| Thursday, 18th February 2021, 8:45 pm

'കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്'; വെളിപ്പെടുത്തലുമായി ഉന്നാവോയില്‍ മരിച്ച പെണ്‍കുട്ടികളുടെ പിതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ രണ്ട് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി കുട്ടികളുടെ പിതാവ് രംഗത്തെത്തി.

പെണ്‍കുട്ടികളുടെ കഴുത്തില്‍ ഷാള്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ പാടത്ത് നിന്ന് കണ്ടെത്തിയത്. കുട്ടികളുടെ വായില്‍ നിന്ന് ഉണങ്ങിയ നുരയും തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും പിതാവ് പറയുന്നു.

‘കുട്ടികളെ കാണാതായപ്പോള്‍ മുതല്‍ ഞങ്ങള്‍ അവര്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. അവരുടെ പേര് ഉറക്കെ വിളിച്ച് പ്രദേശത്ത് മുഴുവനും തെരഞ്ഞിരുന്നു. പിന്നീടാണ് പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശത്രുക്കള്‍ ആരെങ്കിലുമാകും കൃത്യത്തിന് പിന്നിലെന്ന് പലരും  പറയുന്നു. ഞങ്ങള്‍ക്ക് ആരോടും ശത്രുതയില്ല. ആരാണ് ഇത് ചെയ്തതെന്നും അറിയില്ല’, മരിച്ച കുട്ടികളുടെ ബന്ധു പറയുന്നു.

ഫെബ്രുവരി 17നാണ് ഉന്നാവോയില്‍ രണ്ട് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ അതീവ ഗുരുതര നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പെണ്‍കുട്ടികളുടെ കാലുകളും കൈകളും കെട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്. പതിമൂന്നും പതിനാറും വയസ് പ്രായമുള്ള പെണ്‍കുട്ടികളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

പശുക്കള്‍ക്ക് കൊടുക്കാനുള്ള പുല്ല് പറിക്കാനായി പോയ പെണ്‍കുട്ടികളെ കാണാതാവുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പെണ്‍കുട്ടികളെ ഗോതമ്പ് പാടത്ത് നിന്ന് കണ്ടെത്തിയത്.

പെണ്‍കുട്ടികളില്‍ വിഷം ഉള്ളില്‍ ചെന്നതായാണ് പ്രാഥമിക നിഗമനം. വായില്‍ നിന്ന് നുര പുറത്തുവന്നിട്ടുണ്ടെന്ന് പെണ്‍കുട്ടികളെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Scarves Around Neck, Foaming At Mouth Says  Father On Unnao Girls Found Dead

We use cookies to give you the best possible experience. Learn more