777 ചാര്‍ലി സിനിമയുടെ സംവിധായകന്‍ കിരണ്‍ രാജിന്റെ പേരില്‍ വ്യാജ തട്ടിപ്പ് കോള്‍. നടി മാലാ പാര്‍വതി തന്നെയാണ് തനിക്ക് ഇത്തരത്തില്‍ കോള്‍ ലഭിച്ചു എന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.
തന്നോട് പതിനെട്ട് ദിവസത്തെ ഡേറ്റ് ചോദിച്ചുവെന്നും സംശയം തോന്നിയത് കൊണ്ട് കിരണ്‍ രാജിനെ നേരിട്ട് വിഷയത്തില്‍ ഇടപെടുത്തിയതിനാല്‍ കയ്യോടെ തട്ടിപ്പ് പിടിക്കാനായി എന്നുമാണ് മാല പാര്‍വതി കുറിപ്പില്‍ പറയുന്നത്.
ഇത്തരത്തില്‍ നിരവധി പേര്‍ക്ക് കോളുകള്‍ വന്നുവെന്നും മാല പാര്‍വതി കുറിപ്പില്‍ പറയുന്നുണ്ട്. താന്‍ ആരെയും ഇത്തരത്തില്‍ കോള്‍ ചെയ്യുന്നില്ലെന്നും ഇത്തരത്തിലുള്ള വ്യാജ കോളുകളില്‍ പറ്റിക്കപ്പെടരുത് എന്നുമാണ് കിരണ്‍ ഈ വിഷയത്തില്‍ പറഞ്ഞത്.
മാല പാര്‍വതി പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം
777 ചാര്‍ലി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആണ് എന്ന് പറഞ്ഞ് എനിക്ക് കോള്‍ വന്നത് ഈ മാസം 20നാണ്. 18 ദിവസത്തെ ഡേറ്റ് ആണ് ചോദിച്ചത്. ശിവാനി ഗുപ്ത എന്നൊരു ബോളിവുഡ് പ്രൊഡക്ഷനില്‍ നിന്ന് ആള് വിളിക്കുമെന്നും പറഞ്ഞു. എന്നാല്‍ സംശയം തോന്നിയപ്പോള്‍ രാജാകൃഷ്ണനെ ഫോണില്‍ വിളിച്ചു.
സംവിധായകന്‍ കിരണ്‍ രാജ് എന്നെ വിളിച്ചിട്ടുണ്ടാകുമോ എന്ന് സംശയം പ്രകടിപ്പിച്ചു. അപ്പോള്‍ തന്നെ രാജാ കൃഷ്ണന്‍ കോണ്‍ഫ്രന്‍സ് കോള്‍ ആക്കി, കിരണ്‍ രാജിനെ ആഡ് ചെയ്തു.
വിഷയം പറഞ്ഞപ്പോള്‍, ആള്‍ ആകെ വിഷമിക്കാന്‍ തുടങ്ങി. എന്ത് ചെയ്യാം എന്നാലോചിച്ചപ്പോള്‍, എന്നെ വിളിച്ച ആളെ ഞാന്‍ ആ കോളില്‍ അഡ് ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ വിളിച്ചപ്പോള്‍ അയാള്‍ കോള്‍ എടുത്തു. ഞാന്‍ എന്നെ പരിചയപ്പെടുത്തി, എന്നെ വിളിച്ചിരുന്നില്ലേ എന്ന് ചോദിച്ചു. ഉവ്വ് എന്നയാള്‍ മറുപടി പറഞ്ഞു.
പ്രൊഡക്ഷന്റെ ഡിറ്റെയില്‍സ് ചോദിച്ചപ്പോള്‍, തിരിച്ച് വിളിക്കാമെന്ന് അയാള്‍. ഉടനെ തന്നെ യഥാര്‍ത്ഥ സംവിധായകന്‍, ഇടപ്പെട്ടു ഞാനാണ് കിരണ്‍ രാജ് എന്റെ പേരില്‍ താന്‍ ഏത് പ്രൊഡക്ഷന്‍ ഹൗസ് ആണ് ആരംഭിച്ചത് എന്നൊക്കെ ചോദിച്ചപ്പോള്‍, കട്ട് ചെയ്ത് പോയി.
വേറെയും ആക്ടേഴ്സിനെ ഈ ആള്‍ ശ്രീ കിരണ്‍ രാജിന്റെ പേരില്‍ വിളിച്ചിട്ടുണ്ട് എന്നാണ് അറിയാന്‍ സാധിച്ചത്. 777 ചാര്‍ളി എന്ന കന്നഡ സിനിമ, ഈ അടുത്തിറങ്ങിയ സിനിമയാണ്. കാസര്‍ഗോഡ്കാരനായ ഇദ്ദേഹത്തിന്റെ പേരുപയോഗിച്ചാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്.
Content Highlight: Scam calls to Actress Malaa Parvathi in the name of 777 charlie Director Kiranraj