കാബൂള്‍: താലിബാന്റെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക് എമിറേറ്റ്‌സ് ഓഫ് അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ച നടപടി തുടരുമ്പോഴും താലിബാന്‍ നേതാക്കളുടെ പെണ്‍മക്കള്‍ വിദേശത്ത് പഠിക്കുന്നതായി റിപ്പോര്‍ട്ട്.
രണ്ട് ഡസനിലധികം താലിബാന്‍ നേതാക്കളുടെ പെണ്‍മക്കളാണ് ദോഹ, പെഷവാര്‍, കറാച്ചി എന്നിവിടങ്ങളിലെ സ്‌കൂളിലായി പഠനം നടത്തുന്നത്.
അഫ്ഗാന്‍ ആരോഗ്യ മന്ത്രി ഖലന്ദര്‍ ഇബാദ്, വിദേശകാര്യ സഹമന്ത്രി ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ്, താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ തുടങ്ങിയവരാണ് അതില്‍ പ്രമുഖര്‍.
സുഹൈല്‍ ഷഹീന്റെ രണ്ട് പെണ്‍മക്കള്‍ ദോഹയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളിലാണ് പഠിക്കുന്നത്. അദ്ദേഹത്തിന്റെ മൂത്ത മകള്‍ സ്‌കൂള്‍ ഫുടബോള്‍ ടീമില്‍ അംഗമായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പാകിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നിന്നും ബിരുദം നേടി ഫിസിഷ്യനായി പരിശീലനം പൂര്‍ത്തിയാക്കിയ ഖലന്ദര്‍ ഇബാദും തന്റെ മകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം ഉറപ്പാക്കിയിട്ടുണ്ടെന്നും, അവരിപ്പോള്‍ ഇസ്‌ലാമാബാദില്‍ ഡോക്ടറായി ജോലി ചെയ്യുകയാണെന്നുമാണ് മറ്റൊരു റിപ്പോര്‍ട്ട്.
അബ്ബാസ് സ്റ്റാനിക്‌സായിയുടെ മകളും ദോഹയില്‍ നിന്ന് മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതായാണ് റിപ്പോര്‍ട്ടിലുള്ളത്.
അതിനിടെ, തന്റെ പെണ്‍മക്കള്‍ ദോഹയില്‍ പഠിക്കുന്നുണ്ടെന്ന് ഒരു ടെലിവിഷന്‍ ചാനലിലെ അഭിമുഖത്തില്‍ തുറന്ന് സമ്മതിക്കുന്ന താലിബാന്‍ വക്ചാവിന്റെ വീഡിയോയും ഇതിനകം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
അതേസമയം, പെണ്‍കുട്ടികളെ സര്‍വകലാശാലയില്‍ നിന്ന് വിലക്കിയ നടപടിയെ ന്യായീകരിച്ച് താലിബാന്‍ രംഗത്തെത്തി. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തില്‍ നിന്ന് സ്ത്രീകളെ വിലക്കിയ നപടി ആഗോളതലത്തില്‍ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയതിന് പിന്നാലെയാണ് വിശദീകരണവുമായി താലിബാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി നിദ മുഹമ്മദ് നദീം എത്തിയത്.
പഠിപ്പിക്കുന്ന ചില വിഷയങ്ങള്‍ ഇസ്ലാമിന്റെ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്നും സര്‍വകലാശാലകളില്‍ ആണും പെണ്ണും ഒരിമിച്ചിരുന്ന് പഠിക്കുന്നത് ഇസ്‌ലാമിക നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും നിദ മുഹമ്മദ് നദീം അഫ്ഗാന്‍ ടെലിവിഷനോട് പറഞ്ഞു.
പെണ്‍കുട്ടികളെ വിലക്കിയ നടപടിയെ അപലപിച്ച അന്താരാഷ്ട്ര സമൂഹത്തെയും താലിബാന്‍ വിമര്‍ശിച്ചു. വിദേശികള്‍ അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സര്‍വകലാശാലകളില്‍ പെണ്‍കുട്ടികളെ വിലക്കി താലിബാന്‍ ഭരണകൂടം ഉത്തരവിട്ടത്. തീരുമാനം ഉടനടി പ്രാബല്യത്തില്‍ വരുത്താനും താലിബാന്‍ സര്‍വകലാശാലകളോട് ആവശ്യപ്പെട്ടു.
