| Wednesday, 18th September 2019, 10:37 am

കായികാധ്യാപകരുടെ ചട്ടപ്പടി സമരം തുടരുന്നു: സംസ്ഥാന സ്‌കൂള്‍ കായികമേള നടത്തിപ്പ് അനിശ്ചിതത്വത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സംസ്ഥാനത്തെ കായികാധ്യാപകര്‍ ആരംഭിച്ച ചട്ടപ്പടി സമരം ഒത്തുതീര്‍പ്പാക്കാന്‍ കഴിയാത്തത് സംസ്ഥാന സ്‌കൂള്‍ കായികമേള നടത്തിപ്പ് അനിശ്ചിതത്വത്തിലാക്കുന്നു. കഴിഞ്ഞ ജൂണില്‍ ആരംഭിച്ച സമരം ഇപ്പോഴും തുടരുന്നതാണ് കായികമേള നടത്തിപ്പിനെ ബാധിച്ചിരിക്കുന്നത്.

യു.പി, ഹൈസ്‌കൂള്‍ കായികാധ്യാപകരുടെ തസ്തിക നിര്‍ണയ മാനദണ്ഡങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക, ഹയര്‍ സെക്കന്‍ഡറിയില്‍ തസ്തിക അനുവദിച്ച് നിയമനവും പ്രമോഷനം നടപ്പാക്കുക, തുല്യ ജോലിക്ക് തുല്യ വേതനം അനുവദിക്കുക, സ്‌പെഷ്യലിസ്റ്റ് തസ്തിക ഒഴിവാക്കി ജനറല്‍ അധ്യാപകരായി പരിഗണിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കായികാധ്യാപകര്‍ ചട്ടപ്പടി സമരം നടത്തുന്നത്.

ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് 2017ല്‍ കായികാധ്യാപകര്‍ സമരം നടത്തിയിരുന്നെങ്കിലും സര്‍ക്കാറുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് സമരത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. വിഷയങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമയം ചോദിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍ യാതൊരു നടപടിയും ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മുതല്‍ വീണ്ടും സമരം തുടങ്ങുകയായിരുന്നു.

സമരം നടത്തുന്ന അധ്യാപകരവുമായി വിദ്യാഭ്യാസ മന്ത്രിയും ഡി.പി.ഐയും ചര്‍ച്ച നടത്തിയെങ്കിലും പരിഹാരം കാണാതെ പിരിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കായികമേള നടത്തിപ്പിനെയും ഇത് ബാധിച്ചിരിക്കുന്നത്.

സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്‌സ് നവംബര്‍ 14 മുതല്‍ 17 വരെ കണ്ണൂരില്‍ നടത്താനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. നവംബറില്‍ തന്നെയാണ് ദേശീയ സ്‌കൂള്‍ കായികമേളയും നടക്കാനിരിക്കുന്നത് എന്നതിനാല്‍ ഇതിനി നീട്ടിക്കൊണ്ടുപോകാന്‍ കഴിയില്ല.

ദേശീയ കായികമേളയ്ക്കായുളള സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കണമെങ്കില്‍ ഉപജില്ലാ, റവന്യൂ ജില്ലാ, സംസ്ഥാന കായികമേളകള്‍ നടത്തേണ്ടതുണ്ട്. എന്നാല്‍ തങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ പരിഗണിക്കാതെ മേളയുമായി സഹകരിക്കില്ലെന്നാണ് കായികാധ്യാപകര്‍ പറയുന്നത്.

ദേശീയ കായികമേളയ്ക്കായുള്ള ഗെയിംസ് മത്സരങ്ങള്‍ ഒക്ടോബറില്‍ തന്നെ ആരംഭിക്കും. ഇതിനു മുമ്പായി ടീമിനെ തെരഞ്ഞെടുക്കണം. എന്നാല്‍ സംസ്ഥാന കായിക മേളയ്ക്ക് മുന്നോടിയായി നടത്തേണ്ട ഉപജില്ലാ, റവന്യൂ ജില്ലാ മത്സരങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ പോലും ഇതുവരെ നടന്നിട്ടില്ല.

