ഖത്തറില്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് ഇനി നാല് നാള്‍ മാത്രമാണ് ബാക്കി. നവംബര്‍ 14നായിരുന്നു ടീമുകള്‍ക്ക് ലോകകപ്പിനുള്ള അന്തിമ സ്‌ക്വാഡ് തീരുമാനിക്കാനുള്ള അവസാന തീയതി.
അര്‍ജന്റീനയുടെ മുന്‍നിര താരങ്ങളില്‍ പലരും പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായതിനാല്‍ അവസാന നിമിഷമാണ് കോച്ച് സ്‌കലോണി തങ്ങളുടെ സ്‌ക്വാഡ് പ്രഖ്യാപിച്ചത്.
ഇതിഹാസ താരം ലയണല്‍ മെസിയെ നായകനാക്കിയ ടീമില്‍ മികച്ച താരങ്ങളെ ഉള്‍പ്പെടുത്തിയ സ്‌കലോണി ശക്തമായ ടീമിനെ തന്നെയാണ് ഇത്തവണ ലോകകപ്പിനിറക്കുക.
എന്നാല്‍ ലോകകപ്പ് അരങ്ങേറാന്‍ നാല് നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ അര്‍ജന്റൈന്‍ സ്‌ക്വാഡ് പ്രഖ്യാപനത്തിനെ കുറിച്ചുള്ള അഭ്യൂഹങ്ങളാണ് പുറത്തുവരുന്നത്.
യുവ അര്‍ജന്റൈന്‍ താരമായ അലജാന്‍ഡ്രോ ഗാര്‍നാച്ചോയെ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്താത്തിന് കാരണം മെസിയാണെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ട്.
പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയാണ് നിലവില്‍ ഗാര്‍നാച്ചോ ബൂട്ടുകെട്ടുന്നത്.
ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് ശ്രദ്ധേയനായ യുവതാരം, അര്‍ജന്റീനയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കുമെന്ന് തന്നെയായിരുന്നു ആരാധകര്‍ കരുതിയിരുന്നത്.
എന്നാല്‍ യുണൈറ്റഡിലെ സീനിയര്‍ താരമായ റൊണാള്‍ഡോയാണ് തന്റെ ആരാധനപാത്രമെന്ന് ഗാര്‍നാച്ചോ വെളിപ്പെടുത്തിയത് മെസിയില്‍ അസൂയ ഉളവാക്കിയെന്നും, തുടര്‍ന്ന് ഗാര്‍നാച്ചോയെ ഖത്തര്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തരുതെന്ന് മെസി സ്‌കലോണിയോട് ആവശ്യപ്പെട്ടതായുമാണ് വിവരം.
ഫ്രഞ്ച് വാര്‍ത്താ ഏജന്‍സിയായ എല്‍ നാഷനലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഈ സീസണില്‍ ഇതുവരെ ഏഴ് മത്സരങ്ങളില്‍ നിന്ന് ഒരു ഗോളും രണ്ട് അസിസ്റ്റുമാണ് ഗാര്‍നാച്ചോ നേടിയത്. കഴിഞ്ഞ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തിയ ഗാര്‍നച്ചോയുടെ കരാര്‍ 2023ഓടെ അവസാനിക്കും. യുണൈറ്റഡ് താരത്തിന്റെ കരാര്‍ പുതുക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.
Content Highlights: Scaloni was forced to omit AleJandro Garnacho from Qatar World Cup squad due to Lionel Messi’s orders