| Sunday, 24th June 2018, 4:09 pm

കെ.എ.എസ് സംവരണ അട്ടിമറിക്കെതിരെ പ്രതിഷേധം ശക്തം; നിയമനങ്ങളില്‍ സംവരണം ഉറപ്പാക്കണമെന്ന് പട്ടികവിഭാഗ കമ്മീഷന്‍

ഗോപിക

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസിലേക്ക് നടത്തുന്ന എല്ലാ നിയമനങ്ങളിലും കൃത്യമായ സംവരണം ഉറപ്പാക്കണമെന്ന് സംസ്ഥാന പട്ടിക ജാതി ഗോത്ര കമ്മീഷന്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുകയാണ്. സംവരണം ഉറപ്പാക്കുന്നതുവരെ കെ.എ.എസിലേക്ക് നിയമന നടപടികളുമായി മുന്നോട്ട് പോകരുതെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

നിലവില്‍ അഡ്വക്കേറ്റ് ജനറല്‍ കെ.എ.എസില്‍ സംവരണം വേണ്ടെന്ന് നിയമോപദേശം നല്‍കിയിരുന്നു.

സര്‍ക്കാര്‍ അംഗീകരിച്ച നിയമന വ്യവസ്ഥകളില്‍ രണ്ട്, മൂന്ന് വിഭാഗങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടില്ല. നേരത്തേയും കെ.എ.എസില്‍ സംവരണം അട്ടിമറി ശ്രമങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും നിലനിന്നിരുന്നു. എന്നാല്‍ സംവരണം ഉറപ്പാക്കണമെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്.

രണ്ട് ,മൂന്ന് വകുപ്പുകളില്‍ സംവരണമില്ലാതെ കെ.എ.എസ് നിയമനത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുന്നതിനെതിരെയാണ് പട്ടിക വിഭാഗത്തിന്റെ ഇടപെടല്‍ പുറത്തുവന്നിരിക്കുന്നത്. പട്ടിക ജാതി വിഭാഗത്തിന്റെ സംവരണം പ്രസ്തുത തസ്തികയില്‍ നല്‍കണമെന്നാവശ്യപ്പെട്ട് പട്ടികജാതി രക്ഷാ സമിതി മധു പട്ടിക ജാതി കമ്മീഷനെ സമീപിച്ചിരുന്നു.


ALSO READ: താല്‍പ്പര്യത്തിന് വിരുദ്ധമായാല്‍ പ്രചാരകരെ പിന്‍വലിക്കുമെന്ന് ആര്‍.എസ്.എസ് ഭീഷണി; അധ്യക്ഷനെ കണ്ടെത്താനാവാതെ ബി.ജെ.പി സംസ്ഥാന നേതൃത്വം


ഇതിന്റെ അടിസ്ഥാനത്തില്‍ ഈ വകുപ്പുകളിലെ രണ്ടും മൂന്നും തസ്തികകളില്‍ സംവരണം അട്ടിമറിക്കപ്പെടുന്നുവെന്നും ഈ തസ്തികകളില്‍ കൂടി സംവരണം ഉറപ്പാക്കണമെന്നാണ് പട്ടിക വിഭാഗ കമ്മീഷന് മുന്നില്‍ ലഭിച്ച പരാതിയിന്‍ പറയുന്നത്.

സംവരണം ഇല്ലാതാക്കാനുള്ള പദ്ധതികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് പിന്‍വലിക്കണമെന്നും ആവശ്യമായ ഭേദഗതിയ്ക്ക് തീരുമാനം എടുക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ബിരുദധാരികളായ സര്‍ക്കാര്‍സര്‍വീസിലെ നാല്‍പതു വയസ്സുവരെയുള്ളവര്‍ക്കുള്ള നിയമനമാണ് കെ.എ.എസിന്റെ രണ്ടാമത്തെ തസ്തികയിലുള്ളത്. ഇതില്‍ മൂന്നിലൊന്ന് സംവരണമാണ് സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

മൂന്നാമതായി ഒന്നാം ഗസറ്റഡ് തസ്തികയിലുള്ള അമ്പതുവരെ പ്രായമുള്ളവര്‍ക്കുള്ളതാണ്. ഇതിലും മൂന്നിലൊന്നാണ് സംവരണം.

ഇതുസംബന്ധിച്ച നിയമം രൂപീകരിക്കുമ്പോള്‍ പി..എസ്.സി ഉന്നയിച്ച സംശയം അതേപടി സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. നിലവില്‍ സര്‍വീസിലുള്ളവര്‍ ഇതിനോടകം സംവരണാനുകൂല്യം നേടിയെന്നിരിക്കെ അവരില്‍ നിന്ന് നിയമനം നടത്തുമ്പോള്‍ വീണ്ടും സംവരണം പാലിക്കേണ്ടതില്ല എന്നതാണ് ആ വ്യവസ്ഥ.