ഓണാവധിയ്ക്കുശേഷം മത്സരങ്ങള്‍ തുടങ്ങാനായിരുന്നു വിദ്യാഭ്യാസ അധികൃതരുടെ തീരുമാനം. ഇതിനായി സംസ്ഥാനത്തെ 163 സബ് ജില്ലകളിലെ സെക്രട്ടറിമാരെ ഡി.ഡി.ഇയും റവന്യൂ ജില്ലാ കായികമേളയുടെ നടത്തിപ്പിനായി 14 ജില്ലാ സെക്രട്ടറിമാരെ ഡി.പി.ഐയും തെരഞ്ഞെടുത്തെങ്കിലും ഇവര്‍ ഇതുവരെ ചുമതല ഏറ്റെടുത്തിട്ടില്ല.

മുന്‍വര്‍ഷങ്ങളില്‍ എ.ഇ.ഒമാര്‍ കായികാധ്യാപകരുടെ യോഗം വിളിച്ചുചേര്‍ത്തായിരുന്നു സബ്ജില്ലാ സെക്രട്ടറിമാരെ തെരഞ്ഞെടുത്തിരുന്നത്. ഇത്തവണയും യോഗം വിളിച്ചെങ്കിലും കായികാധ്യാപകര്‍ യോഗത്തില്‍ വിയോജിപ്പ് അറിയിച്ച് ഇറങ്ങിപ്പോയതിനെ തുടര്‍ന്നാണ് ഡി.ഡി.ഇ പ്രത്യേകാധികാരം ഉപയോഗിച്ച് സബ് ജില്ലകളിലെ സെക്രട്ടറിമാരെ തെരഞ്ഞെടുത്തത്.

എന്നാല്‍ ഡി.ഡി.ഇ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സെക്രട്ടറിമാര്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയും ചുമതലയില്‍ നിന്ന് ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കുകയും ചെയ്തിരിക്കുകയാണ്.

ഈ സാഹചര്യത്തില്‍ കായികാധ്യാപകരെ ഒഴിവാക്കി സ്‌പോര്‍ട്‌സ് കൗണ്‍സിലുകളെയോ അസോസിയേഷനുകളെയോ വെച്ച് മേളകള്‍ നടത്താനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇത് വിജയിക്കുമോയെന്ന ആശങ്കയുമുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അധ്യാപകരുടെ സമരം വിദ്യാര്‍ഥികളുടെ പരിശീലനത്തെയും ബാധിക്കുന്നുണ്ട്. നിലവില്‍ സമരം തുടരുന്നതിനാല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളെ മാത്രമാണ് കായികാധ്യാപകര്‍ പരിശീലിപ്പിക്കുന്നത്. ക്ലാസ് പരിധി ഒഴിവാക്കി പ്രായപരിധി നടപ്പിലാക്കാനുള്ള സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനത്തെ തുടര്‍ന്ന് ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലെ മത്സരാര്‍ത്ഥികള്‍ കൂടുതലും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളാണ്. ഹയര്‍ സെക്കന്‍ഡറിയില്‍ കായികാധ്യാപകരില്ലാത്തത് ഇവരുടെ പരിശീലനത്തെയും ബാധിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈമാസം പതിനെട്ടിനു മുമ്പ് സ്‌കൂള്‍ തലത്തിലുള്ള കായിക മത്സരങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് ഓണാവധിക്ക് തൊട്ടുമുമ്പ് അധികൃതര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ അഞ്ചിനാണ് സ്‌കൂളുകള്‍ക്ക് ഈ ഉത്തരവിന്റെ കോപ്പി ലഭിച്ചത്. ആറിന് ഓണാവധി ആരംഭിക്കുകയും ചെയ്തു. പതിനാറിനാണ് ഓണാവധിക്കുശേഷം സ്‌കൂള്‍ തുറന്നത്. ശേഷമുള്ള രണ്ട് ദിവസത്തിനുള്ളില്‍ മത്സരങ്ങള്‍ നടത്തി വിജയികളുടെ പേര് വിവരങ്ങള്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന നിര്‍ദേശം സ്‌കൂളുകളെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more