| Monday, 25th August 2014, 2:29 pm

1993 മുതലുള്ള കല്‍ക്കരിപ്പാട ഇടപാട് സുപ്രീംകോടതി റദ്ദാക്കി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: 1993 മുതല്‍ 2011 കാലയളവില്‍ അനുവദിച്ച കല്‍ക്കരിപ്പാട ഇടപാട് സുപ്രീംകോടതി റദ്ദാക്കി. ഇക്കാലയളവിലെ ഇടപാട് സുതാര്യമല്ലെന്നാരോപിച്ചാണ് കോടതി റദ്ദാക്കിയത്. ഇടപാടില്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

ഇക്കാലയളവിലെ കല്‍ക്കരിപ്പാട അനുമതി സംബന്ധിച്ച കാര്യത്തെക്കുറിച്ച് അന്വേഷിക്കാന്‍ പുതിയ സമിതിയെ നിയമിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസില്‍ തുടര്‍വാദങ്ങള്‍ കേള്‍ക്കേണ്ടതുണ്ടെന്നും കോടതി അറിയിച്ചു. സെപ്റ്റംബര്‍ ഒന്ന് മുതല്‍ വാദം ആരംഭിക്കും. വിഷയത്തില്‍ അഡ്വക്കേറ്റ് ജനറല്‍ നാളെ വിശദീകരണം നല്‍കും.

അനധികൃതമായി അനുവദിച്ച കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ കണ്ടെത്തല്‍. ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

1993 മുതല്‍ 2009 വരെ അനുവദിച്ച കല്‍ക്കരിപ്പാടങ്ങള്‍ നിയമവിരുദ്ധമാണെന്നാണ് കോടതി കണ്ടെത്തല്‍. ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഒഡീഷ, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ അനുവദിച്ച 194 കല്‍ക്കരിപ്പാടങ്ങളിലാണ് സുതാര്യതയില്ലെന്ന് കോടതി കണ്ടെത്തിയത്.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത് ചട്ടങ്ങള്‍ പാലിക്കാതെയാണ്. മാര്‍ഗരേഖകള്‍ ലംഘിക്കപ്പെട്ടു. സ്‌ക്രീനിങ് കമ്മിറ്റിയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമാണെന്നും കോടതി കണ്ടെത്തി.

We use cookies to give you the best possible experience. Learn more