| Tuesday, 7th August 2018, 8:06 am

ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ തട്ടിപ്പ്; കര്‍ശന നടപടിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ കുടുങ്ങരുതെന്ന് കാണിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. ദേവസ്വം ബോര്‍ഡിലെ എല്‍.ഡി ക്ലര്‍ക്ക്, സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ച സാഹചര്യത്തില്‍ ഇതിന്റെ മറവില്‍ വന്‍ തട്ടിപ്പിന് ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ഈ തട്ടിപ്പില്‍ ഉദ്യോഗാര്‍ഥികള്‍ വീഴരുതെന്നും മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

രണ്ട് ലക്ഷത്തോളം പേര്‍ അപേക്ഷകരെ പ്രതീക്ഷിക്കുന്ന ഈ തസ്തികകളില്‍ കോഴ നല്‍കിയാല്‍ നിയമനം കിട്ടുമെന്ന് പ്രചരിപ്പിച്ച് വന്‍തുക കൈക്കലാക്കാന്‍ ചില സംഘങ്ങള്‍ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറയുന്നു. ചോദ്യപേപ്പര്‍ മുന്‍കൂര്‍ നല്‍കാമെന്നും മറ്റും തെറ്റിദ്ധരിപ്പിച്ച് ചിലര്‍ ഉദ്യോഗാര്‍ത്ഥികളുടെ പക്കല്‍ നിന്ന് പണം കൈപ്പറ്റുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.രാജഗോപാലന്‍ നായര്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Read:  അവിശ്വാസപ്രമേയത്തിന് പിന്നാലെ രാജ്യസഭയിലും കരുത്ത് കാട്ടാന്‍ പ്രതിപക്ഷം; ഉപാധ്യക്ഷ തെരഞ്ഞെടുപ്പില്‍ കണക്കുകളില്‍ കണ്ണുംനട്ട് എന്‍.ഡി.എ

ഈ തട്ടിപ്പില്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ചിലരുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഈ തട്ടിപ്പിന് പിന്നിലുള്ളവരെയെല്ലാം നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തൊഴില്‍ തട്ടിപ്പ് സംഘങ്ങളുടെ വലയില്‍ കുടുങ്ങരുതെന്ന മുന്നറിയിപ്പ് നല്‍കാനാണ് ഈ പോസ്റ്റ്. സംസ്ഥാനത്തെ 5 ദേവസ്വം ബോര്‍ഡുകളിലെയും നിയമനങ്ങള്‍ സുതാര്യതയോടെ നടത്തുന്നതിനുള്ള ചുമതല കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിനാണ്. 2017 ഡിസംബര്‍ 6ന് ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച ദേവജാലിക എന്ന ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് സോഫ്റ്റ് വെയര്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നതും, പരീക്ഷാനടപടികള്‍ ഏര്‍പ്പെടുത്തുന്നതും, ഉത്തരപേപ്പര്‍ മൂല്യനിര്‍ണയം നടത്തുന്നതും, ചുരുക്കപ്പട്ടികയും, റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതുമെല്ലാം. പി.എസ്.സി മാതൃകയിലുള്ള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ പരീക്ഷാ രീതിയും നിയമന രീതിയും ഒരു പരാതിക്കും ഇടയില്ലാത്ത വിധം മുന്നോട്ട് പോകുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ എല്‍. ഡി ക്ലാര്‍ക്ക് / സബ് ഗ്രൂപ്പ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച സാഹചര്യത്തില്‍ ഇതിന്റെ മറവില്‍ വന്‍ തട്ടിപ്പിന് ചിലര്‍ ശ്രമിക്കുന്നുവെന്ന വിവരം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തോളം പേര്‍ അപേക്ഷകരായുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ തസ്തികയില്‍ കോഴ നല്‍കിയാല്‍ നിയമനം കിട്ടുമെന്ന് പ്രചരിപ്പിച്ച് വന്‍തുക കൈക്കലാക്കാനാണ് ഗൂഢസംഘങ്ങളുടെ ശ്രമം. ഇത്തരം കോഴ നിയമനങ്ങളും അഴിമതിയും തടയാനാണ് ദേവസ്വം നിയമനങ്ങള്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Read:  ദളിതരെ ദ്രോഹിച്ചാല്‍ ഉടനടി നടപടി; എസ്.സി – എസ്.ടി നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി

ചോദ്യപേപ്പര്‍ മുന്‍കൂര്‍ നല്‍കാമെന്നും മറ്റും തെറ്റിദ്ധരിപ്പിച്ച് ചിലര്‍ ഉദ്യോഗാര്‍ത്ഥികളുടെ പക്കല്‍ നിന്ന് പണം കൈപ്പറ്റുന്നുവെന്ന വിവരത്തെ തുടര്‍ന്ന് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം.രാജഗോപാലന്‍ നായര്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഈ തട്ടിപ്പില്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട ചിലരുണ്ടെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഈ തട്ടിപ്പിന് പിന്നിലുള്ളവരെയെല്ലാം നിയമത്തിന് മുമ്പില്‍ കൊണ്ടുവരാനുള്ള നിര്‍ദ്ദേശം വകുപ്പ് മന്ത്രിയെന്ന നിലയില് ഞാന്‍ നല്‍കിയിട്ടുണ്ട്.

