| Monday, 25th November 2024, 8:51 am

ക്രൈം ബ്രാഞ്ച് ഡി.സി.പിയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമം; പണി പാളിയതറിഞ്ഞ തട്ടിപ്പുകാർ ഞെട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ഇൻഡോർ ക്രൈംബ്രാഞ്ച് അഡീഷണൽ ഡി.സി.പി രാജേഷ് ദണ്ഡോടിയയെ ഡിജിറ്റൽ അറസ്റ്റ് ചെയ്യാൻ ശ്രമം. വിളിച്ചത് യഥാർത്ഥ പൊലീസുകാരനെയാണെന്ന് തിരിച്ചറിഞ്ഞ തട്ടിപ്പ് സംഘം വെട്ടിൽ.

ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ദണ്ഡോടിയ തൻ്റെ ഓഫീസിലിരിക്കെയാണ് സംഭവം. ദണ്ഡോടിയയുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 1,11,930 രൂപയുടെ ഇടപാട് തട്ടിപ്പ് നടത്തിയെന്നും എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ടെന്നും പറഞ്ഞ് ഓട്ടോമേറ്റഡ് വോയ്‌സ് കോൾ ലഭിക്കുകയായിരുന്നു. രണ്ട് മണിക്കൂറിനുള്ളിൽ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്നും വിളിച്ചയാൾ മുന്നറിയിപ്പ് നൽകി.

സംഭവം തട്ടിപ്പാണെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥൻ തട്ടിപ്പുകാർക്കൊരു പണി കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. പ്രതി തൻ്റെ മൊഴി രേഖപ്പെടുത്താനെന്ന വ്യാജേന വീഡിയോ കോൾ ചെയ്യാൻ ശ്രമിച്ചപ്പോൾ, പൊലീസ് യൂണിഫോമിൽ ദണ്ഡോടിയ കാൾ അറ്റൻഡ് ചെയ്തു. പൊലീസ് യൂണിഫോമിൽ ഉദ്യോഗസ്ഥനെ കണ്ടപ്പോൾ അവർ പരിഭ്രാന്തരാവുകയും ഉടൻ തന്നെ കോൾ വെക്കുകയായിരുന്നു.

തട്ടിപ്പുകാർ ആദ്യം ബാങ്കിങ് ഉദ്യോഗസ്ഥരായും പിന്നീട് പൊലീസ് ഉദ്യോഗസ്ഥരായും ആൾമാറാട്ടം നടത്തുകയായിരുന്നെന്ന് അഡീഷണൽ ഡി.സി.പി ദണ്ഡോതിയ വിശദീകരിച്ചു. ‘എന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെട്ടുവെന്നും മുംബൈയിലെ അന്ധേരി വെസ്റ്റിൽ എനിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അവർ അവകാശപ്പെട്ടു.

അതിനുശേഷം രണ്ട് മണിക്കൂറിനുള്ളിൽ അവിടെയുള്ള പൊലീസ് സ്റ്റേഷൻ സന്ദർശിക്കണമെന്ന് അവർ എന്നെ നിർബന്ധിക്കുകയും ചെയ്തു. ഒപ്പം ഞാൻ എൻ്റെ ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്തുവെന്ന് വിളിച്ചയാൾ എന്നോട് പറഞ്ഞു. ആ സമയത്ത് ഞാൻ ഒരു പത്രസമ്മേളനം നടത്തുകയായിരുന്നു. എൻ്റെ ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുമെന്ന് അവർ എന്നോട് പറഞ്ഞു, രണ്ട് മണിക്കൂറിനുള്ളിൽ പൊലീസ് സ്‌റ്റേഷൻ സന്ദർശിക്കാൻ ആവശ്യപ്പെട്ടു. ,’ ദണ്ഡോതിയ പറഞ്ഞു.

ഒരു ദശാബ്ദത്തിലേറെയായി താൻ മുംബൈയിൽ പോയിട്ടില്ലെന്നും പെട്ടെന്ന് അവിടേക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്നും ദണ്ഡോടിയ പ്രതികരിച്ചപ്പോൾ, ഒരു മുതിർന്ന ഉദ്യോഗസ്ഥനുമായി അദ്ദേഹത്തെ ബന്ധിപ്പിക്കുമെന്ന് അവർ അവകാശപ്പെട്ടതായി , അദ്ദേഹം പറഞ്ഞു. നിമിഷങ്ങൾക്ക് ശേഷം, ഒരു പുതിയ വ്യക്തി അദ്ദേഹത്തെ വിളിക്കുകയും ‘ജയ് ഹിന്ദ്’ എന്ന് അഭിവാദ്യം ചെയ്യുകയും മൊഴി എടുക്കാൻ ശ്രമിക്കുകയും ചെയ്തു.

പക്ഷെ യൂണിഫോം ധരിച്ച ഒരു ഉദ്യോഗസ്ഥനോടാണ് സംസാരിക്കുന്നതെന്ന് മനസിലാക്കിയ തട്ടിപ്പുകാർ തിടുക്കത്തിൽ കോൾ അവസാനിപ്പിച്ചു. തട്ടിപ്പുകാരുടെ തന്ത്രങ്ങൾ തുറന്നുകാട്ടാനും അനുഭവം പൊതുജനങ്ങളെ ബോധവത്കരിക്കാനുമാണ് താൻ മനഃപൂർവം സംഭാഷണം തുടർന്നതെന്ന് ദണ്ഡോടിയ പറഞ്ഞു.

പൊലീസ് എന്ന വ്യാജേനെ ഡിജിറ്റൽ അറസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്നത് സൈബർ കുറ്റവാളികളുടെ പുതിയ പ്രവർത്തനരീതിയാണ്. അവർ ലക്ഷ്യം ചെയ്യുന്ന വ്യക്തിയെ ഫോണിലൂടെ ബന്ധപ്പെടുകയും ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യും.

Content Highlight: Scammers target Crime Branch chief by mistake, he plays along, video calls them in uniform

We use cookies to give you the best possible experience. Learn more