പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം താത്കാലിക ഭരണസമിതിക്ക്; മുന്‍ രാജകുടുംബത്തിന് ഭരണത്തില്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി
India
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം താത്കാലിക ഭരണസമിതിക്ക്; മുന്‍ രാജകുടുംബത്തിന് ഭരണത്തില്‍ അവകാശമുണ്ടെന്ന് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 13th July 2020, 11:18 am

ന്യൂദല്‍ഹി: തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശതര്‍ക്കത്തില്‍ തിരുവിതാംകൂര്‍ മുന്‍ രാജകുടുംബത്തിന് അനുകൂല വിധിയുമായി സുപ്രീംകോടതി.

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ മുന്‍ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അംഗീകരിച്ച സുപ്രീംകോടതി ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ മുന്‍ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതാവുന്നില്ലെന്ന് വ്യക്തമാക്കി.

പദ്മനാഭസ്വാമി ക്ഷേത്രം ഒരു പൊതുക്ഷേത്രമായി തുടരുമെന്നും എന്നാല്‍ അതിന്റെ നടത്തിപ്പില്‍ മുന്‍ രാജകുടുംബത്തിനും അവകാശമുണ്ടെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്.

ക്ഷേത്രഭരണത്തില്‍ അധികാരമുണ്ടെന്നും വിഷയത്തില്‍ ഹൈക്കോടതിയുടെ കണ്ടെത്തല്‍ തെറ്റാണെന്നും നൂറ്റാണ്ടുകളായി തുടര്‍ന്നുവന്നിരുന്ന രാജകുടുംബത്തിന്റെ ക്ഷേത്രഭരണം നിഷേധിക്കാനാവില്ലെന്നും കുടുംബം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ക്ഷേത്രഭരണം ഒരു പുതിയ ഭരണസമിതിയെ ഏല്‍പ്പിക്കണമെന്നുമായിരുന്നു മുന്‍ രാജകുടുംബത്തിന്റെ ആവശ്യം.

ഈ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു. ജില്ലാ ജഡ്ജി അധ്യക്ഷനായ ഒരു താത്കാലിക സമിതി തത്കാലത്തേക്ക് ക്ഷേത്ര ഭരണം തുടരണമെന്നും തുടര്‍ന്ന് മുന്‍ രാജകുടുംബ പ്രതിനിധിയും സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കണമെന്നും കോടതി പറഞ്ഞു.

ജസ്റ്റിസ് ആര്‍.എം.ലോധ, ജസ്റ്റിസ് എ.കെ.പട്‌നായിക് എന്നിവരടങ്ങിയ ബെഞ്ചാണ് പദ്മനാഭസ്വാമി ക്ഷേത്ര കേസ് ആദ്യം പരിഗണിച്ചത്. വിചാരണയ്ക്കിടെ ഇരുവരും വിരമിച്ചതോടെ ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസില്‍ ഇപ്പോള്‍ വിധി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