മുംബൈ: ഗവേഷണ ഡാറ്റ നഷ്ടപ്പെട്ടതിനെ തുടർന്ന് ദളിത് ഗവേഷകരായ ക്ഷിപ്ര ഉകെ, ശിവ് ശങ്കർ ദാസ് എന്നിവർക്കുണ്ടായ നാശനഷ്ടങ്ങളുടെ അളവ് വിലയിരുത്താൻ നാഗ്പൂർ കളക്ടറോട് നിർദേശിച്ച ബോംബെ ഹൈക്കോടതിയുടെ 2023 ലെ ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി.
പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം ഭൗതിക സ്വത്ത് നാശത്തിന് നഷ്ടപരിഹാരം നൽകാമെന്ന വിധി സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
പട്ടികജാതി വിഭാഗത്തിലെ അംഗങ്ങളും ന്യൂദൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി നേടിയവരുമായ ഡോ. ക്ഷിപ്ര കമലേഷ് ഉകെയും ഡോ. ശിവ് ശങ്കർ ദാസും തങ്ങളുടെ ഗവേഷണ വിവരങ്ങൾ നഷ്ടപ്പെട്ടതിന് ദേശീയ പട്ടികജാതി കമ്മീഷനിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
2023 നവംബർ 10ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് അവർക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. അവർക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ മഹാരാഷ്ട്ര സർക്കാരിനോട് ഉത്തരവിട്ടു.
എന്നാൽ 2025 ജനുവരി 24ന്, മഹാരാഷ്ട്ര സർക്കാർ ഇതിനെതിരെ ഒരു പ്രത്യേക ഹരജി (SLP) സുപ്രീം കോടതിയിൽ സമർപ്പിച്ചു. സുപ്രീം കോടതി ഈ ഹരജി തള്ളിക്കളഞ്ഞു. ബോംബെ ഹൈക്കോടതിയുടെ വിധി ശരിവച്ചു.
തങ്ങൾ ഒരു ഗവേഷണത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്നും നാഗ്പൂരിലെ വിവിധ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ സാമൂഹിക-രാഷ്ട്രീയ അവബോധത്തെക്കുറിച്ചുള്ള സർവേക്ക് വേണ്ടി 500 സാമ്പിളുകളുടെ ഗവേഷണ ഡാറ്റ ശേഖരിച്ചിട്ടുണ്ടെന്നും ഗവേഷകർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
നിങ്ങൾ ഒരു ദളിതനാണെങ്കിൽ വിദ്യാഭ്യാസം മാത്രമാണ് നിങ്ങളുടെ സ്വത്ത്. ആ സ്വത്ത് ആരെങ്കിലും തട്ടിയെടുത്താൽ നിങ്ങളുടെ സ്വപ്നങ്ങൾ നശിപ്പിക്കുകയും തുല്യ അവസരത്തിനുള്ള നിങ്ങളുടെ അവകാശം ഇല്ലാതാക്കുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾ എന്ത് ചെയ്യും? നിങ്ങൾ അത് ഉപേക്ഷിക്കരുത് പോരാടുക
ഡോ. ക്ഷിപ്ര കമലേഷ് ഉകെ
തങ്ങൾ നഗരത്തിന് പുറത്ത് പോകുമ്പോൾ, ബജാജ്‌നഗർ പൊലീസ് സ്റ്റേഷൻ്റെ ഒത്താശയോടെ ‘ഉന്നത’ ജാതിയിൽപ്പെട്ട തങ്ങളുടെ വീട്ടുടമയുടെ മകൻ ദമ്പതികൾ താമസിക്കുന്ന സ്ഥലത്തിൻ്റെ പൂട്ട് തകർത്ത് ശേഖരിച്ചിരുന്ന ഡാറ്റ മോഷ്ടിച്ച് കൊണ്ടുപോയി. ഈ സംഭവത്തെത്തുടർന്ന് ഗവേഷകർ പരാതി നൽകുകയും ദേശീയ പട്ടികജാതി കമ്മീഷനിൽ (എൻ.സി.എസ്.സി) നടപടി തേടുകയും ചെയ്തു. എന്നാൽ യാതൊരുവിധ പുരോഗതിയും ഉണ്ടായില്ല. പുരോഗതിയില്ലായ്മയിൽ അതൃപ്തരായ അവർ ഒരു ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചു.
