| Saturday, 15th January 2022, 9:06 am

എസ്.എസ്.എല്‍.സി പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല, സിലബസ് പുതുക്കും; ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ടൈം ടേബിള്‍ പുനസംഘടിപ്പിക്കും: വി. ശിവന്‍കുട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കൊവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടച്ചിടാന്‍ തീരുമാനിച്ചതിന് പിന്നാലെ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

എസ്.എസ്.എല്‍.സി ഹയര്‍സെക്കന്ററി പരീക്ഷകള്‍ക്ക് ഇപ്പോള്‍ തീരുമാനിച്ച തീയതിയില്‍ നിന്നും മാറ്റമുണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു.

10, 11, 12 ക്ലാസുകളില്‍ പഠനം തുടരും. ഈ സാഹചര്യത്തില്‍ നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നടപടിയെടുക്കും. ഇതിനായി തിങ്കളാഴ്ച രാവിലെ 11 മണിക്ക് വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

”ഡിജിറ്റല്‍ ക്ലാസിന്റെ ഇപ്പോഴുള്ള സ്ഥിതി അനുസരിച്ച്, എസ്.എസ്.എല്‍.സിയുടെ സിലബസ് ഫെബ്രുവരി ആദ്യത്തെ ആഴ്ച പുതുക്കാനാണ് തീരുമാനം. പ്ലസ് ടു സിലബസും ഫെബ്രുവരിയില്‍ പുതുക്കും,” മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികളില്‍ കാര്യമായി രോഗം ബാധിച്ചെന്ന റിപ്പോര്‍ട്ടുകളൊന്നും വന്നിട്ടില്ല. രോഗവ്യാപനം കൂടുന്നതിനാല്‍ മുന്‍കരുതല്‍ എടുക്കേണ്ടതുണ്ടെന്നും കുട്ടികളുടെ ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

”രണ്ടാഴ്ച കുട്ടികള്‍ വീട്ടിലിരിക്കുന്നത് കൊണ്ട് മറ്റൊരു ബുദ്ധിമുട്ടും ഉണ്ടാവാന്‍ പോവുന്നില്ല.
സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന പഠനം ഒരു കുറവും കൂടാതെ വിദ്യാര്‍ത്ഥികളിലെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തും.

ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകാര്‍ക്ക് രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ടൈം ടേബിള്‍ പുനസംഘടിപ്പിക്കും. ക്ലാസ് സമയത്ത് തന്നെ ഡിജിറ്റല്‍, ഓണ്‍ലൈന്‍ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കിട്ടുന്ന തരത്തില്‍ പുനര്‍നിര്‍ണയ ടൈം ടേബിള്‍ പ്രസിദ്ധീകരിക്കും.

സ്‌കൂള്‍ തുറക്കുന്നതിന് വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായി മാര്‍ഗരേഖ തയാറാക്കും,” മന്ത്രി അറിയിച്ചു.

കഴിഞ്ഞദിവസം ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലായിരുന്നു സംസ്ഥാനത്ത് വീണ്ടും സ്‌കൂളുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളാണ് അടക്കുന്നത്. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടച്ചിടുക.

ഒമ്പത് വരെയുള്ള കുട്ടികള്‍ക്ക് പഴയതുപോലെ വീണ്ടും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. കൊവിഡ് വ്യാപനം രൂക്ഷമായാല്‍ സ്ഥാപന മേധാവികള്‍ക്ക് സ്വയം തീരുമാനമെടുത്ത് സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചിടാം.

മറ്റേന്തെങ്കിലും മേഖലയില്‍ നിയന്ത്രണം വരുത്തണോ എന്നതിന് തിങ്കാളാഴ്ച തീരുമാനമാകും.

യോഗത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ പുനര്‍ചിന്തനം വേണമെന്ന് പറഞ്ഞാല്‍ ഇക്കാര്യം പരിഗണിക്കുമെന്ന് മന്ത്രി ശിവന്‍കുട്ടി നേരത്തെ അറിയിച്ചിരുന്നു. നിലവില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുമ്പോഴും വിദ്യാര്‍ത്ഥികളില്‍ രോഗവ്യാപനം ഉണ്ടായിട്ടില്ല.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: school closing due to covid spread

We use cookies to give you the best possible experience. Learn more