ന്യൂദൽഹി: മുസ്‌ലിം സ്ത്രീകൾക്ക് ജീവനാംശം നൽകണമെന്ന സുപ്രീം കോടതി വിധി ഇസ്‌ലാമിക നിയമത്തിന് വിരുദ്ധമെന്ന് ഓൾ ഇന്ത്യ മുസ്‌ലിം വ്യക്തി നിയമ ബോർഡ് (എ.ഐ.എം.പി.എൽ.ബി). ഈ തീരുമാനം അസാധുവാക്കാൻ സാധ്യമായ എല്ലാ നടപടികളെ കുറിച്ചും ആലോചിക്കാൻ പ്രസിഡന്റിന് അധികാരം നൽകിയിട്ടുണ്ടെന്നും മുസ്‌ലിം വ്യക്തിനിയമ ബോർഡ് വ്യക്തമാക്കി. സംസ്ഥാനത്ത് കൊണ്ടുവന്ന ഏകീകൃത സിവിൽ കോഡ് ഉത്തരാഖണ്ഡ് ഹൈക്കോടതിയിൽ ചോദ്യം ചെയ്യാനും ബോർഡ് തീരുമാനിച്ചു.
സി.ആർ.പി.സി യുടെ 125-ാം വകുപ്പ് പ്രകാരം ഒരു മുസ്‌ലിം സ്ത്രീക്ക് ഭർത്താവിൽ നിന്ന് ജീവനാംശം തേടാമെന്നും ഈ നിയമം അവരുടെ മതം നോക്കാതെ എല്ലാ വിവാഹിതരായ സ്ത്രീകൾക്കും ബാധകമാണെന്നും സുപ്രീം കോടതി വിധിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് മുസ്‌ലിം വ്യക്തി നിയമ ബോർഡിന്റെ ഈ നീക്കം.
ഭാര്യയെ വിവാഹ മോചനം ചെയ്യുന്ന മുസ്‌ലിം പുരുഷൻ 1986ലെ മുസ്‌ലിം വ്യക്തി നിയമ പ്രകാരമുള്ള നഷ്ട പരിഹാരം നൽകിയാലും 1974ലെ സി.ആർ.പി.സി പ്രകാരം മാസം തോറും ചെലവിന് കൂടി നൽകണമെന്നായിരുന്നു ജസ്റ്റിസുമാരായ ബി.വി.നഗരത്ന അഗസ്റ്റിൻ ജോർജ് മസിഹ് എന്നിവരടങ്ങുന്ന ബെഞ്ചിന്റെ വിധി.
‘അനുവദനീയമായ എല്ലാ പ്രവൃത്തികളിലും ഏറ്റവും വെറുക്കപ്പെട്ടത് അള്ളാഹുവിന്റെ അടുക്കൽ വിവാഹമോചനമാണെന്ന് തിരുമേനി സൂചിപ്പിച്ചിരുന്നു, അതിനാൽ എല്ലാം പ്രയോഗിച്ച് വിവാഹം തുടരുന്നതാണ് അഭികാമ്യമെന്ന് ബോർഡ് ഊന്നിപ്പറഞ്ഞു. അത് സംരക്ഷിക്കുന്നതിനും വിശുദ്ധ ഖുർആനിൽ പറഞ്ഞിരിക്കുന്ന നിരവധി മാർഗനിർദേശങ്ങൾ പാലിക്കുന്നതിനുമുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. എന്നിരുന്നാലും, ദാമ്പത്യജീവിതം നിലനിർത്താൻ പ്രയാസമുണ്ടെങ്കിൽ, വിവാഹമോചനം മനുഷ്യരാശിക്ക് ഒരു പരിഹാരമായി നിർദ്ദേശിക്കപ്പെട്ടു,’ എ.ഐ.എം.പി.എൽ.ബി പറഞ്ഞു.
വേദനാജനകമായ ബന്ധത്തിൽ നിന്ന് കരകയറിയ സ്ത്രീകൾക്ക് ഈ വിധി കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും, അവർ വീണ്ടും ആ വേദനയിലേക്ക് തന്നെ പോകുന്നതിന് തുല്യമാണ് ഈ വിധിയെന്നും ബോർഡ് വ്യകത്മാക്കി.
നമ്മുടെ ബഹുമത, ബഹു-സാംസ്കാരിക രാജ്യത്ത് യു.സി.സി അപ്രായോഗികമാണെന്നും എ.ഐ.എം.പി.എൽ.ബി പറഞ്ഞു. അതിനാൽ ഇത് നടപ്പാക്കാനുള്ള ഏതൊരു ശ്രമവും രാജ്യത്തിൻ്റെ ആത്മാവിനും ന്യൂനപക്ഷങ്ങൾക്ക് ഉറപ്പുനൽകുന്ന അവകാശങ്ങൾക്കും എതിരാണെന്നും സംഘടന വ്യക്തമാക്കി.
ഭരണഘടന അനുശാസിക്കുന്ന മൗലികാവകാശമായ ആർട്ടിക്കിൾ 25 പ്രകാരം എല്ലാ മത സ്ഥാപനങ്ങൾക്കും അവരുടെ മതം ആചരിക്കാൻ അവകാശമുണ്ടെന്ന് ബോർഡ് ചൂണ്ടിക്കാട്ടി.
ഫലസ്തീൻ പ്രദേശം ഇസ്രഈൽ അനധികൃതമായി കൈവശപ്പെടുത്തി അവിടെയുള്ള മനുഷ്യരെ കുടിയിറക്കുകയും പൗരത്വരഹിതരാക്കുകയും ചെയ്ത നടപടി മാനുഷിക പ്രശ്നമാണെന്നും യോഗത്തിൽ പറഞ്ഞു. ഇന്ത്യ പോലെയുള്ള രാജ്യങ്ങൾ ഫലസ്തീൻ ജനതക്കൊപ്പം നിൽക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യോഗം ചൂണ്ടിക്കാട്ടി.
Content Highlight: SC verdict on maintenance to Muslim women against Islam: AIMPLB