തിരുവനന്തപുരം: ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കുണ്ടെന്ന് സമ്മതിച്ച് മന്ത്രി എ.കെ ബാലന്‍. കുടുംബപ്രശ്‌നങ്ങള്‍, രക്ഷിതാക്കളുടെ താത്പര്യമില്ലായ്മ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഭാഷാപരവും സാമൂഹികവുമായ ഒറ്റപ്പെടല്‍ എന്നിവയാണ് പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ നിന്ന് പഠനം നിര്‍ത്തി പോകാനുള്ള പ്രധാന കാരണങ്ങള്‍ എന്നാണ് പഠനങ്ങള്‍ പറയുന്നത്. വയനാട്, ഇടുക്കി ജില്ലകളില്‍ ആണ് വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഏറ്റവും കൂടുതലുള്ളത്.
ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ ഇല്ലാത്ത സാഹചര്യമാണ് വയനാട്ടിലുള്ളതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആദിവാസി ജനസംഖ്യയുടെ 47 ശതമാനമുള്ള വയനാട്ടില്‍ വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനത്തിനാവശ്യമായ സ്‌കൂളുകളോ കോളെജുകളോ ഇല്ല. പട്ടികജാതി വകുപ്പുകള്‍ക്ക് ഒരു ആദിവാസി കോളെജ് പോലും വയനാട്ടിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം. വയനാട്ടില്‍ കൂടുതല്‍ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ വേണമെന്ന ആവശ്യം നേരത്തേ ഉയര്‍ന്നിരുന്നു. ഹയര്‍സെക്കന്‍ഡറി പാസായ വിദ്യാര്‍ത്ഥികളും തുടര്‍പഠനത്തിന് സാഹചര്യമില്ലാത്ത അവസ്ഥ നേരിടുന്നുണ്ടെന്നും ആരോപണമുണ്ട്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച ശാസ്ത്രീയ പഠനം വകുപ്പ് ഇതുവരെയും നടത്തിയിട്ടില്ല. ഈയൊരു സാഹചര്യത്തിലാണ് ആദിവാസി വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്കുണ്ടെന്ന് സമ്മതിച്ച് എ.കെ ബാലന്‍ തന്നെ രംഗത്ത് വന്നത്.
2016-2017 വര്‍ഷത്തില്‍ വയനാട്ടില്‍ ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ 359 വിദ്യാര്‍ത്ഥികള്‍ പഠനം നിര്‍ത്തിയിരുന്നു. ഗോത്രബന്ധു പദ്ധതിയുടെ നടത്തിപ്പിലൂടെ കൊഴിഞ്ഞുപോക്കിന്റെ എണ്ണം താരതമ്യേന കുറഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. 2017-18 ല്‍ കൊഴിഞ്ഞുപോക്ക് 321 ആയും 2018-19ല്‍ 111 ആയും കുറഞ്ഞു. എന്നാല്‍ പദ്ധതി നടത്തിപ്പുകളില്‍ വലിയ പോരായ്മകള്‍ ഉണ്ടെന്നും സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ കാര്യക്ഷമമായി നടത്തുന്നില്ലെന്നും സാമൂഹ്യപ്രവര്‍ത്തക അമ്മിണി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
‘തുടര്‍ക്കഥ പോലെ എല്ലാ വര്‍ഷവും സര്‍ക്കാര്‍ ആദിവാസി വിദ്യാര്‍ത്ഥികളുടെ പഠത്തിനായുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും ഒന്നും കാര്യക്ഷമമായി നടക്കുന്നില്ല. പദ്ധതികളായ ഗോത്രബന്ധുവും ഗോത്രസാരഥിയുമെല്ലാം ആദിവാസി വിദ്യാഭ്യാസമേഖലയിലെ ഉയര്‍ച്ച ലക്ഷ്യമിട്ട് തുടങ്ങിയതാണ്. ഗോത്രസാരഥി പദ്ധതി പഞ്ചായത്തും ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്നാണ് നടത്തിയിരുന്നത്.
ഊരുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും നഗരത്തില്‍ നിന്നും ഒരു പാടുമാറി സ്ഥിതി ചെയ്യുന്ന ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാഭ്യാസത്തിനായി വാഹനസൗകര്യം ഒരുക്കുന്ന പദ്ധതിയാണ് ഗോത്രസാരഥി. എന്നാല്‍ വിദ്യാര്‍ത്ഥികളെ സ്‌കൂളുകളില്‍ എത്തിക്കുന്നതിനും തിരിച്ചു കൊണ്ടുവരുന്നതിനും സര്‍ക്കാര്‍ വകുപ്പ് ഏര്‍പ്പാട് ചെയ്ത ഡ്രൈവര്‍മാര്‍ക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥയാണ് ഉണ്ടായത്. വകുപ്പില്‍ നിന്നും ശമ്പളം ലഭിക്കാത്ത സാഹചര്യത്തില്‍ ഡ്രൈവര്‍മാര്‍ സമരം ചെയ്‌തെങ്കിലും അതും ഒത്തുതീര്‍പ്പില്‍ എത്തിയില്ല’. അമ്മിണി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞു പോക്ക് കുറക്കുന്നതിനും വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുന്നതിനുമുള്ള ബോധവത്കരണം നടത്തുന്ന പദ്ധതിയാണ് ഗോത്രബന്ധു. എന്നാല്‍ പ്രതിനിധികള്‍ പേരിന് മാത്രമാണ് ഇത്തരം ക്ലാസുകളും ബോധവത്കരണവും നടത്തുന്നത്.