ഇതിനെത്തുടര്‍ന്ന് പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നിഷേധിച്ച താലിബാനെതിരെ അഫ്ഗാനിസ്ഥാനില്‍ പ്രതിഷേധങ്ങളും നടന്നിരുന്നു. അഫ്ഗാനിസ്ഥാന്‍ വുമണ്‍സ് യൂണിറ്റി ആന്‍ഡ് സോളിഡാരിറ്റി ഗ്രൂപ്പാണ് പ്രതിഷേധ പ്രകടനം നടത്തിയത്. എന്നാല്‍, ഇവര്‍ പ്രകടനം തുടങ്ങി അല്‍പ സമയത്തിനുള്ളില്‍ തന്നെ താലിബാന്‍ സൈനികരെത്തി സമരം അടിച്ചമര്‍ത്തുകയായിരുന്നു.
പുതിയ നടപടിപ്രകാരം നിലവില്‍ സര്‍വകലാശാലകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളും പുറത്താകും. നേരത്തെ സെക്കന്ററി സ്‌കൂളുകളില്‍ നിന്ന് പെണ്‍കുട്ടികള്‍ക്ക് പ്രവേശം നിഷേധിച്ചിരുന്നു.
ഏകദേശം മൂന്ന് മാസം മുമ്പാണ് അഫ്ഗാനിസ്ഥാനില്‍ സര്‍വകലാശാലകളിലേക്ക് പ്രവേശന പരീക്ഷ നടന്നത്. പ്രവേശന പരീക്ഷയില്‍ പങ്കെടുക്കാന്‍ പെണ്‍കുട്ടികള്‍ക്ക് അനുവാദം നല്‍കിയിരുന്നെങ്കിലും വിവിധ വിഷയങ്ങള്‍ക്ക് വിലക്കുണ്ടായിരുന്നു.
വെറ്റനറി സയന്‍സ്, എഞ്ചിനീയറിങ്, ഇക്കണോമിക്സ്, അഗ്രികള്‍ച്ചര്‍ തുടങ്ങിയ വിവിധ വിഷയങ്ങള്‍ക്കായിരുന്നു വിലക്ക്. താലിബാന്‍ അനുവദിച്ച വിഷയങ്ങളിലേക്കുള്ള പരീക്ഷകള്‍ മാത്രമേ പെണ്‍കുട്ടികള്‍ക്ക് എഴുതാന്‍ കഴിയുമായിരുന്നുള്ളു.
2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതിന് പിന്നാലെ തീവ്ര സ്ത്രീവിരുദ്ധ നടപടികളായിരുന്നു താലിബാന്‍ നടപ്പിലാക്കിയിരുന്നത്. സ്‌കൂളുകളിലും കോളേജുകളിലും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ക്ലാസ്മുറികളാക്കിയിരുന്നു.
പാര്‍ക്കുകള്‍, വിനോദോത്സവങ്ങള്‍, ജിമ്മുകള്‍, പബ്ലിക് ബാത്തുകള്‍ എന്നിവിടങ്ങളില്‍ നേരത്തെ തന്നെ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
സര്‍ക്കാര്‍ ജോലികളില്‍ നിന്നും സ്ത്രീകളെ പുറത്താക്കുന്നതിന് വേണ്ടി ശമ്പളം വെട്ടികുറക്കുന്ന നടപടിയുംതാലിബാന്‍ സ്വീകരിച്ചിരുന്നു. വീടിന് പുറത്തിറങ്ങുമ്പോള്‍ ബുര്‍ഖ ധരിക്കണമെന്നും ബന്ധുവായ ഒരു പുരുഷനോടൊപ്പം മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളുവെന്നുമുള്ള ഉത്തരവും താലിബാന്‍ കഴിഞ്ഞ മാസങ്ങളിലായി ഇറക്കിയിരുന്നു.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായമാണ് അഫ്ഗാനിസ്ഥാന്റെ ഇക്കോണമിയെ ഇപ്പോള്‍ താങ്ങിനിര്‍ത്തുന്നത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതടക്കമുള്ള നടപടികളെ തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ ഈ സഹായങ്ങള്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. സര്‍വകലാശാലകളിലെ വിലക്ക് കൂടിയാകുന്നതോടെ താലിബാനെതിരെ അന്താരാഷ്ട്ര ലോകം നിലപാട് കടുപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: School ban for Afghan girls, but Taliban leaders’ daughters study in abroad