| Friday, 2nd December 2022, 1:03 pm

പട്ടികജാതി വിദ്യാര്‍ത്ഥികളെക്കൊണ്ട് നിര്‍ബന്ധിച്ച് ടോയ്‌ലെറ്റ് വൃത്തിയാക്കി; പ്രധാനാധ്യാപികക്കെതിരെ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ സ്‌കൂളിലെ ടോയ്‌ലെറ്റ് വൃത്തിയാക്കാന്‍ നിര്‍ബന്ധിച്ച സംഭവത്തില്‍ ഒളിവില്‍ പോയ പ്രധാനാധ്യാപികക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. തമിഴ്‌നാട്ടിലെ ഈറോഡ് പാലക്കരയിലെ പഞ്ചായത്ത് പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. സ്‌കൂളിലെ ടോയ്‌ലെറ്റ് വൃത്തിയാക്കാനായി പ്രധാനാധ്യാപികയായ ഗീത റാണി പട്ടിജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ മാത്രം തെരഞ്ഞടുത്തു എന്നാണ് പരാതി.

പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം ജുവനൈല്‍ ജസ്റ്റിസ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

അടുത്തിടെ മകന് ഡെങ്കിപ്പനി പിടിപ്പെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് നിയലംഘനം പുറത്തറിഞ്ഞതെന്നും വിദ്യാര്‍ഥിയുടെ മാതാവ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

എങ്ങനെയാണ് ഡെങ്കിപ്പനി പിടിപെട്ടതെന്ന് മകനോട് ചോദിച്ചപ്പോള്‍, ദിവസവും ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ടോയ്‌ലെറ്റ് വൃത്തിയാക്കുന്നതിനിടക്ക് കൊതുക് കടിയേറ്റിരുന്നു എന്നാണ് പറഞ്ഞതെന്നും മാതാവ് പറയുന്നു.

‘കഴിഞ്ഞ ആഴ്ച കുട്ടികള്‍ ടോയ്‌ലെറ്റ് വൃത്തിയാക്കുന്ന വടികളും മഗ്ഗുകളുമായി വരുന്നത് ഒരു രക്ഷിതാവ് കണ്ടു. ചോദിച്ചപ്പോള്‍ അവര്‍ ടോയ്‌ലെറ്റ് വൃത്തിയാക്കുകയായിരുന്നെന്നും, പ്രധാനാധ്യപികയാണ് വൃത്തിയാക്കാന്‍ നിര്‍ദേശിച്ചതായും പറഞ്ഞു.

40 കുട്ടികളാണ് ആ ക്ലാസിലുള്ളത്. അതില്‍ ഭൂരിഭാഗവും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരാണ്. ഞങ്ങളുടെ കുട്ടികളോട് മാത്രമേ ഇത് ചെയ്യാന്‍ അധ്യാപിക ആവശ്യപ്പെട്ടിട്ടൂള്ളൂ,’ മാതാവ് പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് പ്രധാനാധ്യപികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യവുമായി വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ സ്‌കൂളിന് മുമ്പില്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.

പട്ടികജാതി വിദ്യാര്‍ത്ഥികളെക്കൊണ്ട് നിരന്തരമായി സ്‌കൂളിലെ ടോയ്‌ലെറ്റുകളും വാട്ടര്‍ ടാങ്കും വൃത്തിയാക്കിക്കുന്നുണ്ടെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

അതേസമയം, സംഭവം വിവാദമായതോടെ പാലക്കര പഞ്ചായത്ത് സ്‌കൂളിലെ പ്രധാനാധ്യാപിക ഒളിവിലാണ്. ഇവരെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.

Content Highlight: Scheduled Caste Students Made To Clean Toilet In Tamil Nadu School, Case Filed

We use cookies to give you the best possible experience. Learn more