ഖത്തര്‍ ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി. വേള്‍ഡ് കപ്പിനുള്ള ഫൈനല്‍ സ്‌ക്വാഡ് പ്രഖ്യാപിക്കാനും ഇനി അധിക നാളില്ല. ബ്രസീലടക്കമുള്ള ടീമുകള്‍ ഇതിനകം തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ച് കഴിഞ്ഞു.
എന്നാല്‍ അര്‍ജന്റീനക്കിത് പരിക്കിന്റെ നാളുകളാണ്. ഒട്ടുമിക്ക താരങ്ങളും പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലാണ്. അതുകൊണ്ട് തന്നെ മാനേജര്‍ സ്‌കലോണി തങ്ങളുടെ സ്‌ക്വാഡിന്റെ അന്തിമ ലിസ്റ്റ് നവംബര്‍ 14ന് പ്രഖ്യാപിക്കുമെന്ന് അറിയിക്കുകയായിരുന്നു.
മുന്‍നിര താരങ്ങള്‍ പരിക്കിന്റെ പിടിയിലായതിനാല്‍ അവസാന നിമിഷം വരെ അവരുടെ കാര്യം കൂടി പരിഗണിച്ചതിനുശേഷമായിരിക്കും അദ്ദേഹം ഫൈനല്‍ ലിസ്റ്റ് പുറത്തുവിടുക. 46 താരങ്ങള്‍ ഉള്‍പ്പെട്ട പ്രാഥമിക ലിസ്റ്റ് ആയിരുന്നു ആദ്യം സ്‌കലോണി ഫിഫക്ക് നല്‍കിയിരുന്നത്.
കഴിഞ്ഞ ദിവസം അത് 31 ആയി ചുരുക്കുകയും അത് വീണ്ടും 28 ആക്കി കുറക്കുകയുമായിരുന്നു. മൂന്ന് താരങ്ങളെ കൂടിയാണ് അദ്ദേഹം ഒഴിവാക്കിയിട്ടുള്ളത്. ഗോള്‍ കീപ്പര്‍ യുവാന്‍ മുസ്സോ, തിയാഗോ അല്‍മാഡ, ഫാകുണ്ടോ മദീന എന്നിവരെയാണ് സ്‌ക്വാഡില്‍ നിന്ന് റിലീസ് ചെയ്തത്.
26 പേരുടെ ലിസ്റ്റാണ് അവസാനമായി ഫിഫക്ക് കൈമാറേണ്ടത്. അതായത് ഇനി ഈ സ്‌ക്വാഡില്‍ നിന്ന് രണ്ട് താരങ്ങളെ കൂടി ഒഴിവാക്കേണ്ടതുണ്ട്. ലോ സെല്‍സോ, പൗലോ ഡിബാല എന്നിവരുടെ പരിക്ക് വിവരങ്ങള്‍ വിശകലനം ചെയ്തതിനുശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.
28 പേരടങ്ങിയ ടീം അര്‍ജന്റീനയുടെ ലിസ്റ്റ് ഇങ്ങനെയാണ്: എമിലിയാനോ ഡിബു മാര്‍ട്ടിനെസ്, ജെറോനിമോ റുല്ലി, ഫ്രാങ്കോ അര്‍മാനി, നഹുവല്‍ മൊലിന, ഗോണ്‍സാലോ മോണ്ടിയേല്‍, ക്രിസ്റ്റ്യന്‍ റൊമേറോ, ജര്‍മന്‍ പെസെല്ല, നിക്കോളാസ് ഒട്ടമെന്‍ഡി, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, മാര്‍ക്കോസ് അക്യൂന, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ജുവാന്‍ ഫോയ്ത്ത്, റോഡ്രിഗോ ഡി പോള്‍, ലിയാന്‍ഡ്രോ പരേഡെസ്, ജിയോവാനി ലോ സെല്‍സോ, അലക്‌സിസ് മാക് അലിസ്റ്റര്‍,ഗൈഡോ റോഡ്രിഗസ്, അലജാന്‍ഡ്രോ പാപ്പു ഗോമസ്, എന്‍സോ ഫെര്‍ണാണ്ടസ്, എക്സിക്വയല്‍ പാലാസിയോസ് ലയണല്‍ മെസി, ലൗട്ടാരോ മാര്‍ട്ടിനെസ്, ഏഞ്ചല്‍ ഡി മരിയ, ജൂലിയന്‍ അല്‍വാരസ്, പൗലോ ഡിബാല, നിക്കോളാസ് ഗോണ്‍സാലസ്, ഏഞ്ചല്‍ കൊറിയ, ജോക്വിന്‍ കൊറിയ.
Content Highlights: Scaloni will handover the final list of Argentine players to FIFA on November 14