| Friday, 20th November 2015, 10:03 am

എച്ച്.ഐ.വി പോസിറ്റീവായ എഴു വയസുകാരനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബിഷ്ണുപൂര്‍: എച്ച്.ഐ.വി പോസിറ്റീവായതിന്റെ പേരില്‍ എഴുവയസുകാരനെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. പശ്ചിമബംഗാളിലെ ബിഷ്ണുപൂരില്‍ അഞ്ചുമാസം മുമ്പായിരുന്നു സംഭവം.

ബിഷ്ണുപൂര്‍ മേഖലയിലുള്ള സ്വകാര്യ സ്‌കൂളില്‍ നിന്നാണ് വിദ്യാര്‍ഥിയെ പുറത്താക്കിയത്. കുട്ടിയ്ക്ക് രോഗമുള്ള വിവരം രഹസ്യമാക്കി വെക്കാന്‍ നിര്‍ദേശമുണ്ടായിരുന്നെങ്കിലും മറ്റ് രക്ഷിതാക്കള്‍ ഇതറിയാന്‍ ഇടയായി. കുട്ടിയുടെ സ്‌കൂളില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ മുന്നോട്ടുവരികയായിരുന്നു.

ഇതേത്തുടര്‍ന്നാണ് കുട്ടിയെ സ്‌കൂളില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ ഇവിടം കൊണ്ടും അവസാനിച്ചില്ല. ഇപ്പോള്‍ ഈ കുട്ടിയുടെ മാതാവിന്റെ അമ്മയ്‌ക്കെതിരെ തിരിഞ്ഞിരിക്കുകയാണ് സ്‌കൂള്‍ അധികൃതര്‍. ഇതേസ്‌കൂളിലെ അധ്യാപികയാണ് കുട്ടിയുടെ അമ്മയുടെ അമ്മ.

ഇവര്‍ എച്ച്.ഐ.വി പരിശോധന നടത്തണമെന്നാണ് ഇപ്പോള്‍ രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.

ഈ വിഷയത്തില്‍ ശിശുക്ഷേമ മന്ത്രി ശശി പഞ്ച ഇടപെട്ടതിനെ തുടര്‍ന്ന് കുട്ടിയെ തിരിച്ചെടുക്കാമെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. എന്നാല്‍ അത് അത്രനിസാരമായി ചെയ്യാന്‍ കഴിയില്ലെന്നാണ് കുട്ടിയുടെ മാതാവ് പറയുന്നത്.

“സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എന്നെ നേരിട്ട് അറിയിച്ചിട്ടില്ല. എന്റെ കുട്ടി സ്‌കൂളില്‍ തിരിച്ചുപോകുകയാണെങ്കില്‍ മറ്റ് കുട്ടികളെ സ്‌കൂളിലേക്ക് വിടില്ലെന്നാണ് മറ്റു രക്ഷിതാക്കള്‍ പറയുന്നത് എന്നാണ് ഞാന്‍ കേട്ടത്.” കുട്ടിയുടെ അമ്മ പറയുന്നു.

ഈ കുട്ടിയ്ക്ക് ഇരിക്കാനായി പ്രത്യേക മുറി തയ്യാറാക്കി അവിടെ പഠിപ്പിക്കാനാണ് സ്‌കൂള്‍ അധികൃതര്‍ ആലോചിക്കുന്നത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അത് തനിക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.

കുട്ടിയുടെ മാതാവും പിതാവും എച്ച്.ഐ.വി പോസിറ്റീവാണ്. 2014ലാണ് കുട്ടിയുടെ പിതാവ് എച്ച്.ഐ.വി ബാധിതനാണെന്ന് തെളിഞ്ഞത്. അദ്ദേഹം ഒരു സ്റ്റേഷനറി കട നടത്തുകയായിരുന്നു. എന്നാല്‍ എച്ച്.ഐ.വി പോസിറ്റീവാണെന്ന വിവരം പുറത്തറിഞ്ഞതോടെ നാട്ടുകാര്‍ അദ്ദേഹത്തിന്റെ കടയിലേക്കു വരാതായി. ഇപ്പോള്‍ കൊല്‍ക്കത്തയില്‍ ഒരു തുണിക്കടയില്‍ സഹായിയായി ജോലി ചെയ്യുകയാണ് അദ്ദേഹം.

We use cookies to give you the best possible experience. Learn more