സമാജ്‌വാദിയും കോണ്‍ഗ്രസും അഖിലേഷും, മായവതിയും കൂടിച്ചേര്‍ന്നതെന്തോ അതാണ് അഴിമതി: പുതിയ നിര്‍വ്വചനവുമായി 'മോദി ഡിക്ഷണറി'
India
സമാജ്‌വാദിയും കോണ്‍ഗ്രസും അഖിലേഷും, മായവതിയും കൂടിച്ചേര്‍ന്നതെന്തോ അതാണ് അഴിമതി: പുതിയ നിര്‍വ്വചനവുമായി 'മോദി ഡിക്ഷണറി'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 4th February 2017, 3:33 pm

അഴിമതിയുടെ ഇംഗ്ലീഷ് വാക്കായ SCAM എന്നതിലെ എസ് സമാജ്‌വാദി, സി കോണ്‍ഗ്രസ്, എ അഖിലേഷ് യാദവ്, എം മായവതി എന്നതിനെയാണ് സൂചിപ്പിക്കുതെന്നായിരുന്നു മോദി പറഞ്ഞത്.


മീററ്റ്: അഴിമതിയെന്നാല്‍ കോണ്‍ഗ്രസും സമാജ്‌വാദിയും അഖിലേഷും മമതയും കൂടിച്ചേര്‍ന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തര്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് മോദി എതിര്‍ കക്ഷികളെ കടന്നാക്രമിച്ചത്. സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതി ചേര്‍ക്കപ്പെട്ട പേരാണ് മീററ്റിന്റെതെന്നും മോദി പറഞ്ഞു.


Also read ഗോഡ്സെയുടെ വെടിയുണ്ടകളില്‍ ഗാന്ധിജിയെ കൊന്നത് കമ്യൂണിസ്റ്റുകാര്‍; ഗാന്ധി കുറച്ചുനാള്‍ കൂടി ജീവിച്ചിരുന്നെങ്കില്‍ ആര്‍.എസ്.എസുകാരനായേനെ: ബി ഗോപാലകൃഷ്ണന്‍.


അഴിമതിയുടെ ഇംഗ്ലീഷ് വാക്കായ SCAM എന്നതിലെ എസ് സമാജ്‌വാദി, സി കോണ്‍ഗ്രസ്, എ അഖിലേഷ് യാദവ്, എം മായവതി എന്നതിനെയാണ് സൂചിപ്പിക്കുതെന്നായിരുന്നു മോദി പറഞ്ഞത്. ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പ് അഴിമതിക്കെതിരാണെന്നും അഴിമതിയെന്നാല്‍ സമാജ്‌വാദിയും കോണ്‍ഗ്രസും അഖിലേഷും മായവതിയും കൂടിച്ചേര്‍ന്നതാണെന്നും മോദി പറഞ്ഞു.

ആദ്യത്തെ കുറച്ച് ദിവസങ്ങളില്‍ സമാജ്‌വാദിക്കെതിരെ പ്രചരണം നയിച്ചിരുന്ന കോണ്‍ഗ്രസ് പിന്നീട് അവര്‍ക്കൊപ്പം സഖ്യമായ കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇവിടുത്തെ സര്‍ക്കാരിനെ തുടച്ച് നീക്കേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് തടസ്സം ഇവിടുത്തെ സര്‍ക്കാരാണെന്നും മോദി കുറ്റപ്പെടുത്തി.

1857ലെ നമ്മുടെ പോരാട്ടം ബ്രിട്ടീഷ് ഭരണത്തിനെതിരെയായിരുന്നെങ്കില്‍ ഇപ്പോഴത് അഴിമതിക്കും ദാരിദ്രത്തിനുമെതിരെയാണെന്നും മോദി പറഞ്ഞു. ഉത്തര്‍ പ്രദേശ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച മോദി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 4000 കോടി രൂപയില്‍ 2500 കോടിയും സര്‍ക്കാര്‍ വിനിയോഗിച്ചില്ലെന്നും പറഞ്ഞു. ഉത്തര്‍ പ്രദേശിന്റെ വിധിയില്‍ മാറ്റമുണ്ടാകണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇവിടുത്തെ സര്‍ക്കാരിനെ മാറ്റിയേ തീരു എന്നും മോദി കൂട്ടിച്ചേര്‍ത്തു.