|

കുഴിയില്‍ ഏട്ടന്റെ തലയില്ല; പ്രതികാരത്തിനായി ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ലൂക്ക്; വീഡിയോ പുറത്ത് വിട്ട് ഡിസ്‌നി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിയേറ്ററിലെ ഗംഭീര പ്രകടനത്തിന് ശേഷം അടുത്തിടെ ഒ.ടി.ടിയിലും മമ്മൂട്ടി ചിത്രം റോഷാക്ക് സ്ട്രീമിങ് ആരംഭിച്ചിരുന്നു. നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രം ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചതിന് പിന്നാലെ വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.

അഭിനേതാക്കളുടെ പ്രകടനവും മേക്കിങ്ങുമാണ് പ്രധാനമായും പ്രേക്ഷകര്‍ എടുത്തു പറഞ്ഞത്. ഭാര്യയെ കൊന്നവനോട് പ്രതികാരം തീര്‍ക്കാനായി വിദേശത്തുനിന്നും കേരളത്തിലേക്ക് വന്ന ലൂക്കിലൂടെയാണ് കഥ മുന്നേറുന്നത്.

അതേസമയം ചിത്രത്തിലെ ഒരു വീഡിയോ ഇപ്പോള്‍ ഡിസ്‌നി പുറത്ത് വിട്ടിരിക്കുകയാണ്. ചേറും ചെളിയും കയറിയ ദിലീപിന്റെ കുഴിമാടം വൃത്തിയാക്കുന്ന രംഗമാണ് കാണിക്കുന്നത്. കുഴിയില്‍ അളിയന്റെ തലയില്ലെന്ന് ശശാങ്കന്‍ ഭാര്യയെ അറിയിക്കുകയും തുടര്‍ന്ന് അവര്‍ അത് സീതയോട് പറയുകയും ചെയ്യുന്നു. ഇതിന് പിന്നാലെ കാണിക്കുന്നത് ദിലീപിന്റെ ഭാര്യയുടെ സ്‌കൂട്ടറില്‍ അവളോടൊപ്പം സഞ്ചരിക്കുന്ന ലൂക്കിനെയാണ്. ഈ യാത്ര ഭ്രാന്തമായി ആസ്വദിക്കുന്ന ലൂക്കിന്റെ ഭാവങ്ങളും രംഗങ്ങളില്‍ കാണാം.

ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രത്തെ അഭിനന്ദിച്ച് പ്രമുഖ താരങ്ങളും എത്തിയിരുന്നു. ഈ മണ്ണ് ജന്മം നല്‍കിയ ഏറ്റവും മികച്ച അഭിനേതാവാണ് മമ്മൂട്ടിയെന്നാണ് അനൂപ് മേനോന്‍ കുറിച്ചത്.

ചിത്രം കണ്ട് ഇരുന്നിടത്തുനിന്നും അനങ്ങിയിട്ടില്ലെന്നാണ് ബോളിവുഡ് താരം മൃണാള്‍ താക്കൂര്‍ പറഞ്ഞത്. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു മൃണാള്‍ താക്കൂറിന്റെ പ്രശംസ. ‘എന്തൊരു സിനിമയാണിത്. ഇരുന്നിടത്ത് നിന്നും ഞാനൊന്ന് അനങ്ങിയത് പോലുമില്ല. ഉള്ളില്‍ തറയ്ക്കുന്ന അനുഭവമായിരുന്നു സിനിമ. മമ്മൂട്ടി സാറിനും ടീമിനും ഒരുപാട് അഭിനന്ദനങ്ങള്‍’, എന്നാണ് മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഒക്ടോബര്‍ ഏഴിനാണ് റോഷാക്ക് റിലീസ് ചെയ്തത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ആസിഫ് അലി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് മിഥുന്‍ മുകുന്ദന്‍ ആണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത്.

Content Highlight: scenes of mammootty, grace antony and mammootty from the movie rorschach