ദേശീയ പട്ടികജാതി കമ്മീഷനിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും തങ്ങളുടെ പരാതിയിൽ അന്വേഷണം ആരംഭിക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് റിട്ട് ഹരജി നൽകേണ്ടി വന്നെന്നും ഗവേഷകർ ഹൈക്കോടതിയെ അറിയിച്ചു. കോടതിയുടെ നിർദേശത്തെത്തുടർന്ന് അന്വേഷണം ആരംഭിച്ച ദേശീയ കമ്മീഷൻ, അട്രോസിറ്റി ആക്ട് പ്രകാരം ദമ്പതികൾക്ക് അവരുടെ ഭൗതിക സ്വത്തിന് നാശനഷ്ടം വരുത്തിയതിന് നഷ്ടപരിഹാരം നൽകണമെന്ന് പറയുകയും ജോയിൻ്റ് കമ്മീഷണറുടെ നേതൃത്വത്തിൽ മൂന്ന് അംഗ പ്രത്യേക അന്വേഷണ സമിതി രൂപീകരിക്കുകയും ചെയ്തു.
നഷ്ടപരിഹാരം തിട്ടപ്പെടുത്താൻ നാഗ്പൂർ ജില്ലാ കളക്ടർക്ക് നിർദേശം നൽകിയപ്പോൾ, ‘ഭൗതിക സ്വത്ത്’ വസ്തുവായി കണക്കാക്കാമെന്ന് ജസ്റ്റിസുമാരായ വിനയ് ജോഷി, വാൽമീകി സാ മെനേസസ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.
അഴിമതിക്കാരായ പൊലീസ് ഉദ്യോഗസ്ഥരുമായി ഒത്തുചേർന്ന്, 2018 സെപ്റ്റംബർ എട്ടിന് നാഗ്പൂർ നഗരത്തിലെ ലക്ഷ്മി നഗറിലെ അവരുടെ വാടക വീട്ടിൽ വെച്ച് വീട്ടുടമ ദമ്പതികളുടെ റിസർച്ച് ഡാറ്റ മോഷ്ടിക്കുകയായിരുന്നു. ലാപ്‌ടോപ്പിലും പെൻഡ്രൈവുകളിലും സൂക്ഷിച്ചിരിക്കുന്ന , 5000 സർവേ സാമ്പിളുകൾ, അക്കാദമിക് പ്രസിദ്ധീകരണങ്ങൾ, സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ട് തുടങ്ങിയവ അവർക്ക് നഷ്ടമായി.
‘2015-ൽ ഞങ്ങൾ ദീക്ഷഭൂമിക്കടുത്ത് ഒരു വീട് വാടകയ്‌ക്കെടുത്തു. കെട്ടിടത്തിലും അയൽപക്കങ്ങളിലും ബ്രാഹ്മണർ ആധിപത്യം പുലർത്തിയിരുന്നു. രോഹിത് വെമുലയുടെ കൊലപാതകത്തെത്തുടർന്ന് ഞങ്ങൾ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെട്ടു. രോഹിത് വെമുല ഫൈറ്റ്സ് ബാക്ക് എന്ന ബാനറിന് കീഴിൽ ഞങ്ങൾ 10,000 പേർ പങ്കെടുത്ത ശക്തമായ പ്രതിഷേധ റാലിയെ അണിനിരത്തി നയിച്ചു.
