അര്‍ജന്റീനയുടെ പരിശീലകനായി സ്ഥാനമേറ്റപ്പോഴുണ്ടായ അനുഭവം പങ്കുവെച്ച് അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി.
റഷ്യയിലെ ലോകകപ്പിലേറ്റ തോല്‍വിയില്‍ നിരാശനായി ദേശീയ ടീമില്‍ നിന്ന് ലയണല്‍ മെസി ബ്രേക്ക് എടുത്തിരുന്നെന്നും എന്നാല്‍ തങ്ങള്‍ ഒരു വീഡിയോ കോള്‍ ചെയ്ത് അദ്ദേഹത്തെ തിരികെ വിളിച്ചതിന് ശേഷം സംഭവിച്ചതാണ് ഈ കാണുന്നതെല്ലാമെന്നും സ്‌കലോണി പറഞ്ഞു.
‘2018ല്‍ ഞാന്‍ അര്‍ജന്റീനയുടെ പരിശീലകനായി എത്തുമ്പോള്‍ മെസി ദേശീയ ടീമില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയായിരുന്നു. അന്ന് ഞങ്ങള്‍ ചെയ്തത് ഒരൊറ്റ കാര്യമായിരുന്നു. ഞങ്ങള്‍ മെസിക്ക് വീഡിയോ കോള്‍ ചെയ്തു.
എന്നിട്ട്, തിരികെ വരണമെന്നും ഞങ്ങള്‍ എല്ലാവരും അദ്ദേഹത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞു. എട്ട് മാസത്തിന് ശേഷം മെസി തിരികെയെത്തി ഒരു കിടിലന്‍ ഗ്രൂപ്പ് ഉണ്ടാക്കുകയും ചെയ്തു,’ സ്‌കലോണി പറഞ്ഞു.
മെസിയെ പരിശീലിപ്പിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണെന്നും അദ്ദേഹത്തിന് ടെക്നിക്കല്‍ വശങ്ങള്‍ പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ആകെ ചെയ്യാനുള്ളത് അറ്റാക്കിങ് ചെയ്യുമ്പോള്‍ എന്തെങ്കിലും നിര്‍ദേശം നല്‍കുക മാത്രമാണെന്നും എതിരാളിയില്‍ നിന്നുള്ള അപകടം മെസിക്ക് പെട്ടെന്ന് മനസിലാക്കാനാകുമെന്നും സ്‌കലോണി വ്യക്തമാക്കി.
സ്‌കലോണിക്ക് കീഴില്‍ 44 മത്സരങ്ങള്‍ കളിച്ച മെസി 32 ഗോളുകളാണ് സ്വന്തമാക്കിയത്. മെസിക്ക് ഏറ്റവും നല്ല റിസള്‍ട്ട് ഉണ്ടാക്കാന്‍ സഹായിച്ച പരിശീലകരില്‍ ഒരാള്‍ കൂടിയാണ് സ്‌കലോണി.
ലോകകപ്പ് വിജയത്തിന് ശേഷം യൂറോപ്പിലെ പല വമ്പന്‍ ക്ലബ്ബുകളും സ്‌കലോണിയെ നോട്ടമിട്ടതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും തന്റെ ഭാവി പദ്ധതികളെക്കുറിച്ച് അദ്ദേഹം ഒന്നും വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: Scaloni about Lionel Messi