ടുപോകാനുള്ള കാരണമായി പറഞ്ഞതെന്ന് ചോദിച്ചപ്പോള്‍ ‘നിങ്ങളെ ഞങ്ങള്‍ക്ക് അറിയില്ലല്ലോ ഇങ്ങനെ ഫോണില്‍ ചോദിച്ചാല്‍ പ്രതികരിക്കാന്‍ പറ്റില്ലയെന്നാണ് പറഞ്ഞത്. നേരിട്ടു വന്ന് അന്വേഷിക്കണമെന്നും പറഞ്ഞു. നേരിട്ടു വരാമെന്നു പറഞ്ഞപ്പോള്‍ ‘ഞാനുള്ളപ്പോള്‍ വരണം’ എന്നായിരുന്നു മറുപടി. ഇന്നോ നാളെയോ ഉണ്ടാവുമോയെന്ന് ചോദിച്ചപ്പോള്‍ ‘ഞാന്‍ സ്ഥലത്തില്ല’ എന്നായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം.

അവിടെ തട്ടമിട്ട് കുട്ടികള്‍ വരുന്നതിന് നിലവില്‍ എന്തെങ്കിലും നിരോധനമുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ‘ഞങ്ങള്‍ക്ക് നിരോധനമൊന്നുമില്ല. പത്ത് നാല്‍പ്പത്തെട്ടു വര്‍ഷമായിട്ട് ഞങ്ങള്‍ക്ക് ആ സംഭവമില്ല.’ എന്നായിരുന്നു പ്രിന്‍സിപ്പലിന്റെ പ്രതികരണം. തട്ടമിട്ടുകൊണ്ട് സ്‌കൂളില്‍ കുട്ടികള്‍ വരാറുണ്ടോയെന്ന് ചോദിച്ചപ്പോള്‍ ‘ഇല്ല വരാറില്ല’യെന്നായിരുന്നു മറുപടി.