തൊഴില്‍ വാഗ്ദാന തട്ടിപ്പുകളില്‍ കുടുങ്ങി പണം കളയരുതെന്ന് എല്ലാ ഉദ്യോഗാര്‍ത്ഥികളോടും അഭ്യര്‍ത്ഥിക്കുകയാണ്. തികച്ചും സുതാര്യവും, മെറിറ്റും, സംവരണവും പാലിച്ചുള്ള നിയമനമാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴി നടത്തുന്നത്. ആര്‍ക്കെങ്കിലും പണം നല്‍കി നിയമനം നേടാമെന്ന കുറുക്കുവഴി തേടിയാല്‍ പണം നഷ്ടമാകുക മാത്രമാകും ഫലം. വിവിധ അന്വേഷണ ഏജന്‍സികളുടെ സഹായം ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ തേടിയിട്ടുണ്ട്.

അനുഭവങ്ങളില്‍ നിന്ന് പഠിക്കാത്ത മട്ടിലാണ് തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ ആളുകള്‍ ചെന്ന് വീഴുന്നത്. കെ.ടി.ഡി.സി നിയമനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയവര്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് എന്റെ ഓഫീസില്‍ നിന്ന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിയിലായത്. കഴിഞ്ഞ ആഴ്ചയും സമാനമായ തട്ടിപ്പ് നടത്തിയവര്‍ പോലീസ് പിടിയിലായിട്ടുണ്ട്.

വ്യാജ നിയമന ഉത്തരവ് നല്കിയാണ് ഈ തട്ടിപ്പ് നടന്നത്. തട്ടിപ്പിനിരയാകുന്നവര്‍ പരാതി പോലും നല്‍കാന്‍ തയ്യാറാകാത്തതാണ് ഇത്തരം തട്ടിപ്പുകാര്‍ക്ക് പ്രോത്സാഹനമാകുന്നത്. വിവിധ വകുപ്പുകളുടെ പേരില്‍ തട്ടിപ്പിനുള്ള ശ്രമം നടക്കുന്നതായി അറിഞ്ഞ് തടയിടുന്നുണ്ടെങ്കിലും എങ്ങനെയും പണം നല്കി വഞ്ചിതരാകുന്നതില്‍ വിദ്യാസമ്പന്നര്‍ വരെ ഉള്‍പ്പെടുകയാണ്. ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വിചാരിച്ചാല്‍ നിയമനം നല്‍കാനാകില്ലെന്ന് വ്യക്തമാക്കുന്നതാണ് വ്യാജ നിയമന രേഖകള്‍ വരെ ചമയ്ക്കുന്ന സംഭവങ്ങള്‍ തെളിയിക്കുന്നത്.

Read:  ‘തീവ്രവാദിയെപ്പോലെയാണ് നിങ്ങള്‍ സംസാരിക്കുന്നത്’; ആം ആദ്മി പാര്‍ട്ടിയുടെ മുസ്‌ലിം എം.എല്‍.എയെ തീവ്രവാദിയെന്ന് വിളിച്ച് ബി.ജെ.പി എം.എല്‍.എ

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍ (സിവില്‍), ഓവര്‍സീയര്‍ ഗ്രേഡ് – 3 (സിവില്‍), ശാന്തി എന്നീ തസ്തികകളിലേക്കും, മലബാര്‍ ദേവസ്വത്തിലെ എക്‌സിക്യുട്ടീവ് ഓഫീസര്‍ – ഗ്രേഡ് 4, കൊച്ചി ദേവസ്വം ബോര്‍ഡിലെ ശാന്തി, വിവിധ വാദ്യ കലാകാരന്മാര്‍ എന്നീ തസ്തികകളിലേക്ക് പരീക്ഷയും ഇന്റര്‍വ്യൂവും നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കി ഉദ്യോഗാര്‍ത്ഥികളെ അഡൈ്വസ് ചെയ്തത് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് വഴിയാണ്.

ഈ തസ്തികകളിലേക്കുള്ള പരീക്ഷയെയോ, ഇന്റര്‍വ്യൂവിനെയോ കുറിച്ച് ഒരു ആക്ഷേപവും ഉയരാത്ത വിധം അഴിമതി രഹിതമായാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. പ്രഗത്ഭരായ അധ്യാപകരില്‍ നിന്നും ചോദ്യങ്ങള്‍ തയ്യാറാക്കി വാങ്ങി, കേരളത്തിന് പുറത്തുള്ള സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയ പ്രധാന പ്രസുകളില്‍ ചോദ്യപേപ്പര്‍ അച്ചടിച്ച് സുതാര്യമായി പരീക്ഷ നടത്തി സംസ്ഥാനത്തിന് പുറത്തുള്ള സാങ്കേതിക വിദഗ്ധരെ കൊണ്ട് സോഫ്റ്റ് വെയര്‍ വഴി മൂല്യനിര്‍ണയം നടത്തി, അതാത് വിഷയത്തില്‍ വിദഗ്ധരായവരെ കൊണ്ട് അഭിമുഖവും നടത്തിയാണ് നിയമന യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്.

അഴിമതിക്ക് ഇടയില്ലാത്ത വിധമുള്ള സംവിധാനമാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്. ഏതെങ്കിലുമൊക്കെ ക്രിമിനലുകളോ, തട്ടിപ്പുകാരോ ഒരുക്കുന്ന മോഹവലയില്‍ കുടുങ്ങി പണം കളയാതെ പരീക്ഷയില്‍ വിജയിക്കുന്നതിന് വേണ്ടി പഠിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ കെണിയില്‍ കുടുങ്ങിയവരോ, ഇത്തരം തട്ടിപ്പുകാരെ പറ്റി അറിയുന്നവരോ ഉണ്ടെങ്കില്‍ എത്രയും വേഗം പോലീസിനെ അറിയിക്കുകയോ, kadakampallysurendran99@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ പരാതി നല്‍കുകയോ ചെയ്യണമെന്ന് കൂടി അറിയിക്കുകയാണ്. ഇത്തരം പരാതികള്‍ പരിശോധിച്ച് കര്‍ശന നടപടിയെടുക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more