| Tuesday, 27th December 2016, 11:52 am

ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജെറ്റ് എയര്‍വേസും ഇന്‍ഡിഗോ എയര്‍ലൈന്‍സും മുഖാമുഖം എത്തി: കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ രണ്ട് വിമാനങ്ങള്‍ മുഖാമുഖം എത്തിയത് പരിഭ്രാന്തി പരത്തി. ഇന്‍ഡിഗോ വിമാനവും ജെറ്റ് എയര്‍വേസുമാണ് നേര്‍ക്കുനേര്‍ എത്തിയത്. അപകടം ഒഴിവായത് തലനാരിഴയ്ക്കാണ്. ഇന്ന് രാവിലെയായിരുന്നു സംഭവം.

എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്തതിന് ശേഷം പാര്‍ക്കിങ് ബേയിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനവും ടേക്ക് ഓഫിന് തയ്യാറാവുകയായിരുന്ന സ്‌പൈസ് ജെറ്റുമായാണ് മുഖാമുഖം എത്തിയത്. സംഭവത്തില്‍ ഡി.ജി.സി.എ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ 5.30 ന് ഗോവയിലെ ദബോലിം വിമാനത്താവളത്തില്‍നിന്നു പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍നിന്നു തെന്നി നീങ്ങിയ സംഭവത്തിന് പിന്നാലെയാണ് ഈ അപകടം.

ഏഴ് ജീവനക്കാര്‍ ഉള്‍പ്പെടെ 161 യാത്രക്കാരുമായി ഗോവയില്‍ നിന്നു മുംബൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ 9 ഡബ്ല്യൂ 2374 വിമാനമായിരുന്നു ഇന്ന് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. റണ്‍വേയില്‍ നിന്നും വിമാനം പൊടുന്നനെ തെന്നിമാറുകയായിരുന്നു. വന്‍ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിഞ്ഞുമാറിയത്.


മുഴുവന്‍ യാത്രക്കാരെയും പിന്നീട് സുരക്ഷിതമായി വിമാനത്തിന് പുറത്തെത്തിക്കുയായിരുന്നു. എന്നാല്‍, രക്ഷാപ്രവര്‍ത്തനത്തിനിടെ 15 യാത്രക്കാര്‍ക്ക് നിസാര പരുക്കുപറ്റിയെന്ന് ജെറ്റ് എയര്‍വേയ്‌സ് അധികൃതര്‍ അറിയിച്ചു. പരുക്കേറ്റവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കി. അതേസമയം അപകട കാരണം എന്താണെന്ന് വ്യക്തമല്ല.

We use cookies to give you the best possible experience. Learn more