കൊല്‍ക്കത്ത: ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷായുടെ റാലിക്കുനേരെ നടന്ന അക്രമം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ പ്രതികാരമാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് മമതയ്ക്കു ഭയമാണെന്നും അവര്‍ സ്വന്തം നിഴലിനെപ്പോലും ഭയപ്പെടുന്നുണ്ടെന്നും മോദി ആരോപിച്ചു.
‘താന്‍ പ്രതികാരം ചെയ്യുമെന്നു രണ്ടുദിവസം മുമ്പ് മമതാ ദീദി പറഞ്ഞിരുന്നു. അമിത് ഷായുടെ റോഡ് ഷോയ്ക്കുനേരെ ആക്രമണം നടത്തി 24 മണിക്കൂറിനുള്ളില്‍ അവര്‍ അവരുടെ അജന്‍ഡ നടപ്പാക്കി. സംസ്ഥാനത്തെ ബി.ജെ.പി തരംഗത്തില്‍ അവര്‍ക്കു ഭയമുണ്ട്. അവര്‍ ഭയപ്പെടുമ്പോള്‍ എന്തു ചെയ്യുമെന്നതിനെക്കുറിച്ച് ഇപ്പോള്‍ ഓരോരുത്തര്‍ക്കും അറിയാം.’- ബംഗാളില്‍ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയില്‍ മോദി പറഞ്ഞു.
ഇന്നലെ നടന്ന അമിത് ഷായുടെ റോഡ് ഷോയ്ക്കിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി വിഭാഗവും ഇടത് പാര്‍ട്ടി പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് അമിത് ഷായ്ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലാണ് അമിത് ഷായുടെ പേരുള്‍പ്പെടുത്തിയിട്ടുള്ളത്.
സംഭവവുമായി ബന്ധപ്പെട്ട അമേര്‍സ്റ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലും ജൊരാസന്‍കോ പൊലീസ് സ്റ്റേഷനിലുമായി രണ്ട് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കേസില്‍ നിരവധി ബി.ജെ.പി നേതാക്കളെ കസ്റ്റഡിയിലുത്തിട്ടുണ്ട്.
അതേസമയം ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്ക് പിന്നാലെ കൊല്‍ക്കത്തയിലുണ്ടായ സംഘര്‍ഷത്തില്‍ ഇരുപാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിന് പിന്നാലെ അക്രമത്തിന് തുടക്കം കുറിച്ചത് ബി.ജെ.പി തന്നെയാണെന്നതിന്റെ തെളിവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി.
കാവിവസ്ത്രം ധരിച്ച പ്രവര്‍ത്തകര്‍ കോളേജുകളും കടകളും വാഹനങ്ങളും അടിച്ചുതകര്‍ക്കുന്നതിന്റെ വീഡിയോ തൃണമൂല്‍ വക്താവ് ഡെറിക് ഒ ബ്രെയിന്‍ പുറത്തുവിട്ടു. സംഭവത്തില്‍ അമിത് ഷാക്കെതിരെ കേസെടുക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ തൃണമൂല്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അമിത് ഷായുടെ പരിപാടിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അക്രമമുണ്ടാക്കിയെന്നാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്നും എന്നാല്‍ മനപൂര്‍വം പ്രശ്‌നങ്ങളുണ്ടാക്കാനായിരുന്നു ബി.ജെ.പി ശ്രമമെന്നും അക്രമത്തിന് തുടക്കമിട്ടത് ബി.ജെ.പിയാണെന്നും വീഡിയോ പുറത്തുവിട്ടുകൊണ്ട് തൃണമൂല്‍ ആരോപിച്ചു.
വിദ്യാസാഗര്‍ കോളേജ് പൂര്‍ണമായും ബി.ജെ.പി പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. കോളേജിന് പുറത്ത് നിര്‍ത്തിയിട്ട വാഹനങ്ങളില്‍ പലതും കത്തിച്ചു. അമിത് ഷാ സഞ്ചരിച്ച വാഹനത്തിന് നേരെ കല്ലേറുണ്ടായെന്നാരോപിച്ചായിരുന്നു അവര്‍ സംഘര്‍ഷത്തിന് തുടക്കം കുറിച്ചതെന്നും തൃണമൂല്‍ വ്യക്തമാക്കി. എന്നാല്‍ ബംഗാളില്‍ നടന്നത് മമതയുടെ ഗുണ്ടാ ആക്രമണമാണെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം. ജീവനോടെ തിരിച്ചെത്തിയത് സി.ആര്‍.പി.എഫിന്റെ സംരക്ഷണം ഉള്ളതുകൊണ്ട് മാത്രമാണെന്നും അമിത് ഷാ ആരോപിച്ചിരുന്നു.