പാതിവഴിയില്‍ പഠനം നിര്‍ത്തേണ്ടിവരുന്ന ആദിവാസി കുട്ടികള്‍ എന്നത് യാഥാര്‍ത്ഥ്യമാണ്; കണക്കുകള്‍ ഇങ്ങനെ
Tribal Issues
പാതിവഴിയില്‍ പഠനം നിര്‍ത്തേണ്ടിവരുന്ന ആദിവാസി കുട്ടികള്‍ എന്നത് യാഥാര്‍ത്ഥ്യമാണ്; കണക്കുകള്‍ ഇങ്ങനെ
സൈന
Tuesday, 27th February 2018, 3:05 pm

മധുവിന്റെ മരണം വെറും വിശപ്പിന്റെ മാത്രം കഥയല്ല. ആദിവാസി ജീവിതത്തിന്റെവായിക്കപ്പെടാത്ത, ചര്‍ച്ച ചെയ്യപ്പെടാത്ത, പരിഹരിക്കപ്പെടാത്ത നിരവധി പ്രശ്‌നങ്ങളുടെ തുടര്‍ച്ചയാണ്. ഭക്ഷണം പോലെ ആദിവാസി സമൂഹം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകുകയെന്നത്. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം എത്രത്തോളം മുന്നോട്ട് പോയി എന്ന് പരിശോധിച്ചാല്‍ തന്നെ ഈ പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ മനസിലാവും.

2017 -18 വിദ്യാഭ്യാസ വര്‍ഷം സ്‌കൂളുകളില്‍ എത്തിയ കുട്ടികളില്‍ 10.60 ശതമാനമാണ് ദളിത് -ആദിവാസി (SC/ST) വിദ്യാര്‍ഥികള്‍. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ സ്‌കൂളുകളിലെ കൊഴിഞ്ഞുപോക്ക് കുറവാണെങ്കിലും കൊഴിഞ്ഞുപോകുന്ന വിദ്യാര്‍ഥികളില്‍ വലിയൊരു വിഭാഗവും ആദിവാസികളാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2016-17 സാമ്പത്തികാവലോകന റിപ്പോര്‍ട്ടില്‍ പറയുന്നത് 0.22 ശതമാനമാണ് സംസ്ഥാനത്തെ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക്. ഇതില്‍ എസ്/സി – എസ്/ടിവിദ്യാര്‍ഥികളാണ് കൂടുതലും പാതില്‍ വെച്ച് പഠനം ഉപേക്ഷിച്ചവര്‍. 2016-17 വിദ്യാഭ്യാസ വര്‍ഷം എസ്/സി വിഭാഗത്തില്‍ 0.26 ശതമാനം വിദ്യാര്‍ഥികള്‍ കൊഴിഞ്ഞുപോയപ്പോള്‍ എസ്/ടി വിഭാഗത്തില്‍ 2.27 ശതമാനം പേരാണ് സ്‌കൂളുകളുടെ പടി ഇറങ്ങിപ്പോയത്. അതും ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളാണ് കൂടുതല്‍.

 

പ്രൈമറി വിദ്യാഭ്യാസത്തില്‍ സ്‌കൂളുകളിലെത്തുന്നവരിലും കൊഴിഞ്ഞു പോകുന്നവരുണ്ട്. എസ്/സി വിഭാഗത്തെക്കാള്‍ എസ്/ടി( ആദിവാസി ) കുട്ടികളാണ് നമ്മുടെ പഠനരീതിയോട് പൊരുതാന്‍ ശേഷിയില്ലാതെ പോകുന്നവരിലേറെയും. പ്രൈമറി സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ കൊഴിഞ്ഞുപോക്കുണ്ടായത് ഇടുക്കി ജില്ലയിലാണ്. 0.55 ശതമാനം. യു പി , ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വയനാട് ജില്ലയിലാണ് കൊഴിഞ്ഞുപോക്ക് കൂടുതലുള്ളത്. യുപിയില്‍ 0.58 ശതമാനവും ഹൈസ്‌കൂളില്‍ 2.8 ശതമാനവും.

ദലിത് ആദിവാസി വിഭാഗങ്ങള്‍ സര്‍ക്കാര്‍ സ്‌കൂളുകളെയാണ് കൂടുതല്‍ ആശ്രയിക്കുന്നത്. എയിഡഡ് സ്‌കൂളുകളിലും അണ്‍എയ്ഡഡ് സ്‌കൂളുകളിലും വളരെ കുറച്ച് പേരാണ് എത്തുന്നത്. 2017-18 വിദ്യാഭ്യാസ വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ 3.86 ശതമാനം പേരാണ് എത്തിയത്.

