| Monday, 9th July 2018, 5:15 pm

സര്‍ക്കാര്‍ ഫണ്ട് നിലച്ചു; ഫീസ് നല്‍കാത്ത പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ സാധിക്കില്ല: നിലപാടിലുറച്ച് മെഡിക്കല്‍ മാനേജ് മെന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

സര്‍ക്കാര്‍ ഫീസ് സംബന്ധിച്ച വിഷയത്തില്‍ ഉറപ്പ് ലഭിക്കാത്തത് പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ പഠനം ദുരിതത്തിലാക്കിയിരിക്കുകയാണ്. ഫീസിന്റെ കാര്യത്തില്‍ തീരുമാനമാകാത്തതാണ് പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളുടെ എം.ബി.ബി.എസ് പ്രവേശനത്തിന് തടസ്സമായിരിക്കുന്നത്.

അതേസമയം ഫീസിന്റെ കാര്യത്തില്‍ തീരുമാനമായാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ സാധിക്കുകയുള്ളുവെന്നാണ് മെഡിക്കല്‍ മാനേജ്‌മെന്റുകളുടെ ഇപ്പോഴത്തെ നിലപാട്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രവേശന പരീക്ഷാകമ്മീഷണര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

നിലവില്‍ സ്വാശ്രയ കോളേജിലുള്‍പ്പടെ പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് നല്‍കുന്നത് സര്‍ക്കാരാണ്. ഇതിനായുള്ള നിശ്ചിത തുക അനുവദിക്കുന്നത് പട്ടികജാതി- പട്ടികവര്‍ഗ്ഗ വകുപ്പാണ്. ഇത്രയും നാള്‍ പിന്‍തുടര്‍ന്നുപോയിരുന്ന നയത്തിന്‍മേലുള്ള മാറ്റം വഴിമുട്ടിച്ചിരിക്കുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെയാണ്.


ALSO READ: മാസങ്ങളായി കൂലിയില്ലാതെ കയര്‍തൊഴിലാളികള്‍; തൊഴില്‍വകുപ്പിന്റെ മൗനത്തിനെതിരെ പ്രതിഷേധവുമായി തൊഴിലാളികള്‍


അതേസമയം നേരത്തേയുള്ള 150 കോടിയോളം രൂപയുടെ കുടിശ്ശിക സര്‍ക്കാര്‍ തന്നുതീര്‍ത്തു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസ് ഇനത്തില്‍ ഇതേവരെ ഒരു തുകയും നല്‍കിയിട്ടില്ലെന്നാണ് മാനേജ്‌മെന്റിന്റെ വാദം.

ഈ സാഹചര്യം നിലനില്‍ക്കുന്ന അവസരത്തില്‍ ഇത്തവണ ഫീസിന്റെ കാര്യത്തില്‍ തീരുമാനമാകാതെ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ സാധിക്കില്ലെന്നാണ് മാനേജ്‌മെന്റുകള്‍ പറയുന്നത്. സര്‍ക്കാരില്‍ നിന്ന് ഇതേവരെ ഫീസ്ഘടന സംബന്ധിച്ച അറിയിപ്പുകളും ഉത്തരവുകളും ലഭിച്ചിട്ടില്ലെന്നും മാനേജ്‌മെന്റ് വ്യക്തമാക്കിയിരിക്കുകയാണ്.

സംസ്ഥാനത്തെ മിക്ക കോളേജുകള്‍ക്കും ഇപ്പോള്‍ സര്‍ക്കാര്‍ കുടിശ്ശിക ഏകദേശം നാലുകോടിയോളം രൂപയാണ്. അതേസമയം മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടെ ഫീസ് നല്‍കുന്ന കാര്യത്തിലും സര്‍ക്കാര്‍ നേരത്തേ വ്യക്തത വരുത്തിയിരുന്നുവെന്നാണ് മാനേജ്‌മെന്‌റിന്റെ ഭാഗത്ത് നിന്നുള്ള തീരുമാനമെന്നാണ് അറിയാന്‍ കഴിയുന്നത്.

നിലവില്‍ സ്വാശ്രയകോളേജിലടക്കം സീറ്റ് ലഭിച്ചിട്ടും പഠനം തുടരാന്‍ കഴിയാത്ത അവസ്ഥയിലാണ് പട്ടികവിഭാഗം വിദ്യാര്‍ഥികള്‍.

കഴിഞ്ഞ വര്‍ഷമാണ് പട്ടികജാതി വിദ്യാര്‍ഥികളുടെ നിയമനവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക ഉത്തരവ് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇതനുസരിച്ച് നീറ്റ് ലിസ്റ്റില്‍നിന്നും സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കുന്ന പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാര്‍ നല്‍കുമെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അറിയിച്ചിരുന്നു.


ALSO READ; സഹകരണ മേഖല എങ്ങനെ നശിപ്പിക്കപ്പെടുന്നു?


സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഫീസുമായി ബന്ധപ്പെട്ട ഒരു ആശങ്കയും പട്ടികജാതി, പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകേണ്ടതില്ലെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.

സര്‍ക്കാരോ, കോടതിയോ നിശ്ചയിക്കുന്ന ഫീസ് ഏതായാലും നീറ്റ് ലീസ്റ്റില്‍ നിന്നും പ്രവേശനം ലഭിക്കുന്ന കുട്ടികള്‍ക്ക് സര്‍ക്കാര്‍ നല്‍കും. ഇതുമൂലം ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി അന്ന് അറിയിച്ചിരുന്നതാണ്. തുടര്‍ന്ന് നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പ്രവേശനം ലഭിക്കുന്നവര്‍ക്കും ഈ സഹായം ലഭിക്കുമെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ഥികളുടെ മെഡിക്കല്‍ ഫീസ് വിഷയത്തില്‍ കുടിശ്ശികയുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഫീസ് കുടിശ്ശിക വന്നാല്‍ ബന്ധപ്പെട്ടവരെ അറിയിക്കേണ്ട ഉത്തരവാദിത്തം മാനേജ്‌മെന്റിനും സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്കും ഉണ്ട്. എന്നാല്‍ മാനേജ്‌മെന്റുകളുടെ ഭാഗത്ത് നിന്ന് ഇക്കാര്യങ്ങള്‍ അറിയിച്ച് കൊണ്ട് കത്തോ പരാതികളോ ലഭിച്ചിട്ടില്ലെന്നാണ് പട്ടികവിഭാഗം ഉദ്യോഗസ്ഥരുടെ വാദം.

നേരത്തേ സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് ഫീസ് നല്‍കാനുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബാക്കിയുണ്ടായിരുന്ന കുടിശ്ശിക നല്‍കിയിട്ടുണ്ടെന്നും വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ മാനേജ്‌മെന്റുകളുടെ പരാതി ലഭിച്ചാല്‍ കൃത്യമായ നടപടിക്രമങ്ങള്‍ എടുക്കുമെന്നും വിദ്യാര്‍ഥികളുടെ പഠനത്തിനാവശ്യമായ കാര്യങ്ങള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നുമാണ് ലഭിക്കുന്ന മറുപടി.

We use cookies to give you the best possible experience. Learn more