| Friday, 14th September 2012, 5:54 am

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പട്ടികജാതി നഴ്‌സിങ് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ നീക്കമെന്ന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ താത്കാലിക സ്റ്റാഫ് നഴ്‌സായി ജോലി നോക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട നഴ്‌സിങ് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ നീക്കമെന്ന് ആരോപണം.  മന്ത്രിയുടെ ഉത്തരവ് ലംഘിച്ച് തങ്ങളെ പിരിച്ചുവിട്ടുകൊണ്ട് ആ ഒഴിവുകളിലേക്ക് ബി.എസ്.സി നഴ്‌സുമാരെ നിയമിക്കാനാണ് നീക്കമെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.[]

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സംവരണാടിസ്ഥാനത്തില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ത്ഥികളെ പഠനശേഷം അഞ്ച് വര്‍ഷത്തേക്ക് താത്കാലിക സ്റ്റാഫ് നഴ്‌സ് ആയി നിയമിക്കാറുണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ കുറച്ച് നാളായി അത് രണ്ട് വര്‍ഷമായി ചുരുക്കി.

150 നഴ്‌സുമാരാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിയമിതരായിരിക്കുന്നത്. എന്നാല്‍ ഒരു വര്‍ഷം പൂര്‍ത്തിയായപ്പോള്‍ അധികൃതര്‍ തങ്ങളെ പിരിച്ചുവിടാനുള്ള നടപടി സ്വീകരിക്കുന്നെന്നാണ് ഇവരുടെ ആരോപണം.

നേരത്തെ ഇത് സംബന്ധിച്ച് ആരോഗ്യമന്ത്രി വി.എസ് ശിവകുമാറിന് നഴ്‌സുമാര്‍ പരാതി നല്‍കിയിരുന്നു. കാലാവധി അവസാനിക്കുന്നതിന് മുമ്പ് ഇവരെ പിരിച്ചുവിടരുതെന്ന് മന്ത്രി നിര്‍ദേശിക്കുകയും ചെയ്തതാണ്. ഇതവഗണിച്ച് തങ്ങളെ പുറത്താക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്നാണ് നഴ്‌സുമാരുടെ ആരോപണം.

അവഗണന അവസാനിപ്പിക്കണം, രണ്ട് വര്‍ഷത്തെ ബോണ്ട് കാലാവധി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ശക്തമായ സമരം നടത്തുമെന്ന് നഴ്‌സുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.

ബി.ആര്യ, എം.മാലതി, സ്മിതാ പി.ശിവന്‍, മനു മോഹന്‍, എം.ശരവണന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

We use cookies to give you the best possible experience. Learn more