| Wednesday, 13th November 2019, 11:07 am

കര്‍ണാടകയിലെ എം.എല്‍.എമാരുടെ അയോഗ്യത ശരിവെച്ച് സുപ്രീം കോടതി; തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ 17 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിന്റെ നടപടി ശരിവെച്ച് സുപ്രീം കോടതി. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ എം.എല്‍.എമാര്‍ക്ക് മത്സരിക്കാമെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു.

ജസ്റ്റിസുമാരായ എന്‍.വി രമണ, സഞ്ജീവ് ഖന്ന, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. കൂറുമാറിയ കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹരജിയിലാണ് സുപ്രീംകോടതിയുടെ വിധി.

എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിന്റെ നടപടിയില്‍ തെറ്റില്ലെന്നും എന്നാല്‍ എം.എല്‍.മാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്നുമായിരുന്നു സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞത്.

ജൂലൈയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായിട്ടായിരുന്നു കൂറുമാറിയ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലെ 17 എം.എല്‍.എമാരെയും സ്പീക്കര്‍ അയോഗ്യരാക്കിയത്.

ഹരജിയില്‍ ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു. വിധി വരാനുള്ള സാഹചര്യത്തില്‍ കര്‍ണാടകയിലെ 15 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നേരത്തെ മാറ്റിവെച്ചിരുന്നു.

എം.എല്‍.എമാരെ ചാക്കിലാക്കാന്‍ അമിത്ഷായുടെ പിന്തുണയുണ്ടെന്ന് പറയുന്ന യെദ്യൂരപ്പയുടേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദ സന്ദേശവും കര്‍ണാടക കോണ്‍ഗ്രസ് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. അത് തങ്ങള്‍ പരിഗണിച്ചിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.

വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവെക്കുകയും ബി.ജെ.പി വീണ്ടും അധികാരത്തിലേറുകയുമായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എം.എല്‍.എമാരുടെ അയോഗ്യതയെത്തുടര്‍ന്ന് ഒഴിഞ്ഞുകിടന്ന 17 നിയമസഭാ സീറ്റുകളില്‍ 15 എണ്ണത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഡിസംബര്‍ 5 ന് നടക്കും.
നവംബര്‍ 11 നും നവംബര്‍ 18 നും ഇടയില്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ വിധി വരുന്നതുവരെ ഉപതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് അയോഗ്യരാക്കപ്പെട്ട എം.എല്‍.എമാര്‍ അടുത്തിടെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

അയോഗ്യരായ എം.എല്‍.എമാര്‍ക്ക് രാജിവെക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ സ്പീക്കര്‍ പ്രതികാരനടപടി സ്വീകരിക്കുകയായിരുന്നെന്നും എം.എല്‍.എമാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.

എന്നാല്‍ എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള പൂര്‍ണ അവകാശം സ്പീക്കര്‍ക്കുണ്ടെന്നും അദ്ദേഹത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്യാനാവില്ലെന്നും കര്‍ണാടക കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more