| Monday, 1st April 2019, 2:35 pm

ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ നിന്നും ഒളിച്ചോടുന്നയാള്‍; ഹിന്ദുക്കളെ ഭീകരവാദികളായി ചിത്രീകരിച്ചതിന്റെ ഫലമാണിത്; രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ വര്‍ഗീയവത്കരിച്ച് മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ വര്‍ഗീയമായി ചിത്രീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹിന്ദു ഭൂരിപക്ഷ മേഖലയില്‍ മത്സരിക്കാന്‍ ഭയമായതുകൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് പോയതെന്നാണ് മോദിയുടെ പരാമര്‍ശം.

രാഹുലിന്റെ പേര് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മോദി ഇങ്ങനെ പറഞ്ഞത്. ” ഭൂരിപക്ഷ സമുദായത്തിന് സ്വാധീനമുള്ള മണ്ഡലത്തില്‍ മത്സരിക്കാന്‍ ഒരു പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് ഭയമാണ്.” എന്നായിരുന്നു മോദിയുടെ വാക്കുകള്‍.

മഹാരാഷ്ട്രയിലെ വാര്‍ധയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേഠിക്കു പുറമേ രാഹുല്‍ വയനാട്ടില്‍ നിന്നും മത്സരിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം വന്നതിനു പിന്നാലെയാണ് മോദി ഇങ്ങനെ പറഞ്ഞത്.

“കോണ്‍ഗ്രസ് ഹിന്ദുക്കളെ അവഹേളിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ അവരെ ശിക്ഷിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ട് അവര്‍ക്ക് ഹിന്ദു ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ഭയമാണ്.” എന്നും മോദി പറഞ്ഞു.

Also read:50 ശതമാനം വിവിപാറ്റ് എണ്ണുന്നത് എതിര്‍ത്തുകൊണ്ടുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ സത്യവാങ് മൂലം: പ്രതിപക്ഷം ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് സുപ്രീം കോടതി

സമാധാനകാംഷികളായ ഹിന്ദുക്കളെ ഭീകരവാദികളാക്കി ആ മതത്തെ പിന്തുടരുന്നവരെ അവഹേളിക്കുകയാണ് കോണ്‍ഗ്രസെന്നും അദ്ദേഹം ആരോപിച്ചു. “ഹിന്ദു ഭീകരവാദം എന്ന വാക്ക് സൃഷ്ടിച്ചതു തന്നെ കോണ്‍ഗ്രസാണ്.” എന്നും മോദി പറഞ്ഞു.

“ഹിന്ദു ഭീകരവാദത്തിന് തെളിവായി ഉയര്‍ത്തിക്കട്ടാന്‍ ഏതെങ്കിലും ഒരു സംഭവമെങ്കിലുമുണ്ടോ?” എന്നും അദ്ദേഹം ചോദിച്ചു.

We use cookies to give you the best possible experience. Learn more