| Wednesday, 6th June 2018, 10:02 pm

കുട്ടികള്‍ പൊതുവിദ്യാലയത്തില്‍ പഠിച്ചാല്‍ മതി; കീഴാറ്റൂരില്‍ സ്വകാര്യ സ്‌കൂള്‍ ബസ്സുകള്‍ തടയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തളിപ്പറമ്പ്: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞതിനെ തുടര്‍ന്ന്, സ്വകാര്യ സ്‌കൂള്‍ ബസ്സ് നാട്ടുകാര്‍ തടഞ്ഞു. വയല്‍ക്കിളി സമരത്തിന്റെ പേരില്‍ പേരെടുത്ത കീഴാറ്റൂരിലാണ് സംഭവം നടന്നത്.

കീഴാറ്റൂര്‍ ഗവൺമെന്റ് എല്‍.പി സ്‌കൂളില്‍ കുട്ടികള്‍ പഠിക്കാനെത്താത്തത് കാരണം സ്വകാര്യ സ്‌കൂളുകള്‍ക്കെതിരെ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ് നാട്ടുകാര്‍.

തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വകാര്യ സ്‌കൂള്‍ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞത്. കഴിഞ്ഞ വര്‍ഷം നാട്ടുകാര്‍ മുന്‍ കൈ എടുത്ത് നവീകരിച്ച കീഴാറ്റൂര്‍ എല്‍.പി സ്‌കൂളില്‍ കുട്ടികളെ ചേര്‍ക്കണം എന്നതാണ് സ്‌കൂള്‍ സംരക്ഷണ സമിതിയുടെ നിലപാട്. ഇന്ന് വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തിയാണ് വാഹനം പോകാനുള്ള സൗകര്യം ഒരുക്കിയത്.

അതേസമയം കുട്ടികള്‍ എവിടെ പഠിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും മൗലികാവകാശവും സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് രക്ഷിതാക്കളുടെ നേതൃത്വത്തില്‍ കമ്മറ്റി രൂപികരിച്ചിട്ടുണ്ട്.

ഈ ഭാഗത്ത് നിന്നും 17ഓളം കുട്ടികളാണ് തൃച്ചംബരം യു.പി, സാന്‍ ജോസ് ഇംഗ്‌ളീഷ് മീഡിയം സ്‌കൂള്‍, കൊട്ടാരം യു.പി സ്‌കൂള്‍, അക്കിപ്പറമ്പ് യു.പി സ്‌കൂള്‍ എന്നിവടങ്ങളില്‍ പോയി പഠിക്കുന്നത്. വരും ദിവസങ്ങളില്‍ പ്രശ്‌നത്തിന് രമ്യമായ പരിഹാരം കാണാന്‍ സാധിക്കും എന്ന പ്രതീക്ഷയിലാണ് നാട്ടുകാരും രക്ഷിതാക്കളും.

We use cookies to give you the best possible experience. Learn more