| Sunday, 2nd December 2018, 12:56 pm

ഉച്ചത്തില്‍ പറയേണ്ട തലവന്‍ ഗാഢനിദ്രയിലായിരുന്നു; ജസ്റ്റിസ് ദീപക് മിശ്രയുടെ കീഴില്‍ സുപ്രീംകോടതി ശരിയായ ദിശയിലായിരുന്നില്ലെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദീപക് മിശ്ര ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ സുപ്രീംകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ ദിശയിലായിരുന്നില്ലെന്ന് വിരമിച്ച ജസ്റ്റിസ് കുര്യന്‍ ജോസഫ്. നേരായ ദിശയില്‍ പ്രവര്‍ത്തിക്കാന്‍ ദീപക് മിശ്രയോട് തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു എന്നും എന്നാല്‍ യാതൊരു മാറ്റവും സംഭവിച്ചില്ലെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.

തങ്ങളുടെ മുമ്പില്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തത് കൊണ്ടാണ് ഇക്കാര്യം രാജ്യത്തോട് പറഞ്ഞതെന്നും കുര്യന്‍ ജോസഫ് വ്യക്തമാക്കി. എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തിലാണ് കുര്യന്‍ ജോസഫ് ദീപക് മിശ്രയെ വിമര്‍ശിക്കുന്നത്.

ഞങ്ങളുടെ പദവിയെ രണ്ട് വിഭാഗങ്ങള്‍ നിരീക്ഷിച്ചിരുന്നു. അതിലൊന്നാണ് മാധ്യമങ്ങള്‍. നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കാവുന്ന തരത്തില്‍ അവബോധം നല്‍കാന്‍ ശ്രമിച്ചു. എന്നാല്‍, ഉച്ചത്തില്‍ പറയേണ്ട തലവന്‍ ഗാഢനിദ്രയിലായിരുന്നു. അതിനാലാണ് ഞങ്ങള്‍ പ്രതികരിച്ചത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ പരസ്യമായി വാര്‍ത്താ സമ്മേളനം നടത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിനു പ്രതികരിക്കുകയായിരുന്നു കുര്യന്‍ ജോസഫ്.


നീതിന്യായവ്യവസ്ഥയുടെ മേല്‍ഘടകങ്ങളില്‍ അഴിമതിയുണ്ടെന്ന വാദത്തെ അനുകൂലിക്കുന്നില്ല. താഴേത്തട്ടിലുള്ള നീതിന്യായ വ്യവസ്ഥയിലാണ് അഴിമതിയുള്ളത്. മേല്‍ഘടകങ്ങളില്‍ അഴിമതിയുള്ളതായി തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നീതിന്യായ വ്യവസ്ഥയുടെ വിവിധ തലത്തിലുള്ള ജഡ്ജിമാരുടെ സേവന കാലാവധി 70 വയസായി ഉയര്‍ത്തണം. ജഡ്ജിമാരുടെ പരിജ്ഞാനവും പാടവവും കേസുകള്‍ വേഗത്തില്‍ അവസാനിപ്പിക്കാന്‍ ഉപകരിക്കുമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് വ്യക്തമാക്കി.

രാജ്യത്തെ ഭരണഘടന എല്ലാ മതങ്ങളുടെ നല്ല മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകമാണ്. ഇന്ത്യ മതേതര രാജ്യമാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ മതേതരത്വത്തിന് വലിയ പ്രത്യേകതകളുണ്ട്. എല്ലാ മതങ്ങള്‍ക്കും അതിന്റേതായ സ്ഥാനം നല്‍കുന്നു. പൗരന്മാര്‍ക്ക് മതം വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനും അവകാശമുണ്ട്. എന്നാല്‍, മൗലികാവകാശങ്ങള്‍ ലംഘിക്കാന്‍ അനുവദിക്കുന്നില്ല എന്നതാണ് ഏക നിയന്ത്രണമെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് ചൂണ്ടിക്കാട്ടി.

അതേസമയം, ശബരിമലയിലെ സ്ത്രീപ്രവേശന വിധി പറയുന്ന ബെഞ്ചില്‍ നിന്നും താന്‍ മാറ്റപ്പെട്ടത് ചരിത്രം തെളിയിക്കേണ്ട സംഭവമാണെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ് നേരത്തെ പറഞ്ഞിരുന്നു. “ഓരോ കാലഘട്ടങ്ങളില്‍ കോടതികള്‍ ബെഞ്ചുകള്‍ പുനസംഘടിപ്പിക്കും. അതിനകത്ത് തെറ്റൊന്നുമില്ല. എന്നാല്‍ ശബരിമലയിലെ സ്ത്രീപ്രവേശന വിധി പറയുന്ന ബെഞ്ചില്‍ നിന്നും എന്തുകൊണ്ട് എന്നെ മാറ്റി നിര്‍ത്തി എന്നത് ഇപ്പോഴും വ്യക്തമല്ല” എന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞിരുന്നു.


ഇന്ത്യയുടെ വൈവിധ്യങ്ങളെ മനസ്സിലാക്കുന്ന, പ്രാദേശിക കാര്യങ്ങള്‍ അടുത്തറിയുന്ന ആളുകള്‍ വിധി കര്‍ത്താക്കളില്‍ ഉണ്ടായിരുന്നെങ്കില്‍ സുപ്രീം കോടതിയുടെ പല വിധികളിലും തിരുത്തലുകള്‍ക്ക് സാധ്യതയുണ്ടാകുമായിരുന്നു എന്നും കുര്യന്‍ ജോസഫ് പറഞ്ഞിരുന്നു.

സുപ്രിം കോടതിയില്‍ ഏറ്റവും കൂടുതല്‍ വിധി പ്രഖ്യാപിച്ച മലയാളി ജഡ്ജിയായ ജസ്റ്റിസ് കുര്യന്‍ ജോസഫ് കഴിഞ്ഞ ദിവസമാണ് വിരമിച്ചത്. അഞ്ച് വര്‍ഷം കൊണ്ട് 1034 വിധികള്‍ പുറപ്പെടുവിച്ചാണ് കുര്യന്‍ ജോസഫ് പടിയിറങ്ങയത്. മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്രക്ക് എതിരെ പ്രതിഷേധിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ മുതിര്‍ന്ന് ജഡ്ജിമാരുടെ കൂട്ടത്തിലും കുര്യന്‍ ജേസഫ് ഉണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more