ALSO READ: മിശ്രവിവാഹിതരായ പിന്നാക്കവിഭാഗക്കാര്‍ക്ക് സംവരണം നിഷേധിച്ച് പിന്നാക്ക വകുപ്പ്


മൂന്നാമത്തെ ഗസറ്റഡ് തസ്തികകളില്‍ സംവരണം പാലിക്കേണ്ടതില്ല എന്നതാണ് വ്യവസ്ഥ. ഇതിലൂടെ മൂന്നില്‍ അര ശതമാനം പേര്‍ക്ക് മാത്രമേ സംവരണം ലഭിക്കൂ. അതായത് ഇതിലൂടെ പിന്നാക്കക്കാര്‍ക്കും പട്ടികവിഭാഗങ്ങള്‍ക്കുമുള്ള അവസരങ്ങള്‍ നഷ്ടപ്പെടുമെന്നാണ് ഇപ്പോള്‍ ഉയരുന്ന വ്യാപക പരാതി.

കെ.എ.എസ് നിയമനം നടക്കുമ്പോള്‍ സര്‍ക്കാര്‍ സര്‍വീസില്‍ കൂടുതല്‍ പ്രാതിനിധ്യമുള്ള പിന്നാക്ക-പട്ടികവിഭാഗങ്ങള്‍ക്കുള്ള അര്‍ഹമായ അവസരങ്ങള്‍ നിഷേധിക്കപ്പെടുമെന്നാണ് ആരോപണം.

ഇതരസര്‍ക്കാര്‍ നിയമനങ്ങളിലെന്നതുപോലെ പട്ടികവിഭാഗക്കാരും പിന്നാക്കക്കാരുമായ സമുദായങ്ങള്‍ക്ക് ജാതിതിരിച്ചുള്ള സംവരണം പാലിക്കപ്പെടുന്നുണ്ടെന്ന് കെ.എ.എസിന്റെ കാര്യത്തിലും ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തവും ബാധ്യതയുമാണ്.

മൂന്ന് രീതിയിലാണ് കെ.എ.എസിലേക്ക് നിയമനം നടത്തുക.ആദ്യത്തേത് നേരിട്ടുള്ള നിയമനമാണ്. രണ്ടും മൂന്നും വിഭാഗത്തിലേക്കുള്ള നിയമനത്തെച്ചൊല്ലിയാണ് ഇപ്പോള്‍ വിവാദം ഉയര്‍ന്നിട്ടുള്ളത്.


ALSO READ: കറിപൗഡറുകളില്‍ മാരക കീടനാശിനി സാന്നിദ്ധ്യം; പരിശോധന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടും നടപടിയെടുക്കാതെ അധികൃതര്‍


സംസ്ഥാനത്തെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ സംവരണം ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റെ പ്രധാന ചുമതലയെന്ന വസ്തുത നിലനില്‍ക്കെ സര്‍ക്കാര്‍ വകുപ്പുകളില്‍ ഏറ്റവും പ്രധാനപ്പെട്ട വകുപ്പായ കെ.എ.എസില്‍ സംവരണം അട്ടിമറിക്കുന്ന ഉന്നതതല തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പട്ടിക വിഭാഗം മുന്നോട്ട് വയ്ക്കുന്ന പരാതിയില്‍ പറയുന്നത്.

ഏതാനും മാസം മുമ്പ് സര്‍ക്കാരുമായി നടന്ന അന്തിമ ചര്‍ച്ചയില്‍ മേല്‍പ്പറഞ്ഞ തസ്തികകളില്‍ സംവരണം വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചിരുന്നു. അന്നത്തെ ചര്‍ച്ചയില്‍ ഈ ആവശ്യം അട്ടിമറിക്കുകയും തസ്തികകയിലെ രണ്ടും മൂന്നും വിഭാഗങ്ങള്‍ സ്ഥാനക്കയറ്റ നിയമനമാക്കി മാറ്റുകയും ചെയ്തിരുന്നു. നേരത്തേ ഇത് നേരിട്ടുള്ള നിയമനം എന്ന വിഭാഗത്തിലായിരുന്നു.


ALSO READ: പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായ ദളിത് യുവതിയ്ക്കുനേരെ ആക്രമണം: ആക്രമണം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് പറഞ്ഞ്


ഇതിനിടെ പിന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തിക പരിധി എട്ടു ലക്ഷമാക്കി ഉയര്‍ത്താന്‍ നേരത്തേ കേന്ദ്രത്തില്‍ നിന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ അത് കേരളത്തില്‍ നടപ്പാക്കേണ്ട ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. പുതിയ സര്‍ക്കാര്‍ തസ്തികയായിരുന്നിട്ടുകൂടി കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതിനെതിരെയാണ് പട്ടിക വകുപ്പിന്റെ നിര്‍ദ്ദേശം എത്തിയിരിക്കുന്നത്.

ഗോപിക

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, കേരളസര്‍വകലാശാലയില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും മലയാളം സര്‍വ്വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്ദര ബിരുദവും നേടിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more