സാധാരണക്കാരില്‍ സാധാരണക്കാരായ ഇവരെ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിദ്യഭ്യാസ രീതികളുമായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നതെന്നതാണ് കൊഴിഞ്ഞുപോക്കിനു പിന്നിലെ പ്രധാന കാരണമായി ഉന്നയിക്കപ്പെടുന്നത്. ആധുനിക വികസനത്തിന്റെ ഉപഭോക്താക്കളാകേണ്ട സാഹചര്യത്തില്‍ സ്വതത്തെ നഷ്ടപ്പെടുന്നവര്‍ എത്രമാത്രം വേവുന്നുണ്ടെന്ന് ആരും അറിയുന്നില്ലെന്നും വിവേചനം തന്നെയാണ് പ്രധാനമായും ആദിവാസി വിദ്യാര്‍ഥികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമെന്നും ആദിവാസി ദലിത് ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

 

ഭാഷയുടെയും, അവകാശങ്ങള്‍ ചോദിച്ചതിന്റെയും, നിറത്തിന്റെയും, ആഹാരം വസ്ത്രം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന്റെയുമെല്ലാം പേരില്‍ നേരിടുന്ന അവഗണനകളും കൊഴിഞ്ഞുപോക്കിന്റെ കാരണമായി ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. പല മലയാളം വാക്കുകളും ഉച്ചരിക്കാന്‍ കഴിയാത്ത കുട്ടികളെ സഹപാഠികള്‍ പരിഹസിച്ചതിന്റെ പേരില്‍ സ്‌കൂളില്‍ നിന്ന് ഇറങ്ങിപ്പോയവരുണ്ട്. ആര്‍ത്തവസമയത്ത് നല്ലൊരു അടിവസ്ത്രമില്ലാത്തത് കാരണം പഠനം മുടങ്ങിയവരുണ്ട്. അടിവസ്ത്രം ഇല്ലാത്തത് കൊണ്ട് സ്‌കൂളില്‍ പോകാനായില്ലെന്നാണ് ഒരു വയനാട് ജില്ലാ കലക്ടര്‍ക്ക് മുന്നില്‍ ഒരുകൂട്ടം പെണ്‍കുട്ടികള്‍ പറഞ്ഞത്.

അവരുടെ ഭാഷയില്‍ എഴുതാനും പഠിക്കാനും അവസരം നല്‍കികൊണ്ട് സര്‍ക്കാര്‍ പാഠ്യപദ്ധതി പരിഷ്‌കരിച്ചെങ്കിലും ഇത്തരം ബദല്‍ സംവിധാനങ്ങള്‍ പൂര്‍ണമായി ഫലപ്രദമായിട്ടില്ലെന്നാണ് കൊഴിഞ്ഞുപോക്കുമായി ബന്ധപ്പെട്ട കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്. പലപ്പോഴും ഉന്നത വിദ്യഭ്യാസത്തിനായി പോകുന്ന കുട്ടികള്‍ സ്‌കോളര്‍ഷിപ്പുകള്‍ക്കായി നേരിടുന്ന നിയമക്കുരുക്കുകള്‍ നിരവധിയാണെന്നും ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു.

“എസ് സി – എസ് ടിയല്ലേ….നീയൊക്കെ രക്ഷപ്പെടും, നിനക്ക് സംവരണമില്ലേ ” എന്ന് നിരന്തരം പഴികേള്‍ക്കേണ്ടിവരുന്ന വിദ്യാര്‍ഥികളുമുണ്ട്. ഹോസ്റ്റലിലെ സൗകര്യക്കുറവിനെ കുറിച്ച് ഫേസ്ബുക്ക് കുറിപ്പിട്ട തിരുവനന്തപുരം സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥിനിയെ “മാനസിക വിഭ്രാന്തിക്ക് ചികിത്സതേടണം” എന്നു പറഞ്ഞ് ഡ്രോപ് ഔട്ട് ആക്കിയ സംഭവമുണ്ടായിരുന്നു.

ട്രൈബല്‍ വകുപ്പിന്റെ കെടുകാര്യസ്ഥത സര്‍ക്കാര്‍ പരിഹരിക്കണമെന്നും ഫണ്ട് വിഴുങ്ങികളെയും വകമാറ്റിയവരേയും മാറ്റാന്‍ സര്‍ക്കാര്‍ ധൈര്യം കാണിക്കണമെന്നുമാണ് ഈ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നത്.