| Thursday, 20th April 2023, 10:13 am

ക്രിസ്തുമതം സ്വീകരിച്ച പട്ടികജാതിക്കാര്‍ക്കും സംവരണം വേണം; പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ക്രിസ്തുമതം സ്വീകരിച്ച ആദി ദ്രാവിഡര്‍ക്കും പട്ടിക ജാതി സംവരണം ഏര്‍പ്പെടുത്താനുള്ള തീരുമാനവുമായി തമിഴ്‌നാട്. ഇതുമായി ബന്ധപ്പെട്ട പ്രമേയം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ അവതരിപ്പിച്ചു.

‘ഇന്ത്യന്‍ ഭരണഘടന പ്രകാരം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന സംവരണം ഉള്‍പ്പെടെയുള്ള നിയമാനുസൃത പരിരക്ഷയും അവകാശങ്ങളും ഇളവുകളും ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതിക്കാര്‍ക്കും നല്‍കുന്നതിന് ആവശ്യമായ ഭേദഗതികള്‍ ഭരണഘടനയില്‍ വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.

ഇത് എല്ലാ മേഖലകളിലും സാമൂഹിക നീതിയുടെ നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താന്‍ അവരെ പ്രാപ്തരാക്കും,’ പ്രമേയത്തില്‍ പറയുന്നു.

മുമ്പ് നടത്തിയത് പോലുള്ള ഭരണഘടനാഭേദഗതി ഇവിടെയും നടത്തണമെന്ന് സ്റ്റാലിന്‍ പറഞ്ഞു.

‘1950ലെ ഭരണഘടന ഉത്തരവ് പ്രകാരം ഹിന്ദുക്കളെ മാത്രമേ പട്ടിക ജാതി വിഭാഗമായിട്ട് പരിഗണിക്കുന്നുള്ളൂ. സിഖ് വിഭാഗത്തെ ഉള്‍പ്പെടുത്തി 1956ലും ബുദ്ധിസ്റ്റുകളെ ഉള്‍പ്പെടുത്തി 1990ലും ഇത് പരിഷ്‌കരിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ മതം സ്വീകരിച്ച ആദി ദ്രാവിഡരും ഇത്തരത്തിലുള്ള ഭേദഗതി പ്രതീക്ഷിക്കുന്നുണ്ട്,’ സ്റ്റാലിന്‍ പറഞ്ഞു.

ക്രിസ്ത്യന്‍ മതം സ്വീകരിച്ചവര്‍ക്ക് സാമൂഹിക നീതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മതം മാറിയവര്‍ ചരിത്രപരമായി പട്ടികജാതി വിഭാഗമാണ്. അവര്‍ക്ക് എസ്.സി പദവി നല്‍കുന്നത് ന്യായമാണ്. അതിലൂടെ വിദ്യാഭ്യാസം, തൊഴില്‍ മുതലായവയില്‍ സാമൂഹിക നീതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും.

അവര്‍ മറ്റ് മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്ന കാരണത്താല്‍ അവരുടെ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല. ഇതാണ് ഞങ്ങളുടെ നിലപാട്.

സംവരണം ഒഴികെയുള്ള എല്ലാ ആനുകൂല്യങ്ങളും ദലിത് ക്രിസ്ത്യാനികള്‍ക്ക് തമിഴ്നാട് നേരത്തെ നല്‍കിയിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി എം. കരുണാനിധി 1996, 2006, 2010, 2011 വര്‍ഷങ്ങളില്‍ പ്രധാനമന്ത്രിമാര്‍ക്ക് ഇതേ ആവശ്യത്തില്‍ കത്തുകളയച്ചിരുന്നു.

സാമൂഹിക നീതി എന്നത് ജാതിയുടെ അടിസ്ഥാനത്തില്‍ മാറ്റിനിര്‍ത്തിയവരെ അതേ സജാതിയുടെ പേരില്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണ്.

പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ മതം മാറിക്കഴിഞ്ഞാല്‍ പട്ടികജാതി വിഭാഗമാണെന്ന സര്‍ട്ടിഫിക്കറ്റ് കൈവശം വെച്ചാല്‍ അത് അസാധുവാകുമെന്ന് കഴിഞ്ഞ വര്‍ഷം ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. തുടര്‍ന്ന് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ ഇത് പഠിക്കാന്‍ കമ്മീഷനെ രൂപീകരിച്ചിട്ടുമുണ്ട്.

എന്നാല്‍ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങള്‍ ശേഖരിച്ചതിന് ശേഷം മാത്രമേ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാവൂ എന്ന് ഞാന്‍ കമ്മീഷനോട് ആവശ്യപ്പെടുന്നു,’ സ്റ്റാലിന്‍ പറഞ്ഞു.

പ്രധാന പ്രതിപക്ഷമായ എ.ഐ.ഡി.എം.കെ അടക്കം പ്രമേയത്തെ അംഗീകരിച്ചു. എന്നാല്‍ ബി.ജെ.പി എം.എല്‍.എമാര്‍ ഇറങ്ങിപ്പോയിരുന്നു. പിന്നാലെ പ്രമേയം നിയമസഭയില്‍ പാസാക്കി.

അതേസമയം 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയമാണിതെന്ന് കരുതിയാണ് ഇറങ്ങിപ്പോയതെന്ന് ബി.ജെ.പി കോയമ്പത്തൂര്‍ എം.എല്‍.എ വനതി ശ്രീനിവാസന്‍ പറഞ്ഞു.

‘ ആദി ദ്രാവിഡരെ സഹായിക്കുന്നതിന് പകരം 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കണ്ടുള്ള രാഷ്ട്രീയമാണ് പ്രമേയത്തിന് പിന്നിലെന്ന് കരുതിയാണ് ഇറങ്ങിപ്പോയത്.

നേരത്തെ തന്നെ 2022ല്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്നംഗ കമ്മീഷനെ രൂപീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ഹരജികള്‍ ജൂലൈയില്‍ സുപ്രീം കോടതി പരിഗണിക്കും.

കേന്ദ്ര സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും പ്രശ്‌നം ജുഡീഷ്യറിയുടെ പരിഗണനയിലായിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇപ്പോള്‍ പ്രമേയം കൊണ്ടുവരേണ്ട ആവശ്യമെന്താണ്.

ആദി ദ്രാവിഡര്‍ ഇപ്പോഴും തൊട്ടുകൂടായ്മ നേരിടുന്നുണ്ടോയെന്ന് പ്രമേയം ഉദ്ദേശിക്കുന്നുണ്ടോ? ക്രിസ്ത്യന്‍, മുസ്‌ലിം മതങ്ങളിലേക്ക് മതം മാറിയിട്ടും പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അക്രമങ്ങളുടെ തുടര്‍ച്ചയാണോ പ്രമേയം,’ അദ്ദേഹം പറഞ്ഞു.

CONTENT HIGHLIGHT: Scheduled Castes who have converted to Christianity also need reservation; The Tamil Nadu Legislative Assembly passed the resolution

We use cookies to give you the best possible experience. Learn more