ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി 2023 ലോകകപ്പിന്റെ മത്സരക്രമങ്ങള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ചിനാണ് മത്സരങ്ങള്‍ ആരംഭിക്കുക.
നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മില്‍ അഹമ്മദാബാദിലാണ് ഉദ്ഘാടന മത്സരം. നവംബര്‍ 19ന് ഇതേ വേദിയില്‍ ഫൈനലും നടക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരവും ഒക്ടോബര്‍ 15ന് അഹമ്മദാബാദില്‍ നടക്കും.
ആതിഥേയരായ ഇന്ത്യ ഉള്‍പ്പെടെ 10 ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കും. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ കിരീടമുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യയില്‍ അവസാനമായി ഏകദിന ലോകകപ്പ് നടന്നത് 2011-ലാണ്. അന്ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ശ്രീലങ്കയെ ആറുവിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്.