പാഠ്യപദ്ധതി പരിഷ്‌കരണം; വിദ്യാര്‍ത്ഥികള്‍ക്കും അഭിപ്രായം പറയാം, ചര്‍ച്ച ചെയ്യാനായി ഒരു പിരിയഡ് മാറ്റിവെക്കും
Kerala News
പാഠ്യപദ്ധതി പരിഷ്‌കരണം; വിദ്യാര്‍ത്ഥികള്‍ക്കും അഭിപ്രായം പറയാം, ചര്‍ച്ച ചെയ്യാനായി ഒരു പിരിയഡ് മാറ്റിവെക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 9th November 2022, 7:15 pm

തിരുവനന്തപുരം: സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ അഭിപ്രായങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്യാനായി എല്ലാ വിദ്യാലയങ്ങളിലും ഒരു പിരിയഡ് മാറ്റിവെക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.

നവംബര്‍ 17 നാണ് എല്ലാ ക്ലാസുകളിലും പാഠ്യപദ്ധതികള്‍ ചര്‍ച്ച ചെയ്യുക. കുട്ടികളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും സുപ്രധാനരേഖയായി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്കും കുട്ടികളുടെ പാഠ്യപദ്ധതിയെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കാം.

എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍, ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി-യുവജന സംഘടനാ പ്രതിനിധികള്‍ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഉറപ്പാക്കിയുള്ള ചര്‍ച്ചകള്‍ സംഘടിപ്പിച്ച് വരികയാണെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

ഓണ്‍ലൈനായി അഭിപ്രായങ്ങള്‍ സമര്‍പ്പിക്കാനുള്ള www.kcf.kite.kerala.gov.in എന്ന ടെക് പ്ലാറ്റ്ഫോം മന്ത്രി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് ഇതില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം. 26 ഫോക്കസ് ഗ്രൂപ്പുകളുടെ പൊസിഷന്‍ പേപ്പറുകള്‍ നവംബര്‍ 30നകം പൂര്‍ത്തിയാക്കും.

ഡിസംബര്‍ 31ഓടെ കരട് പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ രൂപവത്കരിക്കും. ഇതിനെ അടിസ്ഥാനമാക്കി 2023 ജനുവരിയില്‍ മേഖലാതല സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കും. ഫെബ്രുവരിയോടെ പാഠ്യപദ്ധതി ചട്ടക്കൂടുകള്‍ പൂര്‍ത്തിയാക്കും. 2025-26 അധ്യയനവര്‍ഷം എല്ലാ ക്ലാസുകളിലും പുതിയ പാഠപുസ്തകങ്ങള്‍ നിലവില്‍ വരുമെന്നും മന്ത്രി അറിയിച്ചു.

കഴിഞ്ഞ കാലത്ത് അറിവിന്റെ നാനാമേഖലകളില്‍ ഉണ്ടായ വളര്‍ച്ചയും വികാസവും പരിഗണിച്ചാവും പുതിയ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പിലാക്കുകയെന്നും, സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെയുള്ള സമഗ്രമായ ജനകീയ ചര്‍ച്ചകളാണ് നടത്തുന്നതെന്നും മന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ 2020-21 വര്‍ഷത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര സൂചികയില്‍ കേരളം ഒന്നാമതെത്തിയിരുന്നു. ഇത് കേരളത്തിന്റെ കൊവിഡ് കാല വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം, ഓരോ മേഖലയെയും സംബന്ധിച്ചുള്ള നിലപാട് രേഖ തയാറാക്കുന്നതിന് മുമ്പ് വിപുലമായ ജനകീയ ചര്‍ച്ചകള്‍ നടത്തുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. ജനകീയ അഭിപ്രായം സ്വരൂപിക്കുന്നതിനുള്ള ഒരു കൈപ്പുസ്തകം തയ്യാറാക്കുകയും ഇതിന് പാഠ്യപദ്ധതി കോര്‍ കമ്മിറ്റി അംഗീകാരം നല്‍കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എല്ലാ ജില്ലകളിലും ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാതല സംഘാടകസമിതി രൂപീകരിച്ചിട്ടുണ്ട്. എല്ലാ ബ്ലോക്കുകളിലും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബ്ലോക്ക് സംഘാടക സമിതിയും രൂപീകരിച്ചിട്ടുണ്ട്.

എല്ലാ പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ തലങ്ങളിലും സംഘാടകസമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ പി.ടി.എയുടെ നേതൃത്വത്തില്‍ സ്‌കൂള്‍തല സംഘാടക സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഓരോതലത്തിലും നടക്കുന്ന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതിന് റിസോഴ്സ് അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ട്.

Content Highlight: School Curriculum Reform; Students can also give suggestions