2016 ജനുവരി 30ന് ഞങ്ങൾ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തേക്ക് ഒരു മാർച്ച് നടത്തി. ഞങ്ങളുടെ പ്രധാന മുദ്രാവാക്യം ആർ.എസ്.എസ് നിരോധിക്കുക എന്നതായിരുന്നു. പിന്നാലെ ഞങ്ങൾ അവരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇപ്പോൾ അവരുടെ റഡാറിൽ ഉണ്ടെന്നും ഞങ്ങളുടെ പരിചയക്കാരിൽ ചിലർ മുന്നറിയിപ്പ് നൽകി. ഞങ്ങൾ അത് അത്ര കാര്യമാക്കിയില്ല. 2016 ജൂലൈയിൽ ഞങ്ങളുടെ വീട്ടുടമസ്ഥൻ മരണപ്പെട്ടു. പിന്നാലെ അദ്ദേഹത്തിന്റെ മകൻ ഞങ്ങളോട് വീട് ഒഴിയാൻ ആവശ്യപ്പെട്ടു. ആ സമയത്ത് എട്ട് മാസം ഗർഭിണിയായിരുന്ന ക്ഷിപ്ര 24 മണിക്കൂറിനകം വീടൊഴിയാൻ സാധ്യമല്ലെന്ന് പറഞ്ഞു.
2018 ൽ, ഗവേഷണവുമായി ബന്ധപ്പെട്ട ജോലികൾക്കായി ഞങ്ങൾ ദൽഹിയിലായിരുന്നപ്പോൾ വീട്ടുടമസ്ഥൻ്റെ മകൻ ഞങ്ങളെ കാണണമെന്ന് ആവശ്യപ്പെട്ട് തുടർച്ചയായി വിളിക്കാൻ തുടങ്ങി. ഞങ്ങൾ നാഗ്പൂരിലേക്ക് മടങ്ങിയെത്തുമ്പോൾ അദ്ദേഹത്തെ കാണാമെന്ന് പറഞ്ഞു. എന്നാൽ ഞങ്ങൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ പൂട്ട് തകർന്ന് കിടക്കുന്നതായി കണ്ടു. ഞങ്ങളുടെ സാധനങ്ങൾ എല്ലാം മോഷ്ടിക്കപ്പെട്ടിരുന്നു.
ഉടൻ തന്നെ 100 ൽ വിളിച്ച് എഫ്.ഐ.ആർ ഫയൽ ചെയ്യാൻ ബജാജ് നഗർ പൊലീസ് സ്റ്റേഷനിലേക്ക് പോയി. പക്ഷെ അവർ ഞങ്ങളുടെ പരാതി സ്വീകരിച്ചില്ല. അന്വേഷണത്തിൽ, വീട്ടുടമയുടെ കൂടെ പൊലീസ് ഉദ്യോഗസ്ഥരും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് മനസിലായി. ഒടുവിൽ കേസ് എടുത്ത പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് മുമ്പ്, കുറ്റകൃത്യവുമായി ബന്ധപ്പെട്ട 16 പ്രധാന തെളിവുകളിൽ 11 എണ്ണം സ്വന്തം കസ്റ്റഡിയിൽ നിന്ന് ഇല്ലാതാക്കി,’ ശിവ് ശങ്കർ ദാസ് പറഞ്ഞു.
‘നിങ്ങൾ ഒരു ദളിതനാണെങ്കിൽ വിദ്യാഭ്യാസം മാത്രമാണ് നിങ്ങളുടെ സ്വത്ത്. ആ സ്വത്ത് ആരെങ്കിലും തട്ടിയെടുത്താൽ നിങ്ങളുടെ സ്വപ്നങ്ങൾ നശിപ്പിക്കുകയും തുല്യ അവസരത്തിനുള്ള നിങ്ങളുടെ അവകാശം ഇല്ലാതാക്കുകയും ചെയ്യുന്നുവെങ്കിൽ നിങ്ങൾ എന്ത് ചെയ്യും? നിങ്ങൾ അത് ഉപേക്ഷിക്കരുത് പോരാടുക,’ ഡോ. ക്ഷിപ്ര കമലേഷ് ഉകെ പറഞ്ഞു.
Content Highlight: SC upholds Dalit scholars’ right to compensation for loss of research data