റാഞ്ചി: പന്ത്രണ്ട് വയസ്സുകാരനെ സ്‌കൂളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ക്കെതിരെ കേസെടുത്തു. ഞായറാഴ്ച്ച റാഞ്ചിയിലെ സാഫയര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് വിദ്യാര്‍ത്ഥിയുടെ ശരീരം കണ്ടെത്തിയത്. വ്യവസായിയായ ജഗന്നാഥ്പൂര്‍ സ്വദേശി മന്‍ ബഹല്‍ മഹാതോയുടെ മകന്‍ വിനയ് മഹാതോയാണ് മരിച്ചത്.
അധ്യാപകരുടെ ഫ്‌ലാറ്റിനടുത്തുള്ള ലോബിയിലാണ് രാത്രി 1.30 യോടെ വിനയ്‌യെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തലയ്ക്കും ശരീരത്തിലും ഗുരുതരമായ പരിക്കുകളേറ്റിരുന്നു. 3.30നാണ് വിനയുടെ പിതാവ് സംഭവം പോലീസില്‍ അറിയിക്കുന്നത്.
വിദ്യാര്‍ത്ഥിയ്ക്ക് ക്രൂരമായ മര്‍ധനം ഏറ്റിട്ടുണ്ടെന്നും അതുവഴി കുട്ടിയുടെ കരളിന് പരിക്കുകള്‍ പറ്റിയിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ പറഞ്ഞു. തലയ്ക്കും വയറിനും ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ലൈംഗിക പീഡനത്തിനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫ്‌ലാറ്റില്‍ നിന്നും സംശയാസ്പദമായ ചില സാധനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫ്‌ലാറ്റുകളില്‍ താമസിച്ചിരുന്ന അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തത്.