ഇതു കൂടാതെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷന്‍ കൊടുക്കുന്നതിനും അവരുടെ ഭാഷയില്‍ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുന്നതിനും ഗോത്രവിഭാഗങ്ങളില്‍ നിന്നുതന്നെ അധ്യാപകരെ ഏര്‍പ്പാട് ചെയ്യുന്ന പദ്ധതിയും ഇന്ന് രാഷ്ട്രീയ നേതാക്കളുടെ കയ്യിലാണെന്നും അമ്മിണി പറയുന്നു.
നെന്‍മേനി പഞ്ചായത്തിലെ പാമ്പുകുനി, മാടക്കര എന്ന സ്ഥത്ത് ഒമ്പത് കുട്ടികളാണ് പഠനം നിര്‍ത്തി വീട്ടില്‍ ഇരിക്കുന്നത്. ബത്തേരി ആറ്മാട് എന്ന സ്ഥലത്തും സമാന സാഹചര്യത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങിയിട്ടുണ്ട്.
പത്താം ക്ലാസ് കഴിഞ്ഞ് ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ പഠിക്കാന്‍ കഴിയാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്ലസ് വണ്ണിന് ചേരേണ്ടി വരുന്ന വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട്. പഠനാവശ്യങ്ങള്‍ നിറവേറ്റാനാവാതെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം പഠനം നിര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ പദ്ധതി നടത്തിപ്പുകളിലെ പോരായ്മക്ക് ഉദാഹരണമാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് വൈകുന്നേരങ്ങളില്‍ ക്ലാസുകള്‍ എടുക്കുന്നതിനും മാനസികമായി മുന്നോട്ട് കൊണ്ടുവരുന്നതിനും ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റെ് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ക്കും മെല്ലെപ്പോക്കാണ്.
സ്‌കൂളുകളില്‍ നിന്നും കൊഴിഞ്ഞുപോയ വിദ്യാര്‍ത്ഥികളെ തിരികെ സ്‌കൂളില്‍ എത്തിക്കുന്നതിനും അവര്‍ക്ക് പിന്തുണ നല്‍കുന്നതിനും എസ്.ടി പ്രൊമോട്ടര്‍മാര്‍ക്കും ഉത്തരവാദിത്തമുണ്ട്. എന്നാല്‍ രാഷ്ട്രീയ നേതാക്കളുടെ കളിപ്പാവയാണ് പല എസ്.ടി പ്രൊമോട്ടര്‍മാരും. രാഷ്ട്രീയ പാര്‍ട്ടികളില്‍ ആളുകളെ ചേര്‍ക്കുന്നതിനും മറ്റ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ എസ്.ടി പ്രൊമോട്ടര്‍മാരെ ഉപയോഗിക്കുകയാണെന്നും സാമൂഹ്യപ്രവര്‍ത്തക അമ്മിണി പറയുന്നു.
തങ്ങള്‍ക്കുവേണ്ട സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്തു തരുന്നില്ലെന്ന് ചില എസ്.ടി പ്രൊമോട്ടര്‍മാരും പരാതി പറയുന്നുണ്ട്. ആദിവാസികള്‍ക്ക് 450 സ്‌ക്വയര്‍ഫീറ്റില്‍ ആണ് സര്‍ക്കാര്‍ സഹായത്തോടെ വീട് പണിത് കൊടുക്കുന്നത്. ഒരു അടുക്കളയും ചെറിയ മുറിയും ഉള്ള വീട്ടില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സാഹചര്യം പലപ്പോഴും ഉണ്ടാവുന്നില്ല.
വീട്ടില്‍ പഠനമുറി ഇല്ലാത്തത് കൊണ്ടും രക്ഷിതാക്കളുടെ മദ്യപാനം മൂലവും നിരവധി കുട്ടികളുടെ പഠനമാണ് മുടങ്ങി പോയിട്ടുള്ളത്. ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പഠന പദ്ധതികള്‍ രൂപീകരിച്ചിരിക്കുമ്പോഴും അത് പ്രായോഗികമായി നടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തുന്നില്ലെന്നും അമ്മിണി കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
2010 ലെ യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം 10000 കുട്ടികളാണ് വയനാട് ജില്ലയില്‍ മാത്രം സ്‌കൂളുകളില്‍ നിന്നും കൊഴിഞ്ഞുപോയിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള അധ്യാപകരുടെ സമീപനവും വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞു പോകുന്നതിന് കാരണമാകുന്നുണ്ടെന്നും അധ്യാപകര്‍ ശ്രദ്ധിക്കാത്തതു മൂലം പല വിദ്യാര്‍ത്ഥികള്‍ക്കും അക്ഷരം എഴുതാന്‍ അറിയാത്ത അവസ്ഥ വരെ ഉണ്ടാവുന്നുണ്ടെന്നും വിമര്‍ശനങ്ങളുണ്ട്.