ഇരിങ്ങാലക്കുട: ശബരിമല തീർഥാടനത്തിന് വ്രതം നോറ്റിരിക്കുന്ന വിദ്യാർഥികളോട് കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിൽ വരരുതെന്ന് നിർദേശം നൽകി പ്രധാനാധ്യാപിക. ഇത് ചോദ്യംചെയ്ത രക്ഷിതാവിനെ ആക്ഷേപിച്ചെന്നും പരാതി. അധിക്ഷേപത്തിനിരയായ രക്ഷിതാവ് ഇരിങ്ങാലക്കുട ജില്ല വിദ്യാഭ്യാസ ഓഫിസിലെത്തി ആത്മഹത്യക്കു ശ്രമിച്ചു.
ചാലക്കുടി ചായ്തിൻകുഴി ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനാധ്യാപികയാണ് കറുത്ത വസ്ത്രം ധരിക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ വിലക്കിയതെന്നും ഇത് ചോദ്യം ചെയ്യാനെത്തിയ പൂജാരികുടിയായ കൊല്ലരേഴത്ത് ശ്രീപീഠം വീട്ടിൽ അനീഷിനെ (45) പ്രധാനാധ്യാപികയും മറ്റ് അധ്യാപകരും അധിക്ഷേപിക്കുകയായിരുന്നു.
വസ്ത്രത്തിലൂടെയല്ല പെരുമാറ്റത്തിലൂടെ വേണം മനസ് നന്നാവേണ്ടതെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് ആരോപണം. പിന്നാലെ ചൊവ്വാഴ്ച രാവിലെ അനീഷ് ഇരിങ്ങാലക്കുട ഡി.ഇ.ഒ ഓഫിസിലെത്തി ആത്മഹത്യക്ക്
ശ്രമിക്കുകയായിരുന്നു.
അതെ സമയം സർക്കാർ വിദ്യാലയത്തെ തകർക്കാനുള്ള ശ്രമമാണ് അനീഷിന്റേതെന്നാണ് പ്രധാനാധ്യാപിക പറഞ്ഞു. ശബരിമല തീർഥാടനത്തിന് വ്രതം നോറ്റിരിക്കുന്ന ആരെയും നേരിട്ട് വിളിച്ച് കറുത്ത വസ്ത്രം ധരിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് ചായ്പൻകുഴി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാനാധ്യാപിക ഷീജ ആൻ്റണി പറഞ്ഞു. അതിൻ്റെ പേരിൽ വിദ്യാർത്ഥികളിൽ ആർക്കെതിരെയും ശിക്ഷാനടപടി കൈക്കൊള്ളുകയോ ശാസിക്കുകയോ ചെയ്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
‘സ്‌കൂളിൽ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ നടന്ന അസംബ്ലിയിൽ മുന്നോ നാലോ വിദ്യാർഥികൾ ട്രാക്ക് സ്യൂട്ട് ധരിച്ചെത്തിയതായി ശ്രദ്ധയിൽപെട്ടപ്പോൾ യൂനിഫോം ധരിക്കാൻ ശ്രദ്ധിക്കണമെന്ന് ഉപദേശിച്ചിരുന്നു. തിങ്കളാഴ്ച ഇതിന്റെ പേരിൽ ഒരു രക്ഷിതാവ് സ്‌കൂൾ ഓഫിസിൽ കയറിവന്ന് ബഹളമുണ്ടാക്കുകയും എന്നെയും സഹ അധ്യാപകരെയും അധിക്ഷേപിക്കുകയും ചെയ്തു.
എന്നാൽ, ഇയാളുടെ കുട്ടി ശബരിമല തീർഥാടനത്തിന് വ്രതം നോറ്റവരുടെ കൂട്ടത്തിൽപോലും ഉണ്ടായിരുന്നില്ല. തുടർന്ന് അന്ന് വൈകീട്ട് ചേർന്ന സ്‌കൂൾ പി.ടി.എ യോഗം മനഃപൂർവം വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള അയാളുടെ ആരോപണത്തെ തള്ളിക്കളയുകയായിരുന്നു,’ പ്രധാനാധ്യാപിക പറഞ്ഞു.
ഭാര്യയും മക്കളുമായി ഓഫിസിലെത്തിയ അനീഷ് ഡി.ഇ.ഒ ഷൈലയോട് ഇതു സംബന്ധിച്ച് സംസാരിക്കുന്നതിനിടെ കൈയിൽ കരുതിയ കുപ്പിയിൽനിന്ന് പെട്രോളെടുത്ത് ശരീരത്തിൽ ഒഴിച്ചു. ഓഫിസറും ഭാര്യയും ഉടൻതന്നെ അനീഷിന്റെ കൈ യിൽനിന്ന് ലൈറ്റർ പിടിച്ച് വാങ്ങുകയും മറ്റുള്ളവരെ വിവരമറിയിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അനീഷിനെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു.
പരാതി ഉയർന്ന സാഹചര്യത്തിൽ തന്നെ പ്രധാനാധ്യാപിക അസംബ്ലി വിളിച്ച് യൂനിഫോം നിർബന്ധ മാണെന്ന ഉത്തരവ് പിൻവലിച്ചിരുന്നതായി ഡി.ഇ.ഒ പറഞ്ഞു. ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്ത അനീഷിനെ ജനറൽ ആ ശുപത്രിയിൽ പ്രവേശിപ്പിച്ച് ആരോഗ്യപരിശോധന നടത്തി. അനീഷി നെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
Content Highlight: School advises students not to wear black ; When interrogated, the parent tried to commit suicide alleging abuse