| Tuesday, 16th April 2024, 12:53 pm

കോടതിയുടെ മുമ്പില്‍ കള്ളം പറയരുത്; രാംദേവിനെ താക്കീത് ചെയ്ത് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി എന്ന കേസില്‍ കോടതിക്ക് മുമ്പില്‍ കള്ളം പറയരുതെന്ന് രാംദേവിന് താക്കീത് നല്‍കി സുപ്രീം കോടതി. കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ടായിട്ടും എന്തുകൊണ്ടാണ് നിയമം തുടര്‍ച്ചയായി ലംഘിച്ചതെന്ന് രാംദേവിനോട് സുപ്രീം കോടതി ചോദിച്ചു.

നിയമത്തിന് മുന്നില്‍ രാംദേവ് അടക്കമുള്ളവര്‍ തുല്യരാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കമ്പനി ചെയ്തിരിക്കുന്നത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.

അതേസമയം കോടതിയലക്ഷ്യ കേസില്‍ വീണ്ടും രാംദേവ് മാപ്പപേക്ഷിച്ചു. തെറ്റിനെ ന്യായീകരിക്കുന്നില്ലെന്നും കോടതിക്ക് മുമ്പില്‍ മാപ്പ് അപേക്ഷിക്കുന്നതായും രാംദേവ് പറഞ്ഞു.

കേസില്‍ വാദം ഏപ്രില്‍ 23ന് വീണ്ടും കേള്‍ക്കുമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീന്‍ അമാനുല്ലയും അടങ്ങുന്ന ബെഞ്ചാണ് പതഞ്ജലിക്കെതിരെയുള്ള കേസ് പരിഗണിക്കുന്നത്. ഏപ്രില്‍ 23ന് കേസില്‍ കക്ഷി ചേര്‍ക്കപ്പെട്ടിട്ടുള്ള എല്ലാവരും ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പ് പതഞ്ജലിക്കെതിരെയുള്ള കേസില്‍ കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി പ്രതികരിച്ചിരുന്നു. പൊതുതാത്പര്യത്തിന് വിരുദ്ധമായ പരസ്യങ്ങളാണ് കമ്പനി നല്‍കിയിക്കുന്നതെന്നായിരുന്നു കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞത്. തുടര്‍ച്ചയായ സുപ്രീം കോടതിയുടെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയാണ് കേന്ദ്ര ആയുഷ് മന്ത്രാലയം സത്യവാങ്മൂലം സമര്‍പ്പിച്ചത്.

അലോപ്പതിക്കെതിരായ കമ്പനിയുടെ പരസ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാക്കാതെ കൊവിഡ് മരുന്നായ കൊറോനിലിന്റെ പരസ്യം നല്‍കരുതെന്ന് ആയുഷ് മന്ത്രാലയം കമ്പനിക്ക് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.

Content Highlight: SC warns Ramdev not to lie before court in misleading advertisement case

We use cookies to give you the best possible experience. Learn more